യുകെയിലെ ഹിമാലയപ്പെരുമ


reporter

യുകെയിലെ സ്വാന്‍സിയില്‍ നിന്നു ജോര്‍ജും കുടുംബവും കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തിലെ മേമ്മുറി മൂലേപ്പറമ്പിലെത്തി. ഇതിലെന്താണ് അത്ഭുതമെന്നു ചോദിക്കാന്‍ വരട്ടെ. ' എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രവാസി പെണ്‍കുട്ടി യുകെയില്‍ നിന്നു നാട്ടിലെത്തി ' - ഇങ്ങനെ പറയുമ്പോള്‍ വാര്‍ത്തയ്ക്കു പ്രസക്തി കൂടിയില്ലേ. മൂലേപ്പറമ്പില്‍ വിരുന്നുകാരെത്തുന്നത് എവറസ്റ്റിന്റെ നെറുകയില്‍ കയറിയ പെണ്‍കുട്ടിയുടെ വീട് എന്ന പ്രശസ്തി തിരിച്ചറിഞ്ഞാണ്. അഭിനന്ദിക്കാനും ആശംസ അറിയിക്കാനുമെത്തുന്നവരുടെ തിരക്കാണ് ഈ വീട്ടിലിപ്പോള്‍.
കാണാനെത്തുന്നവരോട് തന്റെ യാത്രയെക്കുറിച്ചു വിശദീകരിക്കലാണ് അനന്യ എന്ന പതിനാറു വയസുകാരിയുടെ ഇപ്പോഴത്തെ പ്രധാന ജോലി. പതിനേഴായിരം അടി ഉയരം വരെ യാത്ര ചെയ്തതിന്റെ അനുഭവങ്ങള്‍ പറയുകയാണ് അനന്യ.
2500 പൗണ്ട് മുടക്കിയാണ് എവറസ്റ്റ് യാത്ര പൂര്‍ത്തിയാക്കിയത്. ജീവകാരുണ്യം ലക്ഷ്യമിട്ട് നടത്തിയ ധനശേഖരണത്തില്‍ മുന്നൂറ് പൗണ്ട് യുകെയിലെ മലയാളികള്‍ സംഭാവന ചെയ്തിരുന്നു. സ്‌കൂളില്‍ മിഠായി വിറ്റും സഹോദരങ്ങളെ കൂട്ടി ടാലന്റ് ഷോ നടത്തിയും കുറച്ചു പണം കണ്ടെത്തി.
ഒരു വര്‍ഷത്തോളം വെയില്‍സിലെ പ്രേകൊന്‍ ബീകാന്‍ എന്ന മല കയറി. ഇതായിരുന്നു പ്രധാന പരിശീലനം. രണ്ടായിരം അടി ഉയരമുള്ള മല നാല്‍പതിലേറേ തവണ കയറിയിറങ്ങിയത് എവറസ്റ്റിലേക്കുള്ള യാത്രയില്‍ ഗുണം ചെയ്തു. കാഠ്മണ്ഡുവില്‍നിന്നു ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ എയര്‍പോര്‍ട്ടായ ലുക്ലയില്‍ നിന്നു പത്തു പേര്‍ക്ക് കയറാവുന്ന വിമാനത്തിലാണ് സംഘങ്ങളായി യാത്രയുടെ തുടക്കം. 2012 മാര്‍ച്ച് 24ന് 30 അംഗ ബ്രിട്ടീഷ് സംഘത്തിനൊപ്പം യാത്ര ആരംഭിച്ചു. കയറ്റത്തിന് 12 ദിവസം. ഇറക്കത്തിനു മൂന്നു ദിവസം. ഇതായിരുന്നു കണക്കുകൂട്ടല്‍. അയ്യായിരം അടിയിലേറേ ഉയരത്തിലേക്കുള്ള യാത്രയില്‍ അന്തരീക്ഷ വ്യത്യാസങ്ങളുമായി ശരീരം പൊരുത്തപ്പെടുന്നതിനുവേണ്ടി കയറ്റത്തിനു കൂടുതല്‍ ദിവസം എടുത്തു.
ദാന്‍ഗ്‌ഷേ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ താപനില രണ്ട് ഡിഗ്രിയിലേക്കു താണു. ശ്വാസതടസവും തലകറക്കവും വയറുവേദനയും തുടങ്ങി. ഇതിനിടെ ഹിമക്കാറ്റും. അതെല്ലാം തരണം ചെയ്യേണ്ടി വന്നു. കല്ലില്‍ തട്ടി പലയിടത്തും സംഘാംഗങ്ങള്‍ വീണു. അനന്യയുള്‍പ്പെടെ 30 അംഗ സംഘമാണ് യാത്ര തിരിച്ചത്. ഒമ്പത് പേര്‍ ഇടയ്ക്കു വച്ചു യാത്ര അവസാനിപ്പിച്ചു. ദുഃഖവെള്ളി ദിനമായ ഏപ്രില്‍ ആറിന് ലക്ഷ്യസ്ഥാനത്തെത്തി.
എവറസ്റ്റ് യാത്രയിലൂടെ നേടിയ പണം മുഴുവനും സംഭാവനയായി നല്‍കി. നേപ്പാളി ചില്‍ഡ്രന്‍സ് പ്രൊട്ടക്ഷന്‍സ് ഹോം, ബാലാ മന്ദിര്‍ എന്നീ അനാഥാലയങ്ങള്‍ക്കാണ് നല്‍കിയത്. 20 സ്യൂട്ട്‌കേസ് നിറയെ വസ്ത്രങ്ങള്‍ നേപ്പാളിലെ കുട്ടികള്‍ക്ക് കൈമാറി.
യുകെയില്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുകയാണ് അനന്യയുടെ പിതാവ് എം.സി. ജോര്‍ജ്. 12 വര്‍ഷമായി യുകെയില്‍ ജോലി നോക്കുന്ന ജോര്‍ജും കുടുംബവും അവധിക്കു നാട്ടിലെത്തിയിരിക്കുകയാണ്.

PREVIOUS STORY