Only one SWETHA


reporter

ന്യൂയോര്‍ക്കില്‍ ബാര്‍ഡ് കോളേജിലെ സൈക്കോളജി വിഭാഗത്തില്‍ പഠിക്കുകയാണ് ശ്വേത എന്ന പെണ്‍കുട്ടി. മുംബൈയിലെ ഒരു തെരുവില്‍ നിന്നാണ് ശ്വേത ഇവിടെയെത്തിയത്. ചേരിയില്‍ നിന്നു ന്യൂയോര്‍ക്ക് വരെയുള്ള ദൂരത്തേയുള്ള യാത്രയില്‍ ശ്വേതയ്ക്കു തണലായത് സ്‌കോളര്‍ഷിപ്പാണ്. ദാരിദ്ര്യത്തിന്റെ ചേരിയില്‍ നിന്ന് അമേരിക്കയില്‍ പറന്നിറങ്ങിയ ശ്വേതയുടെ ജീവിതം ഓരോ ഇന്ത്യക്കാരുടെയും മനസാക്ഷിയുടെ നൊമ്പരംകൂടിയാണ്.
കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വന്ദന എന്ന ആ സ്ത്രീ ബോംബെയിലെത്തിയത്. വന്ദനയ്ക്ക് മൂന്നു പെണ്‍മക്കള്‍. ശ്വേതയും ഇളയ സഹോദരിമാരായ അഷിതയും ശ്രദ്ധയും. ഈ കുട്ടികളെ പോറ്റാനാണ് വന്ദന ബോംബെയിലേക്കു ട്രെയിന്‍ കയറിയത്. എത്തിപ്പെട്ടത് ചുവന്ന തെരുവ് എന്നു കൂടി വിശേഷണമുള്ള കാമാത്തിപുരയിലായിരുന്നു.

