ഛോട്ടി ബഹന്‍


reporter

സ്മൃതി ഇറാനി. കേന്ദ്രമന്ത്രി സഭയില്‍ മാനവവിഭവശേഷി മന്ത്രി. അതിനപ്പുറം നരേന്ദ്രമോഡിയുടെ മന്ത്രിസഭയില്‍ സ്മൃതിക്ക് സ്ഥാനമുണ്ട്. നരേന്ദ്ര മോദിയുടെ ഇന്നര്‍ സര്‍ക്കിള്‍ മെംബര്‍ എന്നാണ് സ്മൃതിയെ വിശേഷിപ്പിക്കുന്നത്. കുറച്ചു ദിവസം മുമ്പ് അമേത്തിയില്‍ പ്രചരണത്തിന് എത്തിയപ്പോള്‍ സ്മൃതിയെ നരേന്ദ്രമോഡി വിളിച്ചത് ഛോട്ടി ബഹന്‍ എന്നാണ്. ഒരു കാലത്ത് നരേന്ദ്രമോഡിയുടെ രാജിക്കുവേണ്ടി മരണം വരെ ഉപവസിക്കാനൊരുങ്ങിയ യുവതിയാണ് സ്മൃതി. 2004 ലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ വൈകാരിക സന്ദര്‍ഭത്തിലായിരുന്നു അത്. ഗുജറാത്തിലെ പ്രശ്‌നങ്ങളാണ് പാര്‍ട്ടിയുടെ പരാജയത്തിനു കാരണം, മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. ഇല്ലെങ്കില്‍ മരണം വരെ ഉപവസിക്കും എന്ന് സ്മൃതി പറഞ്ഞിരുന്നു. അതെല്ലാം പഴയ കഥ. ഇപ്പോള്‍ സ്മൃതിയുടെ സ്ഥാനം കേന്ദ്രമന്ത്രിസഭയില്‍ മുന്‍നിരയിലാണ്.

അമ്മ, അനുജത്തിമാര്‍...പതിനാറാം വയസില്‍ത്തന്നെ സ്വന്തം വരുമാനത്തെക്കുറിച്ച് ആലോചിക്കാതെ നിവൃത്തിയില്ലായിരുന്നു സ്മൃതി മല്‍ഹോത്രയ്ക്ക്. ഡല്‍ഹിയില്‍, ജന്‍പഥില്‍ വഴിയിരികില്‍ നിന്നു സാധനങ്ങള്‍ വിറ്റ് ദിവസം ഇരുനൂറു രൂപ സമ്പാദിച്ചിരുന്ന കാലം. വസന്ത് വിഹാറിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളില്‍ നിന്നു പഠിച്ചിറങ്ങിയ കാലം മുതല്‍ ജോലിക്കു ശ്രമിച്ചു തുടങ്ങി. എന്നും രണ്ടും മൂന്നും ഇന്റര്‍വ്യൂകള്‍. ജോലി മാത്രം കിട്ടുന്നില്ല. ഒരിക്കല്‍ അനുജത്തി പറഞ്ഞു, നീ ഇങ്ങനെ എന്നും ഇന്റര്‍വ്യൂവിനു പോകുന്നതല്ലാതെ ജോലി കിട്ടാത്തതെന്താ? നാളെ ഞാനും വരും നിന്റെ കൂടെ. നീ എല്ലായിടത്തും എന്തോ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അറിയണമല്ലോ...

