കാല്‍ച്ചിലങ്കയില്‍ കവിതയുടെ സ്പന്ദനം


reporter

വിദ്യ വിജയന്‍
ഒരു കവിതയെ കാല്‍ച്ചിലങ്കകളിലേക്ക് ആവാഹിക്കുകയെന്നതു നിസാരമല്ല. കാവ്യത്തിന്റെ ഭാഷയിലേക്ക് ചുവടുകളെ മാറ്റിയെഴുതാന്‍ സഞ്ചരിക്കേണ്ട ദൂരം ചെറുതുമല്ല. മുദ്രകളും ഭാവങ്ങളും ചലനങ്ങളുമൊക്കെ മാറ്റി വരയ്ക്കുമ്പോഴേ വരികളും വഴികളും ഒന്നാവൂ. പ്രമേയം പ്രണയമാണെങ്കിലോ...? വേദിയുടെ വാസ്തവങ്ങളിലേക്കുള്ള ദൂരം പിന്നേയും വളരുന്നു. മോഹിനിയാട്ടത്തിന്റെ പദചലനങ്ങളിലേക്ക് അങ്ങനെ കവിതകളെ പകര്‍ത്തിയെഴുതിയ ഒരാള്‍. പേര്, സൗമ്യ സതീഷ്. നര്‍ത്തകിയെന്ന വാക്കിന്റെ പരിധിയിലൊതുക്കണോ...? സൗമ്യ സതീഷ് എന്ന നര്‍ത്തകിയുടെ നൃത്തച്ചുവടുകള്‍ ഒരിക്കലെങ്കിലും കവര്‍ പറയുന്നു, ഇത് നൃത്തവേദിയിലെ പുത്തന്‍ അനുഭവം. കവിതയിലെ കഥ പകര്‍ന്നാടിയ അപൂര്‍വമായ അനുഭവം...
1988ല്‍ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം. കലാലോകത്ത് തന്റേതായ ചുവടുറപ്പിച്ച നര്‍ത്തകി. കേവലം ഒരു നര്‍ത്തകി മാത്രമാണോ...? അല്ല. സൗമ്യ ഒരു നടി കൂടിയാണ്. സുല്‍ത്താന്‍ എന്ന ചിത്രത്തിലെ രേവതിയമ്മ എന്ന കഥാപാത്രത്തെ ഓര്‍മയുണ്ടോ...? നിവേദ്യത്തിലെ രാധത്തമ്പുരാട്ടിയെ മറന്നിട്ടില്ലല്ലോ....?
നൃത്തവേദിയിലെ പരീക്ഷണങ്ങളാണ് സൗമ്യയുടെ ഉപാസന. കവയത്രി സുഗതകുമാരിയുടെ 'കൃഷ്ണ നീ എന്നെ അറിയില്ല' എന്ന പ്രശസ്ത കവിതയെ നൃത്തരൂപത്തില്‍ ആവിഷ്‌കരിച്ചാണ് സൗമ്യ നൃത്തച്ചുവടുകളില്‍ കവിതയെ പുണര്‍ന്നത്. അത് സുഗതകുമാരി യുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടം.
ഗായകന്‍ വേണുഗോപാലിന്റെ ആലാപന മാധുര്യത്തില്‍ ആകൃഷ്ടയായാണ് ആ കവിത പരിചയിച്ചതെന്നു സൗമ്യ. നിരവധി സ്‌റ്റേജുകളില്‍ ഈ കവിത പകര്‍ന്നാടി. ചങ്ങമ്പുഴയുടെ വസന്തോത്സവം എന്ന കവിതയായിരുന്നു അടുത്ത നൃത്തസൃഷ്ടി. പ്രണയമെന്ന വാസ്തവത്തെ കവിതയുടെ കാല്‍പ്പനികതയുമായി ഇണക്കിയെടുത്ത കവിയെ പദചലനങ്ങളിലേക്കു കൊണ്ടുവരാന്‍ മൂന്നു മാസം വേണ്ടിവന്നു. മുരളി മേനോന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച കവിത സ്റ്റേജില്‍ ആലപിച്ചത് മഞ്ജു മേനോനും മുരളി മേനോനും. കൃഷ്ണന്‍ വൃന്ദാവനത്തില്‍ നിന്നും ദ്വാരകയിലേക്ക് പോയതിനുശേഷം ദു:ഖിച്ചിരിക്കുന്ന രാധയുടെ വിരഹമായിരുന്നു അഭിനയിച്ച് ആടിയത്.
