പരസ്പരത്തിലെ താരം


Reporter

ഗായത്രി അരുണ്‍. ഈ പേരു കേട്ടാല്‍ പെട്ടന്ന് ആളെ മനസിലാകണമെന്നില്ല. പരസ്പരത്തിലെ ദീപ്തി, അതാണ് ഗായത്രിയെ പരിചയപ്പെടുത്താന്‍ പറ്റിയ എളുപ്പവഴി. ഐശ്വര്യമുള്ള പെണ്‍കുട്ടിയെന്നു കേരളത്തിലെ കുടുംബിനികള്‍ വിലയിരുത്തിയ ടെലിവിഷന്‍ താരം. ഒരേയൊരു സീരിയലിലൂടെ ജനപ്രീതി പിടിച്ചു പറ്റിയ നടിയാണ് ഗായത്രി. സിനിമയില്‍ ചില അവസരങ്ങള്‍ എത്തിയെങ്കിലും നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ഗായത്രി. ഒരേയൊരു സീരിയലിലൂടെ ഇത്രയും പോപ്പുലാറ്റി കിട്ടിയെങ്കില്‍, അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രം സിനിമയിലും ലഭിക്കുമെന്ന് ഗായത്രിക്ക് ഉറച്ച വിശ്വാസമുണ്ട്.
സോഷ്യല്‍ കമിറ്റഡ് നായികയെന്നാണ് സീരിയലിലെ സഹപ്രവര്‍ത്തകര്‍ ഗായത്രിയെ വിശേഷിപ്പിക്കുന്നത്. അതൊരു വെറുംവാക്കല്ല. പരസ്പരത്തിലെ ദീപ്തിയായി മാറുന്നതില്‍ അത്രയ്ക്ക് ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ട് ഗായത്രി.
ചേര്‍ത്തലയാണ് ഗായത്രിയുടെ സ്വദേശം. അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ ബിസിനസ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഗായത്രി തെരഞ്ഞെടുത്തത് അഭിനയമാണ്. അമ്മ ശ്രീലേഖയുടെ പിന്തുണയോടെ ടെലിവിഷനിലേക്ക് രംഗപ്രവേശം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഇന്ദിര എന്ന പരമ്പര യിലൂടെയായിരുന്നു തുടക്കം. പിന്നീട് നിരവധി സീരിയലുകള്‍ കഥാപാത്രവുമായി എത്തിയെങ്കിലും പരസ്പരത്തിലെ ദീപ്തിയെ കണ്ടെത്തുന്നതു വരെ എല്ലാറ്റിനോടും ഗായത്രി നോ പറഞ്ഞു. ആ തീരുമാനം തെറ്റിയില്ലെന്ന് പരസ്പരത്തിന്റെ വിജയം തെളിയിച്ചു.
കലോത്സവ വേദിയില്‍ അരങ്ങു പരിചയിച്ചാണ് ഗായത്രി കലാരംഗവുമായി അടുക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടക നടിയായി. മോണോ ആക്ടിലും ഡാന്‍സിലും തിളങ്ങി. അതെല്ലാം മിനി സ്‌ക്രീനിലേക്കുള്ള വഴികളായി. ഗായത്രിയുടെ ഭര്‍ത്താവ് അരുണ്‍ ഒരു സ്വകാര്യ കമ്പിനിയുടെ മാര്‍ക്കറ്റിംഗ് ഹെഡാണ്. ചേര്‍ത്തല തന്നെയാണ് സ്വദേശവും. ഏക മകള്‍ കല്യാണി എല്‍കെജിയില്‍ പഠിക്കുന്നു.
ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെങ്കിലും ഗായത്രിയുടെ ഫസ്റ്റ് പ്രിഫറന്‍സ് അഭിനയമാണ്. അതു തന്നെയാണ് ദീപ്തിയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഗായത്രിയെ പ്രാപ്തയാക്കുന്നതും.

PREVIOUS STORY