പിറ്റേന്ന് ജെറ്റ് എയര്‍വേസിന്റെ എയര്‍ഹോസ്റ്റസ് ട്രെയിനിങ്ങിന്റേയും മക്‌ഡൊണാള്‍ഡിലുമാണ് ഇന്റര്‍വ്യൂ. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. എയര്‍ഹോസ്റ്റസ് ട്രെയിനിങ്ങിന് സെലക്ഷന്‍ കിട്ടിയില്ല. അപ്പോള്‍ അനുജത്തി ഇടപെട്ടു, എന്തായാലും കൂടെ വന്നതല്ലേ, ഞാന്‍ ഒന്നു ട്രൈ ചെയ്യട്ടേ...എനിക്കു കിട്ടാത്തതാ ഇവള്‍ക്കു കിട്ടുന്നത് എന്ന ഭാവത്തില്‍ സ്മൃതി സമ്മതിച്ചു. എന്നാല്‍ അനുജത്തിക്കു സെലക്ഷന്‍ കിട്ടുന്നത് കാണേണ്ടി വന്നു ചേച്ചിക്ക്. ജെറ്റ് എയര്‍വേസിന്റെ പടികള്‍ ഇറങ്ങി മക്‌ഡൊണാള്‍ഡില്‍ എത്താന്‍ തിടുക്കപ്പെടുമ്പോള്‍ സ്മൃതി മനസില്‍ കരുതി, കുറച്ചു നാള്‍ അനുജത്തിയുടെ ചലവില്‍ കഴിയേണ്ടി വരും. മക്‌ഡൊണാള്‍ഡില്‍ ചെന്നപ്പോള്‍ അവിടെ ഇന്റര്‍വ്യൂ കഴിഞ്ഞിരുന്നു. എന്നാലും സ്മൃതി ചോദിച്ചു, എന്തെങ്കിലും ജോലി ബാക്കിയുണ്ടോ? അതിഥികള്‍ക്ക് വാതില്‍ തുറന്നു കൊടുത്ത് വെല്‍ക്കം റ്റു മക്‌ഡൊണാള്‍ഡ് എന്നു പറയുക, മേശയും തറയും വൃത്തിയാക്കുക തുടങ്ങിയ ജോലികളാണ് അവശേഷിച്ചിരുന്നത്. ഒട്ടും മടിച്ചില്ല, സ്മൃതി അതു സ്വീകരിച്ചു.

വലിയ സ്വപ്നങ്ങളുമായി ആ പെണ്‍കുട്ടി ജീവിച്ചു തുടങ്ങുകയായിരുന്നു. 1998ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലിസ്റ്റായതാണ് സ്മൃതിയുടെ ജീവിതത്തിലെ ആദ്യത്തെ പ്രധാന വഴിത്തിരിവ്. മോഡലിങ്ങിന്റെ കാലം. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ് തുള്‍സി വിരാനി എന്ന കഥാപാത്രം സ്മൃതിയുടെ തലവര മാറ്റിക്കളഞ്ഞു. ക്യോം കി സാസ് ഭി കഭി ബഹു ഥി എന്ന ടെലിവിഷന്‍ പരമ്പരയിലെ ഈ കഥാപാത്രം പാരമ്പര്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു വീട്ടിലെ മരുമകള്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ ഉദാത്ത മാതൃകയായി. പിന്നെയുള്ള എട്ടു വര്‍ഷം ആ പരമ്പര തുടര്‍ന്നു. സ്മൃതി എന്ന പേരു മാഞ്ഞു, എവിടെ ചെന്നാലും എല്ലാവരും തുള്‍സി എന്നു വിളിച്ചു തുടങ്ങി. 2001ലായിരുന്നു സുബിന്‍ ഇറാനിയുമായുള്ള വിവാഹം. രണ്ടു മക്കള്‍ സോഹറും സോയിഷും. സുബിന്റെ ആദ്യ വിവഹത്തിലെ മകള്‍ ഷാനെല്ലെയക്കും സ്മൃതി തന്നെ അമ്മ.

2003ല്‍ രാഷ്ട്രീയ പ്രവേശം. 2004ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാന്ദ്‌നി ചൗക്കില്‍ നിന്നു തോല്‍വി. 2010ല്‍ മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ. 2011 മുതല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗം. ഞാന്‍ ഭാഗ്യം ചെയ്ത സ്ത്രീയാണ്. ഒരു സാധരണ കുടുംബത്തില്‍ ജനിച്ചിട്ടും അവസരങ്ങള്‍ കിട്ടി എന്നതാണ് എന്റെ ഭാഗ്യം, ഒരിക്കല്‍ സ്മൃതി പറഞ്ഞു. കേന്ദ്രമന്ത്രിയായതിനു ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതും ഭാഗ്യം.

പണ്ടൊരിക്കല്‍ മുംബൈയില്‍ വച്ച് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നു സ്മൃതി. പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു വരുന്നു. വൈകാതെ ഈ സ്റ്റേഷനിലെ പൊലീസുകാരുടെ ഭാര്യമാര്‍ ഒന്നിച്ച് എത്തുന്നു. ഞങ്ങളുടെ തുള്‍സിയെ ആരാണ് അറസ്റ്റ് ചെയ്തതെന്നു ചോദിക്കുന്നു. വൈകാതെ സ്മൃതിയെ മോചിപ്പിക്കുന്നു...സ്മൃതിയുടെ ദേഷ്യം, ഹ്യൂമര്‍ സെന്‍സ്, ഏത് സാഹചര്യവും നേരിടാനുള്ള ഗട്ട്‌സ്...ഇങ്ങനെ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി വീരേതിഹാസങ്ങളും ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ട് ഇന്റര്‍നെറ്റിലും അല്ലാതെയും.

PREVIOUS STORY