മലയാള സിനിമയില്‍ അഭിനയിക്കണം


reporter

ബോളിവുഡ് നടി രേഖ റാണയ്ക്ക് ഒരു ആഗ്രഹം. മലയാളത്തില്‍ അഭിനയിക്കണം. ഡല്‍ഹി രാഷ്ട്രീയം പശ്ചാത്തലമാക്കിയ അബ് ഹോഗാ ധര്‍ണ അണ്‍ലിമിറ്റഡ് ആയിരുന്നു ആദ്യ സിനിമ. അഭിനയത്തില്‍ അത്ര മോശമല്ല എന്ന പരാമര്‍ശം സിനിമ നേടിത്തന്നു. ബോക്‌സോഫീസിലും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ ആത്മവിശ്വാസത്തിലാണ് താരയിലേക്ക് കടക്കുന്നത്.
ബോളിവുഡിലെ മാസ്റ്റര്‍ ഫിലിം മേക്കറിലൊരാളായ കുമാര്‍ രാജ് ആണ് താരയുടെ സംവിധായകന്‍. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. കഴിഞ്ഞ ജൂലൈയിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. അതിനു മുമ്പു തന്നെ പല ഫിലിംഫെസ്റ്റിവലുകളിലും മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്‌കാരം ലഭിച്ചതിനാല്‍ ബോക്‌സോഫീസിലും ചിത്രം നല്ല ശ്രദ്ധ നേടി. നാടന്‍ പെണ്‍കുട്ടിയായ താര കരുത്തുറ്റ കഥാപാത്രമാണ്. ജീവിക്കാന്‍ വേണ്ടിയുള്ള അവളുടെ ചെറുത്തുനില്‍പ്പുകള്‍ എവിടെയും എല്ലാ കാലത്തും പ്രസക്തമായ പ്രമേയമാണ് ചര്‍ച്ച ചെയ്തത്. ശരിക്കും താര എന്നെ ഒരു താരമാക്കിയെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നാല്‍ ഇനി ലഭിക്കാന്‍ പോകുന്ന ഓരോ വേഷവും എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാരണം എനിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച നടിയാകണം. ആദ്യം മുതല്‍ തന്നെ കുടുംബത്തില്‍ നിന്ന് എന്റെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് അതു നേടിയെടുക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

ഡല്‍ഹിയിലാണ് പഠിച്ചതും വളര്‍ന്നതും. സ്‌കൂള്‍ പഠന കാലത്തു തന്നെ നാടകാഭിനയത്തില്‍ സജീവമായിരുന്നു. സ്‌കൂള്‍ നാടകങ്ങളായിരുന്നു ആദ്യ പരിശീലനക്കളരി. അഭിനയമാണ് വഴിയെന്ന് അന്നേ തോന്നിയിരുന്നു. പില്‍ക്കാലത്ത് അത് ശക്തമായി. പിന്നെ അഭിനയം പ്രഫഷനായി തന്നെ എടുക്കാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തലത്തില്‍ ികച്ച നടിയായി പല തവണ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആത്മവിശ്വാസവുമായാണ് ഡിഗ്രി പഠനത്തിനു ചേരുന്നത്. ഡല്‍ഹി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സില്‍ നിന്നുമാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. അതിനു ശേഷം അഭിനേത്രിയാവുക എന്ന ലക്ഷ്യം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ.

ഡിഗ്രി പഠനത്തിനു ശേഷം അഭിനയം പഠിക്കാന്‍ ബാരി ജോണ്‍ ആക്ടിംഗ് സ്‌കൂളില്‍ ചേര്‍ന്നതാണ് ജീവിതത്തിലും കരിയറിലും വഴിത്തിരിവായത്. ഷാരുഖ് ഖാന്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ സ്‌കൂളിന്റെ പ്രോഡക്ടുകളാണ്. ഇവിടെ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ മികച്ച സംവിധായകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുള്ള ദിനേശ് താക്കൂറിനൊടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ 70 ഓളം നാടകങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. എന്റെ അഭിനയത്തെ നന്നായി പരുവപ്പെടുത്തിയെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുള്ളതാണ്. ഇതിനു ശേഷമാണ് മോഡലിംഗ് രംഗത്തേക്കു കടക്കുന്നത്. അവിടെ നിന്നും നേരേ സിനിമയിലേക്ക്.

PREVIOUS STORY