എന്നും മിന്നുന്ന താരം


Reporter

ബോളിവുഡ് സിനിമയിലെ ഇതിഹാസം രാജ്കപൂറിന്റെ കൊച്ചുമകള്‍ക്ക് സിനിമയെന്നതു പാരമ്പര്യം തന്നെയാണ്. മറ്റാരുമല്ല, കരീന കപൂറാണ് ഈ നായിക.

ചലച്ചിത്ര താരങ്ങളായ രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടെയും രണ്ട് പെണ്‍മക്കളും സിനിമയിലെത്തിയത് യാദൃശ്ചികമല്ല. കൂട്ടത്തില്‍ ആദ്യഘട്ടം കരിഷ്മയുടേതായിരുന്നു. തൊണ്ണൂറുകള്‍ മുഴുവനും കരിഷ്മയുടെ പിന്നാലെയായിരുന്നു ബോളിവുഡ് ലോകം. പിന്നീട് കരിഷ്മ വിവാഹജീവിതത്തിലേക്ക് പിന്‍വാങ്ങിയതോടെ കരീന സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തി. ചേച്ചിയേക്കാള്‍ തിളങ്ങുന്ന താരമായി കരീന മാറുകയും ചെയ്തു.

ഹൃത്വിക്ക് റോഷന്റെ നായികയായി കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ 2000ന്റെ തുടക്കത്തിലാണ് കരീന സിനിമയിലെത്തുന്നത്. എന്നാല്‍ കുറച്ചു ദിവസത്തെ ഷൂട്ടിംഗിനു ശേഷം കരീന സിനിമയില്‍ നിന്നു പിന്‍മാറി. രാകേഷ് റോഷന്‍ ചിത്രത്തില്‍ സ്വന്തം മകന് അമിത പ്രധാന്യം നല്‍കുന്ന രീതി കരീനയ്ക്കു പിടിച്ചില്ല. കരീന കൂളായി ലൊക്കേഷനില്‍ നിന്നു ഇറങ്ങിപ്പോന്നു. പിന്നീട് അമീഷാ പട്ടേലിനെയാണ് രാകേഷ് റോഷന്‍ കരീനയ്ക്കു പകരം നായികയാക്കിയത്.

ഇതിനു ശേഷം അഭിഷേക് ബച്ചന്‍ നായകനായ റെഫ്യൂജി എന്ന സിനിമയിലേക്ക് കരീനയെ നായികയായി തിരഞ്ഞെടുത്തു. ജെ.പി ദത്തയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നാസ് എന്ന കഥാപാത്രത്തെ മികച്ചതാക്കിക്കൊണ്ട് കരീന ബോളിവുഡില്‍ ഗംഭീരമായി തുടങ്ങുകയും ചെയ്തു. ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതു കരീനയായിരുന്നു. ആദ്യ ചിത്രത്തില്‍ നിന്ന് ഇറങ്ങിപ്പോരാനുള്ള കരീനയുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു റെഫ്യൂജിക്കു ലഭിച്ച പ്രതികരണം. ബോളിവുഡില്‍ പതിനാലു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കരീനയുടെ താരപദവിക്ക് അല്പം പോലും മങ്ങലേറ്റിട്ടില്ല.

റെഫ്യൂജിക്കു പിന്നാലെ അശോകയിലേക്കാണ് കരീന എത്തിയത്. ഷാരൂഖിനൊപ്പം അശോക എന്ന പീരിഡ് ഫിലിമില്‍ അഭിനയിക്കുമ്പോള്‍ ബോളിവുഡിന്റെ സൗന്ദര്യ സങ്കല്പമെന്നത് കരീനയുടെ രൂപമായി മാറി. തുടര്‍ന്ന് കഭീ ഖുശി കഭീ ഹം എന്ന കരണ്‍ ജോഹര്‍ ചിത്രം. ഇതോടെ സൂപ്പര്‍താര ചിത്രങ്ങളുടെ നായികയായി കരീന മാറി. എല്‍.ഒ.സി കാര്‍ഗില്‍, ചമേലി, യുവ, ദേവ്, ഓംകാര, ഡോണ്‍, ജബ് വീ മീറ്റ്, ത്രി ഇഡിയറ്റ്‌സ്, വി ആര്‍ ഫാമിലി, ബോഡിഗാര്‍ഡ്, തലാഷ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കരീനയുടെ മികച്ച പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. മധുഭണ്ഡാതകറുടെ ഹീറോയിന്‍ എന്ന ചിത്രത്തില്‍ മികച്ച വേഷമായിരുന്നു കരീനയുടേത്.

