മുഖം നോക്കാതെ അഭിപ്രായങ്ങള്‍...


reporter

സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ സ്വഭാവം അങ്ങനെയാണ്. പറയാനുള്ള കാര്യങ്ങള്‍ മറച്ചു വയ്ക്കില്ല. വെട്ടിത്തുറന്നു സംസാരിക്കുന്നതാണ് ശീലം. ഡിപ്ലോമാറ്റിക്കായ വാക്കുകളിലൂടെ മറുപടി പറയുന്നതാണ് രീതി. മലയാള സിനിമയില്‍ മുപ്പതു വര്‍ഷത്തോളം പയറ്റിത്തെളിഞ്ഞതിന്റെ തഴമ്പ് സുരേഷ്‌ഗോപിയുടെ വാക്കുകളിലും പ്രവൃത്തിയിലുമുണ്ട്. കാലംകൊണ്ട അളക്കുകയാണെങ്കില്‍ 1965ല്‍ തുടങ്ങിയതാണ് അഭിനയം. പക്ഷേ, സുരേഷ്‌ഗോപിയെന്ന നടന്‍ മലയാള സിനിമയില്‍ ലയിച്ചത് 1985നു ശേഷമാണ്. തൊട്ടാല്‍ പൊള്ളുന്ന ചൂടുമായി ഓരോ സീനുകളിലും തിളച്ചു മറിഞ്ഞ് സുരേഷ് ഗോപി സൂപ്പര്‍സ്റ്റാറായി. ടിവി പ്രോഗ്രാമിലെ അവതാരകനായി വീടുകളുടെ പൂമുഖത്ത് നിറഞ്ഞു നിന്നു. നല്ല കുടുംബസ്ഥനായി മലയാളികളുടെ വിശേഷ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. അപ്പോഴെല്ലാം പലതരം ജീവിത സാഹചര്യങ്ങളില്‍ സങ്കടപ്പെടുന്ന മനുഷ്യരോടൊപ്പം നില്‍ക്കാന്‍ സുരേഷ്‌ഗോപി സമയം കണ്ടെത്തി. ദേഷ്യപ്പെടാത്ത, കടിച്ചാല്‍പൊട്ടാത്ത വാക്കുകള്‍ പറയാത്ത സുരേഷ്‌ഗോപിയെ മലയാളികള്‍ അങ്ങനെ കൂടുതല്‍ അടുത്തറിഞ്ഞു.
ആട്ടക്കാരനായും ആക്രമണകാരിയായും കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുള്ള സുരേഷ്‌ഗോപി അഭിനയ രംഗത്ത് പുതിയ ചില ട്വിസ്റ്റുകള്‍ വരുത്തുകയാണ്. അനിവാര്യമെന്നു സ്വയം തിരിച്ചറിഞ്ഞ തീരുമാനമാണിതെന്ന് തിരുവനന്തപുരത്ത് ഒരു പ്രസ് കോണ്‍ഫറന്‍സിലാണ് സുരേഷ്‌ഗോപി പറഞ്ഞത്.
ഷങ്കറിന്റെ സിനിമയിലെ സസ്‌പെന്‍സ് പൊട്ടിക്കുകയാണ്...... - സുരേഷ്‌ഗോപി പറഞ്ഞു തുടങ്ങി. ഐ എന്ന സിനിമയില്‍ എന്റേത് വില്ലന്‍ കഥാപാത്രമാണ്. ഞെട്ടിപ്പിക്കുന്ന കഥാപാത്രം. വിക്രമാണ് നായകന്‍. ഞാന്‍ തന്നെ ചെയ്യണമെന്ന് ശങ്കറിന് നിര്‍ബന്ധമായിരുന്നു. പ്രത്യേകതകള്‍ ഏറെയുണ്ട് ഈ വേഷത്തിന്. പ്രേക്ഷകര്‍ക്ക് ഈ വില്ലനെ ഇഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ട്. അത്തരത്തിലാണ് കഥാപാത്രത്തിന്റെ പാത്രസൃഷ്ടി.
