അന്നു പെയ്ത മഴയില്‍


ഉജിയാബ്

കേരളഎക്‌സ്പ്രസ് വന്നതിന്റെ തിരക്കായിരുന്നു പ്ലാറ്റ്‌ഫോമില്‍. ആഴ്ചാവസാനം വീട്ടിലെത്താനുള്ളവരുടെ പരക്കംപാച്ചിലും വടക്കച്ചവടത്തിന്റെ ബഹളവും. പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ വാടിയ മുല്ലപ്പൂവിന്റെ മണമായി റെയ്ല്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഗോവണിപ്പടികള്‍ കയറുന്നു. ഇരുമ്പുരഞ്ഞ പാളങ്ങളില്‍ പകലിന്റെ യാത്രാമൊഴി. കൂടണയലിന്റെ വിഭ്രമങ്ങളങ്ങനെ കണ്ടു നില്‍ക്കാന്‍ നല്ല രസം. 'സമയമില്ല, എനിക്കും പോകണം. ' - ഉള്‍വിളി തികട്ടി. ടൈലുകള്‍ പതിച്ച ഗോവണിപ്പടിയില്‍ പലതരം ഷൂസുകളുടെ അടിക്കുറിപ്പുകള്‍. ചെരുപ്പുകള്‍ വരച്ചിട്ട ചിത്രങ്ങളും കടലാസു കഷണങ്ങളും നിലത്തു ചിതറിക്കിടക്കുന്നു. ഈ വഴിയിലൂടെ ഇന്ന് കടന്നു പോയവര്‍ ബാക്കി വച്ചത് ഇത്ര മാത്രം. ഒരു മഴയൊരുക്കത്തിന്റെ ചിതറലില്‍ അലങ്കോലമായ സായാഹ്നത്തിലേക്കാണ് ഇറങ്ങിച്ചെല്ലേങ്ങേണ്ടത്. കൂട്ടു വരാമെന്ന വിളികളോടെ റെയ്ല്‍വെ സ്‌റ്റേഷനു മുന്നില്‍ ഓട്ടോറിക്ഷകള്‍ കാത്തു നില്‍ക്കുന്നു. മഴ മാറുന്ന മട്ടില്ല. നാലു മണിക്കൂര്‍ നേരം ട്രെയ്‌നിന്റെ സീറ്റിനോട് ഒട്ടിയിരുന്ന സുഖത്തില്‍ നിന്നു മഴയിലേക്കിറങ്ങാന്‍ എന്നിട്ടും ഒരു മടി. ഇഷ്ടമല്ലാത്ത ചില പാട്ടുകള്‍ ഇങ്ങനെയുള്ള സമയത്തൊക്കെ നാവിന്‍തുമ്പിലെത്തും. എന്താണാവോ അതിനു പിന്നിലെ ഗൗളിശാസ്ത്രം. ലുഡാന്‍.... പെട്ടന്നാണ് ആ പേര് കണ്ണിലുടക്കിയത്. ചപ്പിലപ്പൂതംപോലെ നാലഞ്ചു വള്ളികളുള്ള ഒരു ബാഗിന്റെ പേരാണ് അത്. ബാഗ് തോളത്തിട്ട് പോര്‍ട്ടിക്കോയില്‍ ആരെയോ കാത്തു നില്‍ക്കുന്നു ഒരു ചുവപ്പു ചുരിദാറുകാരി. ഇറയത്തേയ്ക്ക് കാലു നീട്ടി മഴത്തുള്ളികളെ തൊടാന്‍ ശ്രമിക്കുകയാണ് അവളുടെ കൂടെയുള്ള പെണ്‍കുട്ടി. ഒരു പ്രാവശ്യംകൂടി ചുരിദാറുകാരിയുടെ മുഖത്തേയ്ക്കു നോക്കി. 'പ്രേമ....' പഴയസഹപാഠിയെ കണ്ണുകള്‍ തിരിച്ചറിഞ്ഞു. കുറേക്കാലത്തിനു ശേഷം കണ്ടുമുട്ടുന്ന സീന്‍. കഷ്ടിച്ച് രണ്ടു സെക്കന്റ് ദൈര്‍ഘ്യം. മനസില്‍ പതിഞ്ഞ രൂപങ്ങളില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കണ്ണിന് അത്രയും നേരം മതി.... ആദ്യാനുഭവം. ചില്ലു കുപ്പി നിലത്തു വീണതുപോലെ അവള്‍ ചിരിച്ചു. ഒറ്റനിമിഷംകൊണ്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ മാഞ്ഞു. പ്രേമയുടെ നെറ്റി അല്‍പ്പം കയറിയിട്ടുണ്ട്. കവിളത്ത് ഒന്നു രണ്ടു കറുത്ത പാടുകള്‍. പണ്ട് അതുണ്ടായിരുന്നില്ല, ഉറപ്പ് ! 