റെഫ്യൂജി മുതല്‍ ഏറ്റവും അവസാനം റിലീസ് ചെയ്ത സിങ്കം റിട്ടേണ്‍സ് വരെയുള്ള ചിത്രങ്ങള്‍ കരീനയുടെ താരപദവി വീണ്ടും ഉയര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളു. ഷാഹീദ് കപൂറുമായിട്ടുള്ള പ്രണയ അവസാനിപ്പിച്ച് ഏറെക്കാലത്തിനു ശേഷം സെയ്ദ് അലി ഖാനുമായി കരീന പ്രണയത്തിലാണെന്നതു കൗതുകത്തോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും കേട്ടത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയത്തിനു ശേഷം 2012ല്‍ ഇരുവരും വിവാഹിതരുമായി. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് കരീനാ കപൂര്‍.

പ്രിയങ്കാ ചോപ്രയുമായി എനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. ഞാനും പ്രിയങ്കയും നല്ല സുഹൃത്തുക്കളാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു ഞങ്ങള്‍ തമ്മില്‍ എന്തോ വലിയ യുദ്ധം നടക്കുകയാണ് എന്നൊക്കെ. ഒരു പരിധി കഴിഞ്ഞാല്‍ മത്സരത്തില്‍ പോലും ഞാന്‍ വിശ്വസിക്കുന്നില്ല. പ്രിയങ്കയുടെ ചില അവസരങ്ങള്‍ ഞാന്‍ തട്ടിയെടുത്തതായിമാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അതിലൊരു വാസ്തവവുമില്ല. ഞാന്‍ ആരുടെയും അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല.

എന്നെ ഇന്നുവരെയും ഒരാളും റെക്കമന്‍ഡ് ചെയ്തിട്ടില്ല. ആരും റെക്കമന്‍ഡ് ചെയ്തിട്ടല്ല ഞാന്‍ സിനിമയില്‍ വന്നതും. എന്റെ കുടുംബത്തിന്റെ പേര് ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടുമില്ല. ഇതുവരെയും ഒരു സംവിധായകനെയും ഞാന്‍ വിളിച്ചിട്ട് എന്നെ കാസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുമില്ല. എനിക്ക് വേണ്ട പരിഗണന ലഭിക്കാതെ വന്നപ്പോള്‍ ആദ്യ ചിത്രത്തില്‍ നിന്നും ഇറങ്ങി വന്നയാളാണ് ഞാന്‍.

കളര്‍ഫുള്‍ സിനിമ കാണാനാണ് എപ്പോഴും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. ഞാനും അങ്ങനെ തന്നെയാണ്. ഒരു ടോട്ടല്‍ എന്റര്‍ടെയിന്‍മെന്റ് സിനിമക്കായി തിയറ്ററില്‍ പോയിരിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍ ഡെര്‍ട്ടി പിക്ചര്‍ എന്ന സിനിമ കണ്ടതോടെ എനിക്ക് ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നി. വളരെ റിയലിസ്റ്റിക്കായി സിനിമയെ സമീപിക്കാവുന്നതാണ്. അങ്ങനെയുള്ള കഥകള്‍ ഞാനിപ്പോള്‍ കേള്‍ക്കുന്നുണ്ട്.