അഞ്ചാം വയസ്സില്‍ നൃത്തോപാസന ആരംഭിച്ച സൗമ്യയുടെ ഗുരു കലാമണ്ഡലം ശ്രീദേവി ഗോപിനാഥാണ്. കലാലയ ജീവിതത്തിനുശേഷം നൃത്തം ഉപേക്ഷിക്കേണ്ടിവരും എന്ന് കരുതിയിരുന്ന സൗമ്യയ്ക്ക് ജീവിതപങ്കാളിയായി കിട്ടിയത് പാലക്കാട് ജില്ലയിലെ ലക്കിടി സ്വദേശി സതീഷ് കുമാറിനെ. കലയ്ക്കും സംസ്‌കാരത്തിനും വളരെയധികം പ്രാധാന്യം നല്‍കിയിരുന്ന സതീഷാകട്ടെ സൗമ്യയുടെ ചിലങ്കകള്‍ താളം വര്‍ധിപ്പിച്ചു. സൗമ്യയുടെ മൂത്തമകന്‍ അര്‍ജുന്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്. ഇളയമകന്‍ നന്ദകൃഷ്ണന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. കുടുംബ ജീവിതത്തിന് സംഗീതം ഭാരമാകുന്നില്ല, സംഗീതത്തിന്റെ വഴിയില്‍ സൗമ്യയുടെ ജീവിതം ലളിതം, സൗമ്യം.
മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ഭരതകലാമന്ദിരം എന്ന ഡാന്‍സ് സ്‌കൂളിലെ ഗുരുവാണു സൗമ്യ. കുട്ടികള്‍ എങ്ങനെ നൃത്തം പഠിക്കണം എന്നതിനെക്കുറിച്ചു പറഞ്ഞു തരാന്‍ സൗമ്യയെപ്പോലെ യോഗ്യ മറ്റാരുണ്ട്...! പത്തുവയസ്സിനു മേല്‍ പ്രായമുള്ള കുട്ടികളാണ് മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങള്‍ അഭ്യസിക്കാന്‍ അനുയോജ്യമായ പ്രായമെന്നാണ് സൗമ്യയുടെ അഭിപ്രായം. ഉള്‍ക്കൊണ്ടുപഠിക്കേതുണ്ട് നൃത്തം. ഡിസിപ്ലിനുള്ളകലയാണ് നൃത്തം... സൗമ്യ പറയുന്നു.
നൃത്ത വേദിയില്‍ നേടിയ അംഗീകാരങ്ങള്‍ പോലെ സിനിമാ പ്രവേശനവും അപ്രതീക്ഷിതമായിരുന്നു. ലോഹിതദാസുമായി കുടുംബത്തിനുണ്ടായിരുന്ന അടുപ്പം. ആ സൗഹൃദമാണ് നിവേദ്യത്തില്‍ രാധ തമ്പുരാട്ടി എന്ന കഥാപാത്രത്തെ സൗമ്യയ്ക്ക് സമ്മാനിച്ചത്. മലയാളത്തിന്റെ ഇതിഹാസ നടന്‍ ഭരത് ഗോപിയുടെ ഭാര്യ വേഷമായിരുന്നു.
നൃത്ത ലോകത്തു നിറയുന്നു സൗമ്യ. വസന്തോത്സവം അവതരിപ്പിക്കാന്‍ വേദികളില്‍ നിന്നു ക്ഷണങ്ങള്‍ ഏറെ. കാവ്യങ്ങള്‍ ഇനിയുമുണ്ട് ചുവടുകളില്‍ നിറയ്ക്കാന്‍. സൗമ്യക്ക് നൃത്തമൊരു തൊഴിലല്ല, ഉപാസനയാണ്. ജീവിതത്തില്‍ നിന്ന് ഇഴപിരിക്കാനാവാത്ത നൃത്തോപാസന...

PREVIOUS STORY