എന്നെ പ്രണയിക്കുന്നവര്‍ക്കു സ്വാഗതം


സുചിത്ര ശിവദാസ്

കഷ്ടിച്ച് ഒരു വര്‍ഷമേ ആയിട്ടുള്ളൂ സന്തോഷ് പണ്ഡിറ്റ് എന്ന പേര് കേട്ടു തുടങ്ങിയിട്ട്. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റായ യു ട്യൂബിലൂടെയായിരുന്നു രംഗപ്രവേശനം. ചില ഇന്റര്‍വ്യൂകളിലൂടെ സന്തോഷിന്റെ ശബ്ദം മലയാളികള്‍ കേട്ടു. കോഴിക്കോടു സ്വദേശിയായ ഏതോ ഒരാള്‍ എന്നതായിരുന്നു അപ്പോഴത്തെ ഇമേജ്. അധികം വൈകാതെ സന്തോഷ് പണ്ഡിറ്റ് ഒരു പ്രഖ്യാപനം നടത്തി. ആ പ്രഖ്യാപനവും യു ട്യൂബില്‍ അപ്്‌ലോഡായി. ഞാനൊരു സിനിമ എടുക്കുന്നു എന്നതായിരുന്നു വെളിപ്പെടുത്തല്‍. കൃഷ്ണനും രാധയും എന്ന സിനിമയിലെ വിവിധ പാട്ടുസീനുകള്‍ യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെ ചീത്തവിളിച്ചും അഭിനന്ദിച്ചും കമന്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുണ്ടായി. പക്ഷേ, ആ സിനിമ തിയെറ്ററിലെത്തിയപ്പോള്‍ കഥയാകെ മാറി. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ മൂന്നു തിയെറ്ററിലും കൃഷ്ണനും രാധയും ഹൗസ് ഫുള്‍. ഒരു സിനിമയിലെ പതിനെട്ടു വിഭാഗങ്ങള്‍ ഒറ്റയ്ക്കു നിര്‍വഹിച്ച സന്തോഷ് ന്യൂസ് ചാനലുകളിലെ സായാഹ്ന ചര്‍ച്ചകളില്‍ നിറഞ്ഞു. പുതിയൊരു സിനിമ ഉടന്‍ തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു സന്തോഷ്. മലയാള സിനിമാ രംഗത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സന്തോഷ് പണ്ഡിറ്റാണ് ഈ ആഴ്ചയില്‍ യുകെ മലയാളം പത്രത്തിന്റെ ഗസ്റ്റ്.

കൃഷ്ണനും രാധയും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നു. സന്തോഷിന്റെ പ്രതികരണം?
ഈ ചിത്രത്തെ പറ്റി?

നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവ് സൗന്ദര്യമില്ലാത്തത് കൊണ്ട് പ്രകടിപ്പിക്കാതിരിക്കുന്നത് മണ്ടത്തരമാണ്. എന്റെ കഴിവുകളെ പുറത്തെടുക്കാന്‍ കഴിഞ്ഞ വേദിയായിട്ടാണ് ഞാനിതിനെ കണ്ടത്.

സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍ സ്റ്റാര്‍ നിരയിലേക്ക് ഉയരുകയാണല്ലേ?

ഞാന്‍ പാവങ്ങളുടെ സൂപ്പര്‍ സ്റ്റാറാണ്. കേരളത്തില്‍ ഇരുപതു ശതമാനം ആളുകള്‍ മാത്രമാണ് സൗന്ദര്യമുള്ളവര്‍. ബാക്കിയുള്ള ആളുകളുടെ വീട്ടിലും എന്തെങ്കിലുമൊക്കെ സംഭവിക്കുന്നില്ലേ. അത്തരം വിഷയങ്ങള്‍ ആരാണു സിനിമയാക്കുക. അങ്ങനെയൊരു കഥയാണ് കൃഷ്ണനും രാധയും. ചിത്രം ജനങ്ങള്‍ സ്വീകരിച്ചു. ആദ്യം വെറും 3 തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. തിരക്ക് കണക്കിലെടുത്ത് ഇപ്പോള്‍ എട്ടു കേന്ദ്രങ്ങളിലേക്ക് മാറ്റി. ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും ഡബ്ബ് ചെയ്തു. എന്നാല്‍ സമയ കുറവ് മൂലം അന്യഭാഷാ വെര്‍ഷനുകള്‍ പുറത്തിറക്കാനുള്ള ജോലികള്‍ തീര്‍ന്നിട്ടില്ല. ബിഗ്ബജറ്റ് ചിത്രങ്ങള്‍ ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണല്ലോ. തല്‍ക്കാലം ഇവ മാറ്റിവയ്ക്കാമെന്ന് കരുതി.