'നിന്റെ കല്യാണം കഴിഞ്ഞില്ലേ...?' ഒരു ദശാബ്ദത്തിത്തിനുശേഷം കണ്ടപ്പോള്‍ അവള്‍ ആദ്യം ചോദിച്ചത് ഇതായിരുന്നു. ഇതാരെടാ ഇവന്‍ എന്ന സംശയത്തോടെ നോക്കി നില്‍ക്കുകയാണ് പ്രേമയുടെ കുട്ടികള്‍. മൂത്തത് പെണ്ണ്. ഇളയത് ഒരാണ്‍കുട്ടി. അഭീഷിനെപ്പോലെ മുഴങ്ങുന്ന ശബ്ദമാണ് അവനും. പ്രേമയും അതു സമ്മതിച്ചു. ചിറ്റൂരില്‍ നിന്ന് അങ്കിളിന്റെ മോന്‍ വരും കൂട്ടിക്കൊണ്ടുപോകാന്‍. - പ്രേമ പറഞ്ഞു. തിരുവല്ലയില്‍ നിന്ന് ഇടയ്ക്ക് ഇങ്ങനെ പാലക്കാട്ടേയ്ക്കു വരാറുണ്ടത്രെ അവര്‍. പക്ഷേ, ഞാനിതുവരെ കണ്ടില്ലല്ലോ. അല്ലെങ്കിലും നമ്മള്‍ നോക്കി നടക്കുന്നതൊന്നും നേരേ കണ്ണിനു മുന്നില്‍ വന്നു നില്‍ക്കാറില്ലല്ലോ ! വര്‍ഷത്തിലൊരിക്കലാണ് അഭീഷ് നാട്ടില്‍ വരിക. ഖത്തറിലാണ്. ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നു. പ്രേമ തിരുവല്ലയിലെ ഒരു സ്‌കൂളില്‍ ലൈബ്രേറിയന്‍. ലൈബ്രേറിയന്‍ പ്രേമ. മുരുക്കിന്‍ പൂവും അട്ടിന്‍ സൂപ്പും പോലെ. യാതൊരു ചേര്‍ച്ചയുമില്ല. ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ചെയര്‍പേഴ്‌സണ്‍. അപ്പോള്‍ പ്രേമയെ ലൈബ്രറിയുടെ ചുമതല ഏല്‍പ്പിക്കുമ്പോള്‍.... പ്രേമ പിന്നെയും ചിരിച്ചു. പണ്ടത്തേതുപോലെ. ചില പെണ്‍കുട്ടികള്‍ക്ക് ജന്മനാകിട്ടുന്ന സ്ത്രീധനമാണ് പൊടുന്നനെയുള്ള ചിരി. പൊരിവെയിലത്ത് ചാറ്റല്‍മഴ പോലെയാണത്. പ്രേമയെ കാണുമ്പോഴൊക്കെ അങ്ങനെ വിചാരിക്കാറുണ്ട്. മറ്റുള്ളവരിലേക്കു കുളിരു പകരുന്ന ഒരു എനര്‍ജിയുണ്ട് ആ ചിരിയില്‍. ഭാഗ്യം ചെയ്ത പെണ്‍കുട്ടികള്‍ക്കാണത്രെ അങ്ങനെ ചിരിക്കാന്‍ കഴിയുക. ഇതു പറഞ്ഞു തന്നത് പ്രേമയുടെ പഴയ ഒരു ആരാധകനാണ്. പക്ഷേ, പ്രേമയുടെ മുഖത്ത് ചിരിയുടെ ഭാഗ്യം തിളക്കം ചാര്‍ത്തിയതായി തോന്നിയിട്ടില്ല. കൂട്ടുകാരനെപ്പോലെ പ്രേമയോടു പെരുമാറിയിരുന്ന ഏട്ടന്റെ മരണം. അയാള്‍ക്ക് മുപ്പതു വയസുള്ളപ്പോഴായിരുന്നു അപകടം. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ തെളിയുന്നതിനു മുമ്പ് അമ്മയുടെ വേര്‍പാട്. ആ മമ്മിയായിരുന്നു അവള്‍ക്കെല്ലാം. പതിമൂന്നു വര്‍ഷം മുമ്പ് പിരിയുമ്പോള്‍ ഇതായിരുന്നു പ്രേമയെക്കുറിച്ചുള്ള പിക്ചര്‍. അമ്പലപ്പുഴ രാമവര്‍മ സാറിനെപ്പോലും ചിരിച്ചുകൊണ്ടു ചിരിപ്പിച്ച അതേ പ്രേമ അപ്രതീക്ഷിതമായി ഇതാ വീണ്ടും മുന്നില്‍. ഞാന്‍ പേടിച്ചതുപോലെയൊന്നും സംഭവിച്ചിട്ടില്ല. അവള്‍ ചിരിക്കാന്‍ മറന്നിട്ടില്ല... ചിറ്റൂരിലെ അങ്കിളിന്റെ കാര്‍ വന്നു. കുട്ടികള്‍ കാറില്‍ കയറി, അവളും. വണ്ടി പുറപ്പെട്ടു. പഴയ കൂട്ടുകാരനെ നോക്കി പ്രേമ പിന്നെയും ചിരിച്ചു...


കഴിഞ്ഞ കാലം വെറുമൊരു ചിത്രമാണ്. എന്നോ കണ്ട സിനിമ പോലെ വെറുതെ ഓര്‍ക്കാവുന്ന ചിത്രങ്ങള്‍. പഴയ ക്ലാസ്മുറിയില്‍ നിറഞ്ഞു ചിരിച്ച ദിവസങ്ങള്‍. അവിചാരിതമായി കണ്ടുമുട്ടിയ ഒരു കൂട്ടുകാരിയിലൂടെ ഓര്‍മകള്‍ ഈ സന്ധ്യയില്‍ പെയ്തിറങ്ങുകയാണ്. അതൊരു കുളിരായി മനസിലേക്കൊഴുകുന്നു.

PREVIOUS STORY