ഗോസിപ്പുകളെക്കുറിച്ച് എനിക്ക് യാതൊരു ഭയവുമില്ല. ഗോസിപ്പുകള്‍ എനിക്കിപ്പോള്‍ പരിചിത സംഭവമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഒന്നും എന്നെ വേദനിപ്പിക്കാറില്ല. ഇന്‍ഡസ്ട്രിയില്‍ വന്ന കാലം തൊട്ട് ഞാന്‍ ഗോസിപ്പുകള്‍ കേള്‍ക്കുന്നതാണ്. എന്നോട് മാത്രമാണോ മാധ്യമങ്ങള്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് പോലും ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്.

ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല. ഞാനത് പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. തിരക്കഥയ്ക്ക് ചുംബന രംഗം ആവശ്യമെങ്കില്‍ ആ തിരക്കഥയുമായി എന്നെ സമീപിക്കേണ്ടതില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഇന്‍ഡസ്ട്രിയുടെ ഭാഗമാണെങ്കിലും എനിക്ക് എന്റെ തീരുമാനങ്ങളുണ്ട്. എന്നാല്‍ ഇതിലൊന്നും സെയ്ഫ് ഒരിക്കലും ഇടപെട്ടിട്ടില്ല. സിനിമകള്‍ തിരഞ്ഞെടുക്കുന്നത് ഞാന്‍ തന്നെയാണ്. ഞങ്ങള്‍ പരസ്പരം മറ്റൊരാളുടെ ജോലിയില്‍ ഇടപെടാറില്ല.

ബിക്കിനി അണിയുക എന്നത് ഒരു പാപമായി ഞാന്‍ കരുതുന്നില്ല. തഷാന്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും അതിലെന്തെങ്കിലും പ്രശ്‌നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ അനാവശ്യമായി ബിക്കിനി രംഗങ്ങള്‍ കുത്തി നിറച്ച സിനിമകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ നോ പറയേണ്ടിടത്ത് നോ പറയുന്നത് എന്റെ ശീലം.

എന്തിനാണ് എന്നെ ഹീറോയിന്‍ നമ്പര്‍ വണ്‍ എന്ന് വിളിക്കുന്നത്. എനിക്ക് മുമ്പ് എന്റെ ചേച്ചിക്കും ഇതേ ഇമേജ് മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ എനിക്ക് നല്‍കുന്നു. നാളെ മറ്റൊരു നായിക എത്തുകയും രണ്ടു സൂപ്പര്‍ഹിറ്റുകള്‍ നല്‍കുകയും ചെയ്യുമ്പോള്‍ അവരായി മാറും നമ്പര്‍ വണ്‍. സിനിമയില്‍ എല്ലാം വളരെ ക്ഷണികമാണ്.

സെയ്ഫ് അലി ഖാന്‍ എന്നില്‍ നിന്നും ഒരു സാധാരണ വീട്ടമ്മയെ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. എന്നെ ബഹുമാനിക്കുന്ന ഭര്‍ത്താവാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഞാന്‍ കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലെത്തണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതും. ഒരു ഹൗസ് വൈഫ് ആകണമെന്ന് എന്നോട് ഇതുവരെയും പറഞ്ഞിട്ടില്ല. ഞാന്‍ പുതിയ കാലഘട്ടത്തിലെ സ്ത്രീയാണ്. എനിക്ക് എന്റേതായ തീരുമാനങ്ങളും താത്പര്യങ്ങളുമുണ്ട്. എന്നാല്‍ ഫാമിലിക്ക് വേണ്ടി വേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ ഒരുക്കവുമാണ്.

സെയ്ഫിന്റെ മക്കളായ സാറയും ഇബ്രാഹിമുമായി ഞാന്‍ നല്ല അടുപ്പത്തിലാണ്. അവര്‍ക്ക് ഒരു അമ്മയുണ്ട്. അതുകൊണ്ട് ഞാന്‍ അവരുടെ സുഹൃത്തിന്റെ റോളിലാണ്. സാറയുടെയും ഇബ്രാഹിമിന്റെയും ഏറ്റവും നല്ല സുഹൃത്ത് ഞാന്‍ തന്നെയായിരിക്കും. ഞങ്ങളെല്ലാവരും ഒത്തുകൂടുന്ന ദിവസങ്ങള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

PREVIOUS STORY