അടുത്ത സിനിമ എപ്പോഴാണ്?

ജിത്തു ഭായി എന്ന ചോക്ലേറ്റ് ഭായിയാണ് എന്റെ അടുത്ത സിനിമ. പ്രണയമാണ് ഈ ചിത്രത്തിലേയും തീം. ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി മനുഷ്യനാണ്. അത് പോലെ പ്രണയവും. കാമുകനോട് കാമുകിയോട് ... ദമ്പതികള്‍ തമ്മില്‍... അങ്ങനെ പ്രണയം എല്ലാത്തിലുമുണ്ട്. പുതിയ ചിത്രത്തിലും എട്ടു പാട്ടുകളുണ്ട്. തമാശ നിറഞ്ഞ ചിത്രമായിരിക്കും ഇത്. പ്രണയവും തമാശയും ഉള്‍പ്പെടുന്നതിനാല്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

എട്ടിനോട് എന്താണിത്ര അടുപ്പം
?
എന്റെ ചിത്രങ്ങളിലെല്ലാം 8 പാട്ടുകളുണ്ടാകും. അതിന് കാരണമുണ്ട്. എന്റെ ജനന തീയതി 8 ആണ്. അത് കൊണ്ട് തന്നെ എന്റെ ഭാഗ്യ നമ്പറും 8 ആണ്.

സന്തോഷ് ഇംഗ്ലീഷ് ഗാന ശാഖയിലേക്കും പ്രവേശിക്കുകയാണല്ലേ?

അതെ. ജിത്തു ഭായി എന്ന ചോക്ലേറ്റ് ഭായി എന്ന സിനിമയില്‍ ഒരു ഇംഗ്ലീഷ് പാട്ടുണ്ട്. ഞാനാണ് എഴുതിയത്. യു ആര്‍ മൈ ജാക്‌സണ്‍ മൈക്കിള്‍ ജാക്‌സണ്‍ ' ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു. മറ്റ് പാട്ടുകളും പെട്ടെന്ന് തന്നെ ഹിറ്റാകും.

സന്തോഷിനു മാനസിക രോഗമാണെന്നു വരെ ആരോപണങ്ങളുണ്ടായി. എന്താണ് പ്രതികരിക്കാത്തത്?

അസൂയയുള്ള മലയാളികള്‍ വിമര്‍ശനങ്ങളുയര്‍ത്തുന്നതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഞാന്‍ ഒരു സംഘടനയിലും അംഗമല്ല. എന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചതില്‍ ചിലര്‍ക്കെങ്കിലും അസൂയ ഇല്ലാതിരിക്കുമോ?

മാമുക്കോയയാണ് എന്നെ വിമര്‍ശിച്ച ഒരാള്‍. മാമൂക്കോയ എന്റെ നാട്ടുകാരനാണ് . കുറേ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ കുറേക്കാലംകൊണ്ടാണു ഫെയ്മസായത്. ഞാന്‍ അങ്ങനെയല്ല. എന്നെ പോലെ പെട്ടെന്നു ഫേമസാകാന്‍ മാമൂക്കോയയ്ക്ക് കഴിഞ്ഞില്ല. അസൂയയുടെ അസുഖമാണ് വിമര്‍ശനക്കാര്‍ക്ക്.

മറ്റു യുവതാരങ്ങളെ എങ്ങനെ വിലയിരുത്തുന്നു സന്തോഷ്?

യുവതാരങ്ങളെ ഉള്‍പ്പെടുത്തി ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. അഥവാ അങ്ങനെ ചിന്തിച്ചാല്‍ ആസിഫ് അലിയായിരിക്കും നായകന്‍.

സന്തോഷ് ഉടന്‍ വിവാഹിതനാവുകയാണെന്നു കഥ പരക്കുന്നുണ്ട്..... സത്യമാണോ?

