ഉയരങ്ങളിലെ ജോബി


reporter

പരിമിതികളെ അവഗണിച്ചും അതിജീവിച്ചും ജോബി സ്വന്തമാക്കിയത് തങ്കത്തിന്റ നിറം. അമെരിക്കയിലെ മിഷിഗണില്‍ തുടരുന്ന വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ ജോബി എറിഞ്ഞു വീഴ്ത്തിയത് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. ഗെയിംസിലെ കാറ്റഗറി മൂന്ന് വിഭാഗത്തില്‍ ജാവലിന്‍ ത്രോയിലും ഷോട്ട്പുട്ടിലും സ്വര്‍ണം വാരിയാണു ജോബി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നത്. ഡിസ്‌കസ് ത്രോയില്‍ നിന്നു വെള്ളിയും നേടി ജോബി താരമായിരിക്കുന്നു. 140 സെന്റീമീറ്ററില്‍ താഴെ ഉയരമുള്ളവര്‍ക്കായി നടത്തുന്ന ഡ്വാര്‍ഫ് മത്സരത്തില്‍ കന്നിയങ്കമായിരുന്നു ജോബിയുടേത്. കുഞ്ഞന്മാരുടെ കായിക മേളയില്‍ നിന്നു സ്വര്‍ണം എറിഞ്ഞു വീഴ്ത്തും മുന്‍പേ ജോബി മാത്യൂ എന്ന മുപ്പത്തിയാറുകാരനെ മലയാളികള്‍ക്കു പരിചിതം. ഉയരങ്ങള്‍ കീഴടക്കാന്‍ ഉയരം വേണ്ടെന്നു ഒന്നുകൂടി തെളിയിച്ചിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. പാലായിലെ അടുക്ക എന്ന ഗ്രാമത്തില്‍ നെലിവേലി വീട്ടില്‍ ഏലിക്കുട്ടിയുടെയും മാത്യുവിന്റെയും മകനായി പിറന്ന ജോബിയ്ക്കു ജന്മനാ രണ്ടു കാലുകളുമില്ലായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ അച്ഛനെയും നഷ്ടമായി ജോബിക്ക്. ഒന്നാം ക്ലാസിനു ശേഷം വികലാംഗര്‍ക്കുള്ള സ്‌കൂളിലേക്ക്. പിന്നീട് എല്‍എല്‍ബി, എം എ. ഇതിനിടയില്‍ സ്‌പോര്‍ട്‌സിനോടും ഇഷ്ടം കൂടിയിരുന്നു. പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, ഫെന്‍സിങ്ങ്, ജാവലിന്‍ ത്രോ, ഷോട് പുട്ട്, നീന്തല്‍, ടേബിള്‍ ടെന്നിസ്... ഇങ്ങനെ കായികലോകത്തിന്റെ പല വഴികളിലൂടെയും ജോബി മാത്യു സഞ്ചരിച്ചു. 2011 ല്‍ ഡല്‍ഹിയില്‍ ടേബിള്‍ ടെന്നിസ് മത്സരത്തില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ നേടിയാണു ജോബി സജീവമാകുന്നത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത മത്സരങ്ങളില്‍ പങ്കെടുത്തു.

PREVIOUS STORY