മൈലാഞ്ചി മൊഞ്ചുള്ള മീര


Reporter

'അഭിനയത്തിന്റെ കാര്യത്തില്‍ എനിക്കു ചില നിര്‍ബന്ധങ്ങളുണ്ട്. മുല്ലയിലെ ഗാനരംഗത്ത് കോസ്റ്റ്യൂമര്‍ ഒരു ഗ്ലാമര്‍ ഡ്രസ് കൊണ്ടുവന്നു തന്നപ്പോള്‍ ഈ കോസ്റ്റ്യൂം ധരിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. രണ്ടുവര്‍ഷം കഴിഞ്ഞും ഇങ്ങനെ പറയണേ എന്ന് ചേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. അന്നത്തെ നിലപാടില്‍ ഇന്നും ഉറച്ചുനില്‍ക്കാന്‍ കഴിയുന്നത് മഹാഭാഗ്യമല്ലേ. ' - നടി മീരാനന്ദന്‍ മനസു തുറന്നു.
'മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലെ ഷാഹിന'യാണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. പുരാതന കുടുംബത്തിലെ കണ്ണിയായ അവള്‍ തനി ഓര്‍ത്തഡോക്‌സ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആസിഫലിയാണ് എന്റെ നായകന്‍. - മീര പറയുന്നു.
എം.എ. മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയാണ് ഞാനിപ്പോള്‍. ഡിസ്റ്റന്‍സ് എഡ്യൂക്കേഷനാണ്. മാസ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസവും ഉള്‍പ്പെടുന്നുണ്ട്. നന്നായി പഠിക്കാനുണ്ട്. പരീക്ഷ അടുത്തുവരുമ്പോള്‍ മാത്രം പുസ്തകം തുറന്നുവയ്ക്കുന്ന നല്ല കുട്ടിയാണ് ഞാന്‍. പത്രപ്രവര്‍ത്തനം പഠിക്കുന്നതല്ലേ, ഇനി പരന്ന വായനയാകാം എന്നൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. അന്നും ഇന്നും ഫിക്ഷനോടാണ് താല്‍പര്യം. പിന്നെ മാര്‍ക്കുകിട്ടാന്‍വേണ്ടി പാഠപുസ്തകങ്ങള്‍ നന്നായി വായിക്കും. ആഴത്തിലുള്ള പത്രവായനയുമില്ല. രാഷ്ട്രീയകാര്യങ്ങളൊന്നും എന്റെ തലയില്‍ കയറില്ല. അത്തരം ലേഖനങ്ങളൊന്നും വായിക്കാറുമില്ല. ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറീസിനോടാണ് താല്‍പര്യം.
പോയവര്‍ഷം ഒരര്‍ഥത്തില്‍ എനിക്കു ഭാഗ്യകാലമാണ്. ലാലേട്ടനും മമ്മുക്കയ്ക്കുമൊപ്പം അഭിനയിക്കാന്‍ സാധിച്ചു. നായികാപ്രാധാന്യമുള്ള വേഷമല്ലെങ്കിലും മമ്മുക്കയ്‌ക്കൊപ്പം ചെയ്ത മാത്തുക്കുട്ടിയിലെ കുഞ്ഞുമോള്‍ ശ്രദ്ധിക്കപ്പെട്ടു. റെഡ്‌വൈനില്‍ ഫഹദിനോടൊപ്പം ചെയ്ത വേഷം അത്രകണ്ട് കേമമൊന്നുമല്ല. മുല്ലയാണ് അന്നും ഇന്നും എനിക്ക് ഫേവറൈറ്റ്. ഇന്നയിന്ന കഥാപാത്രങ്ങള്‍ ചെയ്താല്‍ കൊള്ളാം എന്നാഗ്രഹിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. എനിക്കു ഡ്രീം റോള്‍ ഇല്ല. ആശിച്ചു മോഹിച്ചു സിനിമാരംഗത്ത് എത്തിയ പെണ്‍കുട്ടിയല്ല ഞാന്‍. എങ്ങനെയോ എത്തി. ഇത്രയും കാലം പിടിച്ചുനിന്നു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹമില്ല. സ്ട്രിക്ട്‌ലി സെലക്ടീവാണു ഞാന്‍. വര്‍ഷത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രം. കൂടിപ്പോയാല്‍ മൂന്ന്. അതുമതി. - മീര നയം വ്യക്തമാക്കി.

PREVIOUS STORY