നാഷണല്‍ അവാര്‍ഡിന്റെ ഗ്രാമീണത


reporter

ഗീതാഞ്ജലി ഥാപ്പ, ഇത്തവണത്തെ ദേശീയ അവാര്‍ഡ് ജേതാവ്. 2012 -ലെ കേരള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഏഷ്യന്‍ ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ട കെ.എം. കമലിന്റെ ഐ ഡി എന്ന ചിത്രത്തിലെ നായികയാണ് ഈ ഗീതാഞ്ജലി ഥാപ്പ.

ചാരു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പെട്ടെന്നു മറക്കാനുമാവില്ല. ലോസ് ആഞ്ചലസ് ഫിലിം ഫെസ്റ്റിവലിലും മാഡ്രിഡ് ഫിലിം ഫെസ്റ്റിവലിലും ഗീതാഞ്ജലി ഥാപ്പ മികച്ച നടിയായി അംഗീകരിക്കപ്പെട്ടു. രണ്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ പുരസ്‌കാരങ്ങളുടെ നേട്ടവുമായാണു ലയേഴ്‌സ് ഡയസിലെ കമലയായി ഗീതാഞ്ജലി രംഗപ്രവേശം ചെയ്യുന്നത്. മലയാളിയായ ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ലയേഴ്‌സ് ഡയസിലെ വളരെ ശക്തവും കരുത്തുറ്റതുമായ കഥാപാത്രമാണ് കമല.

ഹിമാലയത്തിന്റെ ഉയരങ്ങളില്‍ നിന്നെത്തിയ കമല മൂന്നു വയസുകാരി മന്യയുടെ അമ്മയാണ്. ഡല്‍ഹിയില്‍ നിര്‍മാണത്തൊഴിലാളിയാണു ഭര്‍ത്താവ്. പക്ഷേ, കഴിഞ്ഞ അഞ്ചു മാസമായി ഭര്‍ത്താവിനെക്കുറിച്ചു യാതൊരു അറിവുമില്ലായെന്നുള്ളത് അവളെ വല്ലാത്ത പരിഭ്രാന്തിയിലാഴ്ത്തി. അദ്ദേഹത്തിന്റെ കത്തുകള്‍ ലഭിക്കുന്നില്ല, അവള്‍ സെല്‍ഫോണില്‍ വിളിക്കുമ്പോള്‍ പ്രതികരണവുമില്ല. ഒടുവില്‍ മഞ്ഞു പുതഞ്ഞു കിടക്കുന്ന മലനിരകളിലെ പാതയിലൂടെ അവള്‍ മകളോടൊപ്പം ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങുന്നു. രാജീവ് രവിയുടെ ഛായാഗ്രഹണവും ജോണ്‍ ബോസ്റ്ററുടെ സംഗീതവും ബി. അജിത്കുമാറിന്റെ എഡിറ്റിംഗും 104 മിനിറ്റു നേരം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്. രാജീവ് രവിക്കും ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചു.

വെള്ളിത്തിരയുടെ വിസ്മയ ലോകത്തിലേക്ക് ഗീതാഞ്ജലി ഥാപ്പ ആകസ്മികമായി എത്തിച്ചേര്‍ന്നതാണെന്ന് പറയാം. വേണമെങ്കില്‍ ഒരു സിനിമാക്കഥപോലെയെന്നും വിശേഷിപ്പിക്കാം. പശ്ചിമ സിക്കിമിലെ ബിസിനസ് കുടുംബത്തിലെ അംഗമാണു ഗീതാഞ്ജലി . സിക്കിമില്‍ ബോളിവുഡ് സിനിമകള്‍ കണ്ടു വളര്‍ന്ന ബാല്യം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നേരേ കോല്‍ക്കത്ത ഭവാനിപുര്‍ കോളജിലേക്ക്. ലക്ഷ്യം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഗീതാഞ്ജലിയെ മെഡിസിന് അയയ്ക്കാനായിരുന്നു വീട്ടുകാര്‍ക്കു താത്പര്യം. എന്നാല്‍, മോഡലിംഗിനോടായിരുന്നു ഗീതാഞ്ജലിയുടെ ഭ്രമം. 2007 ല്‍ ആസാമിലെ ഗോഹട്ടിയില്‍ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ മെഗാ മിസ് നോര്‍ത്ത് ഈസ്റ്റായും ഗീതാഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു. അതിനു തൊട്ടുമുമ്പേ മിത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ, ഗീതാഞ്ജലിയുടെ പ്രഥമ ചലച്ചിത്രം ടീനാ കീ ചാബി ആണ്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ആ ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അടുത്ത ചിത്രമായിരുന്നു കമലിന്റെ ഐഡി. അങ്ങനെ, മോഡലാവുക എന്ന സ്വപ്നവുമായി വീടുവിട്ടിറങ്ങിയ ഗ്രാമീണ പെണ്‍കുട്ടി വെള്ളിത്തിരയിലെ ഏറ്റവും ശ്രദ്ധേയമായ താരമായി. ജീവിതത്തിന്റെ ഒരു ദശയിലും താനൊരു ചലച്ചിത്രതാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്ന് ഗീതാഞ്ജലി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഗീതാഞ്ജലി അഭിനയിച്ച അമിത്കുമാറിന്റെ മണ്‍സൂണ്‍ ഷൂട്ട് ഔട്ട് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

ലയേഴ്‌സ് ഡയസിലെ അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായ ഗീതാഞ്ജലി ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ മികവിനായി നന്നായി പ്രയത്‌നിച്ചു. കമല എന്ന കഥാപാത്രം ഹിമാചല്‍പ്രദേശിലെ ചിത്കുലിലെ ചെറിയ ഗ്രാമത്തിലേതാണ്. അതുകൊണ്ടുതന്നെ ആ ശരീരഭാഷയും മാനറിസങ്ങളും ഏറെക്കുറെ അനായാസമായി സിക്കിംകാരിയായ തനിക്കു ചെയ്യാന്‍ സാധിച്ചുവെന്നും ഗീതാഞ്ജലി പറ ഞ്ഞു.

PREVIOUS STORY