വൈശാലിയിലെ നായിക ഇതാ


Reporter

മലയാള സിനിമയിലെ അപൂര്‍വ കാവ്യമെന്നു വിശേഷിപ്പിക്കാവുന്ന വൈശാലിക്കു സൗന്ദര്യം പകര്‍ന്ന നായിക ഇതാ. ഇപ്പോള്‍ മുംബൈയിലാണ് സുപര്‍ണ എന്ന പഴയകാല നായിക താമസിക്കുന്നത്. ഒരു വീട്ടമ്മയുടെ റോൡലേക്കു മാറിയ സുപര്‍ണ സിനിമ പൂര്‍ണമായും വിട്ടിട്ടു വര്‍ഷങ്ങളായി. വൈശാലിയുടെ റോള്‍ അഭിനയിക്കാന്‍ കിട്ടിയ അവസരത്തെക്കുറിച്ച് സുപര്‍ണ പറയുന്നത് ഇങ്ങനെ.
അപരിചിതനായ ഒരാള്‍ ഫ്‌ളാറ്റില്‍ വന്നു. താന്‍ കേരളത്തില്‍ നിന്നു വന്ന ഒരു ഫിലിം ഡയറക്ടറാണെന്നും എന്നെ തേടിയാണ് വന്നതെന്നു അദ്ദേഹം പരിചയപ്പെടുത്തി. അതു ഭരതന്‍ സാറായിരുന്നു. അങ്ങനെയൊരു സംവിധായകനെക്കുറിച്ചു പോയിട്ടു മലയാളത്തെക്കുറിച്ചു പോലും എനിക്കറിയില്ല. എനിക്കിപ്പോള്‍ ആരെയും കാണേണ്ടെന്ന് ഞാനമ്മയോടു പറഞ്ഞു. തലേദിവസത്തെ പാര്‍ട്ടി കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റിട്ടില്ലെന്നും, വിശദ വിവരങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ട് പിന്നെക്കാണാമെന്ന് അമ്മ പറഞ്ഞെങ്കിലും, അദ്ദേഹം വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ അമ്മ പറഞ്ഞു, അദ്ദേഹം കേരളത്തില്‍ നിന്നും ഇത്ര ദൂരം നിന്നെ കാണാനായി മാത്രം വന്നതല്ലേ, ഒന്നു കണ്ടേക്കൂ എന്ന്. ഭരതന്‍ സാറിനെ കണ്ടപാടെ ഞാന്‍ പറഞ്ഞു. എനിക്ക് മലയാളം തീരെ അറിയില്ല. അതുകൊണ്ട് അഭിനയിക്കാന്‍ പറ്റില്ല എന്ന്. ഒരു പിറന്നാള്‍ ദിവസം നഷ്ടപ്പെട്ടു പോയതിന്റെ പരിഭവവും എനിക്കുണ്ടായിരുന്നു. തുടര്‍ന്ന്, അദ്ദേഹം പറഞ്ഞതിനൊന്നും ശ്രദ്ധ കൊടുക്കാതെ ഞാനിരിക്കുന്നതു കണ്ടപ്പോള്‍ നോക്കൂ എന്റെ കയ്യില്‍ ഒരു മികച്ച കഥയുണ്ട്. ആദ്യം നിങ്ങള്‍ ഈ കഥയൊന്നു കേള്‍ക്കൂ...

അച്ഛന്‍ എന്നോടു പറഞ്ഞു. നിനക്ക് സിനിമ ചെയ്യേണ്ടെങ്കില്‍ വേണ്ട, നിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഞാനില്ല. പക്ഷേ, അത്രയധികം താത്പര്യത്തോടു കൂടിയാണ് അദ്ദേഹം വന്നിട്ടുള്ളത്. അതുകൊണ്ടു കഥയൊന്നു കേള്‍ക്കൂ... മഹാഭാരതത്തിലെ ആ കഥ ഞങ്ങള്‍ മുന്‍പെന്നോ കേട്ടിട്ടുണ്ടായിരുന്നു. ഭരതന്‍സാര്‍ എന്നോട് ചിലതരം ഡ്രസുകള്‍ ധരിച്ചു വരാന്‍ പറഞ്ഞു. ഉറക്കച്ചടവോടെയാണെങ്കിലും ഞാനത് യാന്ത്രികമായി ചെയ്തു. ഒടുവില്‍, സിനിമയോടും കഥയോടുമുള്ള അദ്ദേഹത്തിന്റെ പാഷന്‍ മനസിലായപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്കു നല്ല കാശ് കിട്ടുകയാണെങ്കില്‍ അഭിനയിക്കാം എന്ന്.
അതൊരു പ്രശ്‌നമേയല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആ സിനിമ എന്റെ ജീവിതത്തിലെ ഒരു നിയോഗമായിരുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ സിനിമയെപ്പറ്റി ആലോചിച്ചപ്പോള്‍ തന്നെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങളും അദ്ദേഹം വരച്ചു വച്ചിരുന്നു. ആ രേഖാചിത്രങ്ങള്‍ക്കു പോലും എന്റെയും ഭഷ്യശൃംഗന്റെയും മുഖവുമായി അത്രയേറെ സാമ്യമുണ്ടായിരുന്നു. താന്‍ ഭാവനയില്‍ കണ്ട കഥാപാത്രങ്ങളുടെ മുഖവുമായി സാമ്യമുള്ളവരെ കണ്ടെത്തുന്നതുവരെ സിനിമ ചെയ്യാതിരിക്കാനുള്ള ഔചിത്യബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലെവിടെയോ, ഞാനുണ്ടായിരുന്നു. ആ സിനിമ അത്രയേറെ മനോഹരമാകാനുള്ള ഒരു കാരണവും അതു തന്നെ. - സുപര്‍ണ പറയുന്നു.

PREVIOUS STORY