ഫാഷനില്‍ ഒരേയൊരു സഞ്ജന ജോണ്‍


reporter

കൊച്ചിയില്‍ ആദ്യത്തെ ബ്യൂട്ടിപാര്‍ലര്‍ മൈ ഫെയര്‍ ലേഡി ആരംഭിച്ച ശശി എബ്രഹാമിന്റെ മകളും പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ സഹോദരിയുമായ സഞ്ജന ചെറിയ ഇടവേളയ്ക്ക് ശേഷം ജന്മനാട്ടിലേക്കെത്തി. കൂട്ടിന് അമ്മ ശശി എബ്രഹാമും ഉണ്ട്. സേവ് ഗേള്‍ ചൈല്‍ഡ് എന്ന തീമിലാണ് സഞ്ജന വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ത്രീശക്തിയുടെ പ്രതീകങ്ങള്‍ ശക്തമായ നിറങ്ങളിലൂടെ അവതരിപ്പിക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞ വസ്ത്രങ്ങളാണ് ഫാഷന്‍ ഷോയില്‍ ഉള്‍പ്പെടുത്തുക. സ്ത്രീശാക്തീകരണം ആരംഭിക്കേണ്ടതു ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെയാണ്. ഒരു പെണ്‍കുഞ്ഞിനു ജനിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് മുതല്‍ സ്ത്രീശാക്തീകരണം ആരംഭിക്കുകയാണെന്നാണു സഞ്ജന പറയുന്നത്.
കുട്ടിക്കാലം തൊട്ടേ വസ്ത്രങ്ങളോടും ആഭരണങ്ങളോടും കമ്പം തോന്നിയിരുന്നു. സാരിയുടുക്കാനും ആഭരണങ്ങള്‍ അണിയാനും ഇഷ്ടമായിരുന്നു. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തുള്ള അമ്മ വീട്ടില്‍ പോകുന്ന കാലം, ഒരു പക്ഷെ അന്നാളുകളില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമുള്ള ജീവിതമാണ് ഡിസൈനര്‍ ലോകത്തിലേക്ക് എത്തിക്കുന്നത്. നാഗര്‍കോവിലും തിരുവനന്തപുരവും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായിരുന്നതിനാല്‍ വ്യത്യസ്ത സംസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അപ്പൂപ്പനും അമ്മൂമ്മയുമായ കുര്യന്‍ എബ്രഹാമും അമ്മിണി എബ്രഹാമും.. ഇവരാണ് ജീവിതത്തിലേക്ക് വസ്ത്രങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തുന്നത്. നിറമുള്ള സാരികളും അതിനു യോജിക്കുന്ന ആഭരണങ്ങളുമാണ് അമ്മൂമ്മ ഉപയോഗിച്ചിരുന്നത്. ഈ ആഭരണങ്ങളില്‍ ഏറെയും വീട്ടില്‍ തന്നെയാണു നിര്‍മിക്കുന്നത്. അതൊക്കെ കണ്ടു വളര്‍ന്നതു കൊണ്ടാകാം ആദ്യനാളുകളില്‍ ആഭരണങ്ങളാണ് നിര്‍മിച്ചത്. പിന്നീട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസക്കാലത്താണ് ലണ്ടനിലേക്ക് പോകുന്നത്.

അമ്മയുടെ കൈ പിടിച്ച് നടന്നവഴികള്‍. അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച പള്ളിക്കൂടം. ഈ ഓര്‍മകളിലൂടെ ഒരിക്കല്‍ കൂടി നടക്കണമെന്ന മോഹം ബാക്കി നില്‍ക്കുന്നുണ്ട് സഞ്ജനയ്ക്ക്. സ്‌കൂളില്‍ കൂടെ പഠിച്ച കൂട്ടുകാരുമായൊന്നും അത്ര അടുപ്പമൊന്നുമില്ല.. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പേ വിദേശത്തേക്ക് പോയതല്ലേ. അന്നത്തെക്കാലത്ത് ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളൊന്നുമില്ലല്ലോ. എങ്കിലും പണ്ട് പഠിച്ച ഭാരതീയ വിദ്യാഭവനിലേക്കും സെന്റ് തെരാസസിലേക്കുമൊക്കെ വീണ്ടും പോകണമെന്ന ആഗ്രഹവും തുറന്നു പറയുന്നു സഞ്ജന.
എറണാകുളത്തെ ബിടിഎച്ച് ഹോട്ടലില്‍ നിന്ന് മസാല ദോശ കഴിക്കുന്നതും ലോട്ടസ് ക്ലബിലും രാമവര്‍മ ക്ലബിലും ബാഡ്മിന്റണ്‍ കളിക്കാന്‍ പോകുന്നതും ഏറെ ആവേശത്തോടെയാണ് സഞ്ജന ഓര്‍ക്കുന്നത്. കേരളത്തിന്റെ മാത്രം ഗന്ധം നിറഞ്ഞ സദ്യയും വറുത്തരച്ച മീന്‍കറിയും. ഇതു പറയുമ്പോഴേ സഞ്ജനയുടെ വായില്‍ വെള്ളമൂറി. പഴംപൊരിയാണ് ഇഷ്ട ഭക്ഷണം. ആനന്ദിനും പഴം പൊരി വലിയ ഇഷ്ടമാണെന്നു പറഞ്ഞു തീരും മുന്‍പേ സഞ്ജനയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

കേരളത്തിന്റെ വര്‍ണങ്ങള്‍ ആഗോള ഫാഷന്‍ വേദിയില്‍ അവതരിപ്പിച്ച ആനന്ദ് ജോണ്‍. സഞ്ജനയുടെ സഹോദരന്‍. അമെരിക്കന്‍ ജയിലില്‍ 59 വര്‍ഷത്തെ തടവ് ശിക്ഷയനുഭിക്കുകയാണിന്ന്. സഞ്ജനയുടെ ഏറ്റവും വലിയ സങ്കടമാണിത്. കോടതിയില്‍ പോരാട്ടം തുടരുകയാണ്. നീതി ലഭിക്കുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ആഘോഷവുമില്ല, ആനന്ദിനെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമേയുള്ളൂ. ആനന്ദ് വീട്ടിലേക്ക് തിരികെ വരുന്നതാണ് ഞങ്ങളുടെ സ്വപ്നം സഞ്ജനയും ശശിയും ഒരുമിച്ചു പറയുന്നു.

PREVIOUS STORY