എന്നെ ഏതെങ്കിലും താരത്തിന്റെ ക്യാമ്പില്‍ ചേര്‍ത്ത് എന്റെ മക്കളുടെ അന്നം മുട്ടിക്കരുത്. എന്നെ ദ്രോഹിക്കരുത്. കുറച്ച് പടങ്ങളുണ്ട്. മമ്മൂട്ടിയുമായുള്ള പ്രശ്‌നമൊക്കെ വളരെ പെഴ്‌സണലാണ്. സിനിമയെ ബാധിക്കുന്നതോ സമൂഹത്തെ ബാധിക്കുന്നതോ ഒന്നുമല്ല. സിനിമയില്‍ വന്ന സമയത്തുള്ള സൗഹൃദം. ആ സൗഹൃദത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ സ്ഫുടം ചെയ്‌തെടുത്തിട്ടുണ്ട്. ആ മുഹൂര്‍ത്തങ്ങളൊന്നും ഒരു പിണക്കത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്തുകളയാനാവില്ല. ആ ബഹുമാനമുണ്ട്. പക്ഷേ ചില കണ്‍സ്‌ട്രെയ്ന്‍സ് വരും. അതില്ലെങ്കില്‍പ്പിന്നെ നമ്മള്‍ മനുഷ്യരാവില്ലല്ലോ. പക്ഷേ, പ്രശ്‌നത്തിന്റെ കാരണം പറഞ്ഞു മാന്യത കളയാന്‍ ഞാനില്ല. പലരും നിരവധി കാരണങ്ങള്‍ പറയുന്നുണ്ടാകും. പറയട്ടെ. അതു ഞാന്‍ സഹിക്കും. പക്ഷേ, ക്ഷമിക്കില്ല. ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പോകുന്നതാണ് എന്റെ ജീവിതം.

ന്യൂജനറേഷന്‍ സിനിമകളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ചിരി വരുമെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ മാത്രമാണ് ന്യൂജനറേഷന്‍ സിനിമ എന്ന വിശേഷത്തിന് അര്‍ഹതയുള്ള സിനിമയെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ നിലവിലുള്ള മാതൃകകളെ തകര്‍ക്കുന്നതാണ് ന്യൂജനറേഷന്‍ സിനിമ. അങ്ങനെയൊരു സിനിമയേ മലയാളത്തില്‍ കണ്ടിട്ടുള്ളൂ. അത് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനാണ്. അതിനു മുന്‍പും ശേഷവും ഇതുപോലൊരു സിനിമ കണ്ടിട്ടില്ല. - സുരേഷ്‌ഗോപി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ അടുത്ത് എനിക്ക് ഏപ്പോള്‍ വേണമെങ്കിലും പോകാം. കെ. മുരളീധരന്റെയടുത്ത് ചെല്ലാം, രമേശ് ചെന്നിത്തലയുടെയടുത്തും തിരുവഞ്ചൂരിന്റെയടുത്തും കോടിയേരിയുടെ അടുത്തും വി.എസ്. അച്യുതാനന്ദന്റെയടുത്തും പിണറായി വിജയന്റെയടുത്തും നരേന്ദ്രമോഡിയുടെ അടുത്തും ചെല്ലാം. അത്തരമൊരു സ്ഥാനമാനമാണ് ഞാന്‍ നേടിയെടുത്തത്. അര്‍ഹിക്കുന്നവര്‍ക്ക് എല്ലാവരുടെയും അടുത്തുനിന്ന് ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുന്ന ഒരു ബ്രോക്കറായി പ്രവര്‍ത്തിക്കാനാണ് എനിക്കു താത്പര്യം. പിന്നെ മത്സരിക്കാനാണ് നിയോഗം എങ്കില്‍ അതും സംഭവിച്ചേക്കാം.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ പറയുന്നുണ്ട്. ഈ സിസ്റ്റം മാറണം. ഇപ്പോഴത്തെ ജനാധിപത്യസംവിധാനത്തിന് ഒരു യോഗ്യതയുമില്ല. അത് മാറണം. കേരളത്തിലും ഇന്ത്യയിലും 2ജി പുകഞ്ഞുനില്‍ക്കുമ്പോള്‍ത്തന്നെ കനിമൊഴി വീണ്ടും രാജ്യസഭയില്‍ കയറുന്നു. നാട്ടുകാരന്റെ ഹൃദയം എന്താണ്? ഇന്ത്യാക്കാരന്റെ ഹൃദയം എന്താണ്.? അവന്റെ നികുതിപ്പണം എന്താണ്? അവന്റെ മുഖം എന്താ ക്ലോസറ്റാണോ? - സുരേഷ് ഗോപി ചോദിക്കുന്നു.
