സൗന്ദര്യവേദിയില്‍ ഇന്ത്യയുടെ കുയില്‍


Reporter

ലോകസുന്ദരിയുടെ നീലക്കീരിടം സ്വന്തമാക്കിയ റോളെന്‍ സ്ട്രൗസ് നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മിസ് സൗത്ത് ആഫ്രിക്ക പട്ടം ഈ ഇരുപത്തിരണ്ടുകാരി നേടുന്നതും ഡിസംബറില്‍ തന്നെയാണ്. സൗത്ത് ആഫ്രിക്കയിലെ വോള്‍ക്ക്‌റസ്റ്റ് സ്വദേശിയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ടാമത്തെ ലോകസുന്ദരി പട്ടം നേടുന്ന വനിതയാണിവള്‍. ബാല്യകാലം തൊട്ടേ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു റോളെന്‍. ലോക സുന്ദരി പട്ടം ഇവളുടെ സ്വപ്നം കൂടിയായിരുന്നു.
സെക്കന്റ് റണ്ണറപ്പായ എലിസബത്ത് സഫ്രിത് അമെരിക്കയിലെ നോര്‍ത്ത് കരോലീനയിലെ കൊച്ചു പട്ടണത്തില്‍ നിന്നാണ് മത്സരത്തിനെത്തുന്നത്. പൊളിറ്റിക്കല്‍ സയന്‍സിലും ജേണലിസത്തിലും ബിരുദം നേടിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ള തുണിയുടെ അരികില്‍ കറുപ്പ് വെല്‍വെറ്റ് തുണിയും സ്വര്‍ണ നിറവും തുന്നിപ്പിടിപ്പിച്ച നീളന്‍ പാവടയും ചുവപ്പ് ബ്ലൗസുമണിഞ്ഞാണ് ഇന്ത്യയുടെ സുന്ദരി നൃത്ത വേദിയിലെത്തിയത്. നീളന്‍ കമ്മലും കിരീടവും നിറയെ വളകളുമൊക്കെയണിഞ്ഞാണ് ഡല്‍ഹി സ്വദേശിയായ കോയല്‍ റാണയെത്തിയത്. സെമിയില്‍ ഇവര്‍ പുറത്തായി.
അഴക് മാത്രമല്ല ബുദ്ധിയും പരീക്ഷിച്ച മത്സരത്തില്‍ ഈ വര്‍ഷത്തെ മോസ്റ്റ് ഇന്റലിജന്റ് പട്ടം സ്വന്തമാക്കിയതാകട്ടെ കരീന ടൈറെല്‍ എന്ന ഒരു ഡോക്റ്ററും. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ കരീന ക്ലിനിക്കല്‍ പരിശീലനം ആരംഭിച്ചിട്ടേയുള്ളൂ. പഠനത്തിലും ബ്യൂട്ടിയിലും മാത്രമല്ല സോഷ്യല്‍ സര്‍വീസസിലും ഇവള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. യൂനിവേഴ്‌സിറ്റിയിലെ ഗ്ലോബല്‍ ഹെല്‍ത്ത് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. ആരോഗ്യരംഗത്തെ മോശം പ്രവണതകളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലും ഈ ഇരുപത്തിനാലുകാരി മുന്നിലുണ്ട്. നാഷണല്‍ ജിംനാസ്റ്റിക്‌സ് അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുള്ള കരീന നന്നായി ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കും. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവര്‍ ഇന്ത്യയിലും വന്നിട്ടുണ്ട്. സ്വന്തം നാട്ടില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കാനായതിന്റെ സന്തോഷവും ഇവര്‍ പങ്കുവെയ്ക്കുന്നു.
മിസ് സ്‌കോട്ട്‌ലന്റ് എലീ മക്റ്റിങ്ങ്, മിസ് അമെരിക്ക എലിസബത്തും മിസ് സ്ലോവേനിയ ലോറയും മൊക്കെ നൃത്തത്തിലൂടെയും കാഴ്ച്ചകാരുടെ മനം കവര്‍ന്നു. ഇളം നിറങ്ങള്‍ മാത്രമല്ല കടും വര്‍ണങ്ങളിലുള്ള വസ്ത്രങ്ങളുമണിഞ്ഞാണ് സുന്ദരിമാര്‍ റാംപില്‍ ചുവട് വച്ചത്. ചടങ്ങ് കാണാനെത്തിയവര്‍ സ്വന്തം നാടിന്റെ പതാകയും വീശിയാണ് മത്സരാര്‍ഥികളെ ആവേശത്തോടെ വരവേറ്റത്. നൃത്തവും സംഗീതവും വിരുന്നെത്തിയ എക്‌സല്‍ സെന്ററിലെ ആഘോഷവേദിയിലെ ചടങ്ങുകള്‍ തത്സമയം മില്ല്യണ്‍ക്കണക്കിന് ജനങ്ങളാണ് കണ്ടാസ്വദിച്ചത്. പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ലോകസുന്ദരി പട്ടം നേടാന്‍ ലണ്ടനിലേക്കെത്തിയവരില്‍ ഏറെ പേരും ബിരുദധാരികളാണെന്നതു ശ്രദ്ധേയം. പലരും സാമൂഹികസേവനങ്ങളില്‍ തല്‍പ്പരര്‍, പുതുമയും വ്യത്യസ്തവുമാര്‍ന്ന ആഗ്രഹങ്ങളും ഹോബികളുമുള്ളവരാണെന്നതും ലോക സുന്ദരി മത്സരത്തെ വേറിട്ടു നിറുത്തുന്നു.

PREVIOUS STORY