പൂസായ നടന്‍ മണി വനപാലകരെ തല്ലി


Reporter

ചാലക്കുടി : അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ വച്ച് വനപാലകരെ സിനിമാതാരം കലാഭവന്‍ മണിയും സംഘവും മര്‍ദിച്ചു. വാഴച്ചാല്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ചാലക്കുടി എലിഞ്ഞിപ്ര ഉപ്പത്ത് വീട്ടില്‍ യു.ജി. രമേശന്‍ (51), ബീറ്റ് ഓഫിസര്‍ കായംകുളം തട്ടത്തില്‍ വീട്ടില്‍ രവീന്ദ്രന്‍ (48) എന്നിവരെയാണ് മര്‍ദിച്ചത്. പരുക്കേറ്റ ഇവരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീറ്റ് ഓഫിസര്‍ രവീന്ദ്രന്റെ പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നുള്ള തണ്ടര്‍ബോള്‍ട്ട് പരിശോധനയുടെ ഭാഗമായി അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ വച്ച് വാഴച്ചാല്‍ ഡിഎഫ്ഒ പ്രിന്‍സ് ജോസ് തെറ്റയിലിന്റെ നേതൃത്വത്തില്‍ വനപാലകര്‍ വാഹന പരിശോധനയ്ക്കായി നില്‍ക്കുമ്പോഴാണ് ബുധനാഴ്ച പുലര്‍ച്ചെ 12നും ഒരു മണിക്കും ഇടയില്‍ സംഭവം. കാര്‍ വരുന്നതു കണ്ട് കൈകാണിച്ച വനപാലകരുടെ അടുത്ത് കാര്‍ കൊണ്ടുവന്നു നിര്‍ത്തി. കാറില്‍ ഉണ്ടായിരുന്നവരോട് വാഹന പരിശോധനയ്ക്കായി കാറിന്റെ പുറക് ഭാഗം തുറക്കണമെന്നാവശ്യപ്പെട്ടു. വാഹനത്തിലെ ലൈറ്റിട്ടപ്പോഴാണ് കലാഭവന്‍ മണിയാണെന്നു വനപാലകര്‍ക്ക് മനസിലായത്. മദ്യലഹരിയിലായിരുന്നു കലാഭവന്‍ മണിയെന്നും വനപാലകര്‍. ഇതു കാരണം വാഹനപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്നു പറയുന്നു. മറിച്ച് വനപാലകരെ അസഭ്യം പറയുകയും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് നിങ്ങളെയും, കുടുംബത്തെയും എല്ലാം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

കാറില്‍ മണിയെ കൂടാതെ ഒരു യുവതിയടക്കം മൂന്നുപേര്‍ ഉണ്ടായിരുന്നു. വാക്ക് തര്‍ക്കത്തിനിടയില്‍ മണി പെട്ടെന്ന് കാര്‍ ഓടിച്ചു പോയി, വനപാലകര്‍ വശങ്ങളിലേക്കു ചാടി മാറിയതിനാല്‍ കാറിടിക്കാതെ രക്ഷപെടുകയായിരുന്നു. ചാലക്കുടി ഭാഗത്തേക്ക് ഓടിച്ചു പോയ കാര്‍ 15 മിനിറ്റിനു ശേഷം തിരികെ അമിതവേഗത്തില്‍ വരുകയും കാര്‍ നിര്‍ത്തി ഇറങ്ങിയ മണിയും സംഘവും വനപാലകരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഡോക്റ്റര്‍ എന്നു വിളിച്ചിരുന്ന ആളും, മണിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് വനപാലകര്‍ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന വൃദ്ധനായ ഒരാളും യുവതിയും ഒന്നും ചെയ്തില്ലെന്നും വനപാലകര്‍.

ക്രൂരമായി മര്‍ദത്തിനു ശേഷം മണിയും കൂട്ടരും വാഹനത്തില്‍ കയറി രക്ഷപെട്ടു. തുടര്‍ന്ന് വനപാലകര്‍ അതിരപ്പിള്ളി പൊലിസില്‍ വിവരമറിയിച്ചു. പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി കൊടുത്ത ശേഷമാണ് വനപാലകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനും കലാഭവന്‍ മണിക്കെതിരേ കേസെടുത്തതായി ചാലക്കുടി സിഐ വി.ടി. ഷാജന്‍. കാറില്‍ മണിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന ഇടുക്കി രാജാക്കാട് മാളിയേക്കല്‍ വീട്ടില്‍ ഡോ. ഗോപിനാഥന്റെ ഭാര്യ ജയ ഗോപിനാഥ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വനപാലകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വനപാലകര്‍ മര്‍ദിച്ചെന്നു പറഞ്ഞ് ഇന്നലെ ഉച്ചയോടെ കലാഭവന്‍ മണി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മണി ആശുപത്രി വിട്ടു.

PREVIOUS STORY