അണ്ണാ ഹസാരെയും അരവിന്ദ് കേജരിവാളും വന്നാലും ഇവിടത്തെ സിസ്റ്റത്തിന്റെ ഭാഗമായാല്‍ അവരും പിശാചുക്കളാകും. അതുകൊണ്ടുതന്നെ സിസ്റ്റം മാറണം. സ്വാതന്ത്ര്യം കിട്ടിയശേഷം നമുക്ക് ലഭിച്ച ആദ്യത്തെ റിസള്‍ട്ട് ഒരു കലാപമായിരുന്നു, മതസ്പര്‍ധയായിരുന്നു. അതല്ലേ ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നത്. നമ്മള്‍ എവിടെ സ്വതന്ത്രരായി. ശുദ്ധീകരണം അത്യാവശ്യമാണ്. നരേന്ദ്രമോഡിയുടെ വികസന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുക മാത്രമല്ല, നമിക്കുന്നു. - രാഷ്ട്രീയമായ കാഴ്ചപ്പാടുകള്‍ സുരേഷ്‌ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപി എന്ന വ്യക്തിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഇംഗ്ലിഷ് സാഹിത്യം വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സിലബസുകളില്‍ സാഹിത്യകൃതികള്‍ക്ക് വലിയ പങ്കാളിത്തം ഉണ്ടാകുന്നില്ല. സാമൂഹ്യ സാംസ്‌കാരിക ജീവിതങ്ങളില്‍ മൂല്ല്യച്ച്യുതിക്ക് കാരണമാകുന്നത് സിലബസുകളിലെ സാഹിത്യകൃതികളുടെ അഭാവമാണ്. ബിരുദ, ബിരുദാന്തര പഠനകാലയളവില്‍ ഇംഗ്ലിഷ് സാഹിത്യത്തെ അടുത്തറിയാന്‍ കഴിഞ്ഞിരുന്നു. റോബര്‍ട്ട് ഫ്രോസ്റ്റിന്റെയും റാല്‍ഫിന്റെയുമൊക്കെ കൃതികള്‍ തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചു. ജീവിതത്തിലുണ്ടാകുന്ന പിഴവുകളും പാളിച്ചകളും ഒഴിവാക്കാന്‍ സാഹിത്യപരിചയം അത്യാവശ്യമാണ്. പക്ഷേ, എന്തുകൊണ്ടോ നമ്മുടെ സിലബസില്‍ ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടാകുന്നില്ല.
ജനാധിപത്യ സംവിധാനത്തിനുള്ളില്‍ നിന്നു വേണം മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍. അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ തയാറാകണം. എന്നെ സംബന്ധിച്ചിടത്തോളം മാനസികമായും ശാരീരികമായും പരസ്പരം ഇഷ്ടം തോന്നുമ്പോഴാണു വിവാഹം കഴിക്കേണ്ടത്. ഞാന്‍ രാധികയെ വിവാഹം കഴിക്കുമ്പോള്‍ പതിനെട്ടര വയസായിരുന്നു അവളുടെ പ്രായം. നിയമലംഘനത്തില്‍ നിന്നും കഷ്ടിച്ചാണ് ഞാന്‍ രക്ഷപെട്ടത്. തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ തട്ടിയെടുത്തവന്‍ എന്ന് ശോഭനയും ഗൗതമിയും എന്നെ കളിയാക്കാറുണ്ടായിരുന്നു. എന്റെ പെണ്‍മക്കളുടെ പക്ഷത്തു നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അച്ഛനെന്ന നിലയില്‍ ഞാനതിനു പ്രാധാന്യം കൊടുക്കുന്നു. ഇരുപത്തിമൂന്നു വയസിനു ശേഷമേ എന്നെ വിവാഹം കഴിപ്പിച്ചയ്ക്കാവൂ എന്നാണ് മകള്‍ ഭാഗ്യ പറയുന്നത്. ജോലിയായശേഷം മതി വിവാഹമെന്നാണ് ഭാഗ്‌നിയുടെ നിലപാട്. അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പമാണ് ഞാന്‍. അതാണ് എന്റെ നിലപാട്. വിവാഹപ്രായം സംബന്ധിച്ച വിവാദങ്ങള്‍ മതപരമായതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. വിവാദങ്ങള്‍ സൃഷ്ടിക്കാനും താത്പര്യമില്ല.
ഞാന്‍ അഭിനയത്തൊഴിലാളിയാണ്, അത്രമാത്രം. എനിക്ക് ചില നല്ല അവസരങ്ങള്‍ കിട്ടി. അത് ഞാന്‍ മനോഹരമായി വിനിയോഗിച്ചു. അതുകണ്ട, അംഗീകരിച്ച ഒരു ജനവിഭാഗത്തിന്റെ ഹൃദയത്തില്‍ ഒരു സിംഹാസനം കിട്ടി. ആ സിംഹാസനത്തില്‍ ഇരിക്കുന്ന ഒരു നടന്‍.

PREVIOUS STORY