ഗോസിപ്പുകള്‍ക്ക് ഞാന്‍ ചെവി കൊടുക്കാറില്ല. എനിക്കിപ്പോള്‍ 28 വയസ്സ് കഴിഞ്ഞു. മൂന്നര കോടി ജനങ്ങളുടെ വായടപ്പിക്കാന്‍ എനിക്കാവില്ല. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. പക്ഷെ എന്നെ ആരും പ്രണയിച്ചില്ല. ഇനി ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടുവരുകയാണെങ്കില്‍ നിരാശരാക്കാനും ഞാന്‍ തയ്യാറല്ല. വിവാഹത്തെ കുറിച്ച് ആലോചിച്ചുവരുകയാണ്. എന്റെ വിവാഹം കഴിഞ്ഞതാണെന്നു വരെ പറയുന്നതുകേട്ടു. അതു കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പൃഥിരാജിന്റെ ഭാര്യ സുപ്രിയയുടെ രണ്ടാം വിവാഹമാണെന്നും പ്രായകൂടുതലാണെന്നുമെല്ലാം ഗോസിപ്പുകളുണ്ടായിരുന്നു. അതൊക്കെ ഈ ഫീല്‍ഡില്‍ സാധാരണയാണ്.

സന്തോഷിന്റെ കുടുംബം?

അച്ഛന്‍, അമ്മ, അനിയത്തി, അനിയന്‍. ഇതാണ് എന്റെ കുടുംബം. സഹോദരങ്ങളുടെ രണ്ടു പേരുടേയും പഠനം കഴിഞ്ഞു. അവരുടെ വിവാഹക്കാര്യങ്ങള്‍ ആലോചനയിലുണ്ട്. അനിയനും അനിയത്തിയും എന്റെ ആദ്യ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. വലിയ റോളിലല്ല മറിച്ച് ഗ്രാമത്തിലെ ജനകൂട്ടത്തിനിടയില്‍ അവരുമുണ്ട്. എന്റെ പുതിയ ചിത്രത്തിലും രണ്ടു പേരുമുണ്ട്. കുടുംബമല്ലേ നമുക്കെല്ലാം വലുത്. അവര്‍ക്ക് ഞാനല്ലാതെ മറ്റാരാ അവസരം നല്‍കുക...?

ആരാണ് സന്തോഷിന് ഇഷ്ടമുള്ള നായിക?

മോനിഷ. മീരാ ജാസ്മിനേയും ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോള്‍ മലയാളത്തില്‍ കാണാന്‍ കിട്ടാറില്ലല്ലോ..

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പദ്ധതിയുണ്ടെന്നും സന്തോഷിനെക്കുറിച്ചു ഗോസിപ്പുണ്ട്. വാസ്തവമാണോ?

നന്മ ചെയ്യുന്ന പാര്‍ട്ടിക്കൊപ്പമാണ് ഞാനുള്ളത്. രാഷ്ട്രീയം എന്റെ വിഷയമല്ല. സിനിമ മാത്രമാണ് എന്റെ വിഷയം. രാഷ്ട്രീയ ധാരണകള്‍ കുറവായത് കൊണ്ട് അത്തരം സിനിമകളെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടാന്‍ സന്തോഷ് ശ്രമിക്കുന്നുണ്ടല്ലേ?

സുഹൃത്തുക്കളാണ് ഈ കാര്യം എന്നോട് പറഞ്ഞത്. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഗിന്നസിന്റെ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷണം നടത്തി വിലയിരുത്തിയ ശേഷമേ അത് നടക്കുമോ എന്നറിയാനാവൂ.

കൃഷ്ണനും രാധയിലെ പാട്ടുകള്‍ ഹിറ്റായതോടെ നല്ല റോയല്‍റ്റി കിട്ടിയിട്ടുണ്ടാകും അല്ലേ?

ഒരു വീഡിയോ ഹിറ്റിന് നാലു രൂപയാണ് റോയല്‍റ്റി. അങ്ങനെ നോക്കുമ്പോള്‍ ഊഹിക്കാമല്ലോ. പിന്നെ ആ തുകയെപ്പറ്റി കൈയില്‍ കിട്ടിയ ശേഷമേ പറയാനാകൂ. കോഴിക്കോട് ഞങ്ങള്‍ക്കുള്ള 3 വീടുകളില്‍ ഒന്ന് വിറ്റിട്ടാണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മുടക്കുമുതലില്‍ കൂടുതല്‍ നേടി കഴിഞ്ഞു. സാമ്പത്തികം മാത്രം നോക്കിയല്ല ഞാന്‍ ഇതൊന്നും ചെയ്യുന്നത്.

സന്തോഷിന്റെ വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ അതിശയകരം. കുറേ ഡിഗ്രികള്‍ ഉണ്ടല്ലേ?