അമ്മയുടെ കഷ്ടപ്പാടുകള്‍ കണികണ്ടാണ് ശ്വേത വളര്‍ന്നത്. വളര്‍ത്തച്ഛനായി ജീവിതത്തില്‍ എത്തിയ മനുഷ്യന്റെ ക്രൂരതകളും ശ്വേതയും സഹോദരിമാരും ഏറ്റുവാങ്ങി. കാമാത്തിപുരയിലെ ജീവിതം ആ പെണ്‍കുട്ടികളെ ഭയപ്പെടുത്തി. വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് വിലയിടുന്ന തെരുവില്‍ അവര്‍ ഭയത്തോടെ കഴിഞ്ഞുകൂടി. പുരുഷന്റെ ആര്‍ത്തി പിടിച്ച നോട്ടങ്ങളിലേയ്ക്ക് വീണുപോകാവുന്ന ഇടം. രാവിലെ മുതല്‍ രാത്രി വരെ കൂടെകിടക്കാനുള്ള ക്ഷണങ്ങള്‍. മൂന്നു പെണ്‍മക്കളെ മാറോടു ചേര്‍ത്തു പിടിച്ച് വന്ദന രാവുകള്‍ തള്ളിനീക്കി. മക്കളെ പഠിപ്പിച്ചു.
ആ തെരുവില്‍ ജീവിതം മെഴുകുതിരിപോലെ ഉരുക്കിക്കളയാന്‍ ശ്വേതയ്ക്കു കഴിഞ്ഞില്ല. സ്വന്തം അമ്മയെപ്പോലെ വേദനയോടെ കഴിയുന്ന ഒരുപാട് അമ്മമാരെ ശ്വേത ഓരോ ദിവസവും കണ്ടു. ക്രാന്തി എന്ന സോഷ്യല്‍ ചാരിറ്റി സംഘടനയില്‍ അവള്‍ അംഗത്വം നേടി. അധികം വൈകാതെ ആ സംഘടനയുടെ നേതൃത്വം ശ്വേത ഏറ്റെടുത്തു. മാധ്യമങ്ങള്‍ ശ്രദ്ധിച്ചു അവളെ. ആഗോള തലത്തില്‍ ശ്രദ്ധേയരായ ഇരുപത്തഞ്ചു പെണ്‍കുട്ടികളെ ന്യൂസ് വീക്ക് എന്ന മാഗസിന്‍ തെരഞ്ഞെടുത്തപ്പോള്‍ അക്കൂട്ടത്തിലൊരാളായി ശ്വേതയുണ്ടായിരുന്നു. അധികം വൈകാതെ ന്യൂയോര്‍ക്കില്‍ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് ശ്വേതയെ തേടിയെത്തി. പതിനെട്ടാമത്തെ വയസില്‍ കാമാത്തിപുരയില്‍ നിന്ന് അമേരിക്കയിലേക്കു പഠിക്കാന്‍ പോകുന്ന ആദ്യത്തെ പെണ്‍കുട്ടിയെന്ന വിശേഷണവും ശ്വേതയ്ക്കു സ്വന്തം.
ബാര്‍ഡ് കോളെജിലേക്കാണു ശ്വേതയ്ക്ക് അഡ്മിഷന്‍. സൈക്കോളജിയാണ് ശ്വേത തെരഞ്ഞെടുത്തിട്ടുള്ള സബ്ജക്റ്റ്. തൊലിക്കട്ടിയുള്ള പെണ്‍കുട്ടി, ശ്വേത സ്വയം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. കാമാത്തിപുരം നല്‍കിയതു പീഡനങ്ങളും അവഹേളനങ്ങളും മാത്രം. അറിയുന്നതിലും ഏറെ ഭീകരമാണു കാമാത്തിപുരത്തെ കാഴ്ചകള്‍,അവള്‍ പറയുന്നു. കുട്ടിക്കാലം തൊട്ടേ കഷ്ടപ്പാടുകളും ഉപദ്രവങ്ങളുമാണു നേരിട്ടത്. ഏതു നേരത്തുവേണമെങ്കിലും പൊലീസ് വന്നു കയറും. അവരുടെ പരാക്രമവും സ്ത്രീകള്‍ക്കു നേരേ. ഇവിടെയുള്ളവര്‍ ഒരിക്കലും സന്തോഷിക്കുന്നില്ല.
പുരുഷന്മാര്‍ കൂടെക്കിടക്കാന്‍ വിളിക്കും. ഏറെ ആളുകള്‍ ഉപദ്രവിച്ചിട്ടുണ്ട്. വളര്‍ത്തച്ഛന്‍ പോലും ഉപദ്രവിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ കരയാതിരിക്കാന്‍ അമ്മ പറയും. നീ നല്ല കുട്ടിയാണ്. നിനക്ക് എല്ലാം നേടാനാകും. നിനക്കതിനു കഴിയും. ജീവിക്കാന്‍ പ്രേരിപ്പിച്ചത് അമ്മയാണ്. അമ്മയുടെ ജീവിതമാണ്.
സ്‌കൂളില്‍ നിന്നും ഇവള്‍ക്കു ദുരിതങ്ങളാണു നേരിടേണ്ടി വന്നത്. നിറത്തിന്റെ പേരില്‍, ദാരിദ്ര്യത്തിന്റെ പേരില്‍.
ചുവന്നതെരുവില്‍ നിന്നു പെണ്‍കുട്ടികളെ രക്ഷപെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണു ക്രാന്തി. ഇവര്‍ രക്ഷിച്ച കുറച്ചു പേര്‍ സംഘടനയുടെ കീഴില്‍ വടക്കന്‍ മുംബൈയിലാണു താമസിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ശ്വേതയും അവിടെയെത്തി. അമ്മ വന്ദന ഇപ്പോള്‍ ഫാക്റ്ററി തൊഴിലാളിയാണ്.
ചുവന്ന തെരുവു പോലുള്ള ഇടങ്ങളിലെ സ്ത്രീകളെ കണ്ടു സഹതപിക്കുന്നവരുണ്ട്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കഴിയുന്നവരെ രക്ഷപെടുത്താനാണു ശ്രമിക്കേണ്ടതെന്നു പറയുന്നു ക്രാന്തിയുടെ സ്ഥാപകന്‍ റോബിന്‍ ചൗരസ്യ.
തനിക്ക് ഇതൊരു സാഹസിക യാത്രയാണ്. പുതിയ സ്ഥലം, പുതിയ ആളുകള്‍, പുതിയ സംസ്‌കാരം...യാത്രയ്ക്കും അവിടുത്തെ ചെലവിനുമുള്ള പണത്തിലേറെയും ശ്വേത തന്നെ കണ്ടെത്തി. നിരവധി പേര്‍ സഹായിച്ചു. ശ്വേതയ്ക്കു വേണ്ടി പല സംഘടനകളും ഫണ്ട് റെയ്‌സിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. അവിടെയൊക്കെ എത്തി ശ്വേത തന്റെ ജീവിതകഥ പറഞ്ഞു.
സംസാരിക്കുമ്പോഴൊക്കെ കരയാതിരിക്കാന്‍ ശ്രമിച്ചു. പലപ്പോഴും അതിനു കഴിഞ്ഞില്ല. എന്നാല്‍ കരച്ചിലടക്കി ശ്വേത സംസാരിച്ചു. കാമാത്തിപുരം എന്ന പ്രദേശത്തിന്റെ ഇരയാകാതിരിക്കാന്‍ എനിക്കു കഴിഞ്ഞു. ന്യൂസ് വീക്കിന്റെ ലിസ്റ്റില്‍ വന്നത്, ഇപ്പോള്‍ അമെരിക്കയില്‍ പഠിക്കാന്‍ പോകുന്നത്...ഇതൊന്നും അമാനുഷികമല്ല. അവസരമാണു എന്നെ രക്ഷപെടുത്തിയത്. എന്റേത് ഒരു വീരഗാഥയൊന്നുമല്ല. പക്ഷേ, ഈ കഥ കേട്ടു ചുവന്ന തെരുവില്‍ നിന്ന് ഒരാളെങ്കിലും രക്ഷപെട്ടാല്‍...ഒരു പെണ്‍കുട്ടിയെയെങ്കിലും രക്ഷപെടുത്താന്‍ മറ്റാര്‍ക്കെങ്കിലും തോന്നിയാല്‍...അതിനാണ് ഇതു പറയുന്നത്.
എയര്‍പോര്‍ട്ടില്‍ വന്നതു മുതല്‍ അമ്മ കരയുന്നത് ശ്വേത ശ്രദ്ധിച്ചു. ക്രാന്തിയുടെ പ്രവര്‍ത്തകരും ശ്വേതയുടെ സുഹൃത്തുക്കളും അവരെ ആശ്വസിപ്പിച്ചു, ശ്വേതയെ യാത്രയാക്കി.

PREVIOUS STORY