സത്യത്തില്‍ കുറേ വിഷയങ്ങള്‍ ഞാന്‍ പഠിച്ചു. ഇതില്‍ മിക്കതും ഡിസ്റ്റന്റ് എഡ്യുക്കേഷനായി അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് . ചിലത് പഠനം മുഴുമിക്കാതെ നിര്‍ത്തുകയും ചെയ്തു. ഇതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ചോദിച്ചാല്‍ ഞാന്‍ കഷ്ടപ്പെട്ടു പോകും. കാരണം ഞാന്‍ ഫിലോസഫി പഠിച്ചത് ഒരു ഗുരുവില്‍ നിന്നാണ് . അതിന് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല. ചാനലുകളില്‍ എം എ ഹിന്ദിയുടേയും മറ്റും സര്‍ട്ടിഫിക്കറ്റ് ആരാധകരെ കാണിക്കാന്‍ ഞാന്‍ തയ്യാറാണ്. പിന്നെ സര്‍ട്ടിഫിക്കറ്റിലൊന്നും വലിയ കാര്യമില്ല. അറിവു നേടുകയല്ലേ പ്രധാനം.

പോപ്പുലറായതോടെ ആരാധകര്‍ ധാരാളമുണ്ടായി അല്ലേ?

ഒരുപാട് പേര്‍ വിളിക്കാറുണ്ട്. പഴയതു പോലെ പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. ഇതൊന്നും വലിയ പ്രശ്‌നമായി ഞാന്‍ കരുതുന്നില്ല.


സന്തോഷിനു നേരെ ചീമുട്ടയെറിഞ്ഞു എന്ന വാര്‍ത്ത ശരിയാണോ?

സത്യമാണത്. അസൂയ നിറഞ്ഞ ഒരു കൂട്ടം പേരാണ് ഇതിന് പിന്നില്‍. മമ്മൂട്ടിയെ കോഴിക്കോട് വച്ച് ആരാധകര്‍ ദേഷ്യം പിടിപ്പിക്കുന്ന വീഡിയോ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍പ്പിന്നെ എന്റെ കാര്യം പറയണ്ടല്ലോ. അത് പോലൊരു അനുഭവമായിട്ടാണ് ഇതിനേയും കാണുന്നത്.

വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടോ?

സൗദി , ദുബായ്, കാനഡ എന്നിവിടങ്ങളില്‍ നിന്നെല്ലാം ധാരാളം പേര്‍ എന്നെ വിളിക്കാറുണ്ട്. സുഹൃത്തിനൊപ്പം പണ്ടൊരിക്കല്‍ ഞാനും ദുബായില്‍ പോയിട്ടുണ്ട്. എന്റെ മനസില്‍ മറ്റൊരു സിനിമയുണ്ട്. കാളിദാസന്‍ കഥയെഴുതുകയാണ് എന്നാണ് ആ സിനിമയുടെ പേര്. അതിന്റെ വര്‍ക്കു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ ദുബായിയിലേക്കു പോകും.അവിടെ ഉള്ളവരെ കാണണ്ടേ ?


കഴിഞ്ഞ ചിത്രത്തിലെ നായികയെ അഞ്ഞൂറു പേരില്‍ നിന്നു സെലക്റ്റ് ചെയ്തതാണോ?

അല്ല.അതൊക്കെ നുണയാണ്. കോട്ടയംകാരി ലിസിയാണ് ആദ്യ ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയ മോഹമുള്ള കുട്ടികളെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്നുമാത്രം.

അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

കഴിവിനെ അംഗീകരിക്കുമ്പോള്‍ തള്ളികളയാന്‍ ഞാന്‍ ആളല്ല. അതൊക്കെ സ്വീകരിക്കും. കളിയാക്കിയാണ് പലരും ആ ചോദ്യം എന്നോടു ചോദിക്കാറുള്ളത്. മലയാളത്തില്‍ സൂപ്പര്‍ താരമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് എന്റെ സ്വപ്‌നവും.

ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ ?

തീര്‍ച്ചയായും. മികച്ച ഒരു വേഷം കിട്ടിയാല്‍, അങ്ങനെ ഒരുക്ഷണം വന്നാല്‍ ഞാന്‍ ഹിന്ദി സിനിമയിലും അഭിനയിക്കും. എനിക്കങ്ങനെ ജാടയൊന്നുമില്ല !

PREVIOUS STORY