സങ്കടം തീര്‍ന്നേ.....


ശ്രീദേവി കെ ലാല്‍

വര്‍ണ്ണച്ചിറകുള്ള സുന്ദരി പൂമ്പാറ്റ പൂവുകള്‍തോറും പാറിക്കളിക്കുന്നത് സങ്കടത്തോടുകൂടി നോക്കിയിരിക്കുകയാണ് ഉണക്കിലയുടെ നിറമുള്ള കുഞ്ഞിപ്പൂമ്പാറ്റ. മനോഹരമായ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി അഹങ്കാരത്തോടെ പൂവുകളില്‍ നിന്നും പൂവുകളിലേക്ക് തേന്‍ നുകര്‍ന്നു പറക്കുന്നതു കണ്ടപ്പോള്‍തന്റെ ഭംഗിയില്ലായ്മയില്‍ കുഞ്ഞിപ്പുമ്പാറ്റക്ക് ദുഃഖം തോന്നി.

ഉണക്കിലച്ചിറകു വിരിച്ച് കുഞ്ഞിപൂമ്പാറ്റ മറ്റൊരു പൂവില്‍ തേന്‍കുടിക്കാന്‍ ചെന്നിരുന്നു. അപ്പോഴാണ് വികൃതിക്കുട്ടനായ ഉണ്ണിക്കുട്ടന്‍ അവിടേക്ക് വന്നത് . സുന്ദരിപൂമ്പാറ്റയുടെ വര്‍ണ്ണച്ചിറകുകള്‍ ഉണ്ണിക്കുട്ടന്റെ കണ്ണില്‍ പെട്ടു. തൊട്ടരികിലിരുന്നിരുന്ന ഉണക്കിലപൂമ്പാറ്റയെ അവന്‍ കണ്ടതേയില്ല.

ഉണ്ണിക്കുട്ടന്‍ പമ്മിപ്പമ്മിച്ചെന്ന് സുന്ദരിപൂമ്പാറ്റയുടെ വര്‍ണ്ണച്ചിറകുകളില്‍ 'ടപ്പേ 'ന്നൊറ്റ പിടി വച്ചു കൊടുത്തു. പേടിച്ചരണ്ട സുന്ദരിപൂമ്പാറ്റ രക്ഷപ്പെടാനായി കുതറി. പക്ഷേ ചിറകുകള്‍ പകുതിയും ഉണ്ണിക്കുട്ടന്റെ കൈയ്യില്‍ ! പകുതി അടര്‍ന്ന് വികൃതമായ ചിറകുമായി അഹങ്കാരിപൂമ്പാറ്റ വേച്ചു വേച്ചു പറന്നു ചെടിയുചെ മുകളറ്റത്തുപോയി ദുഃഖിച്ചിരുന്നു. ഇതു കണ്ടപ്പോള്‍ ഉണക്കയിലപൂമ്പാറ്റക്കും വിഷമമായി.

അവള്‍ തന്റെ സൗന്ദര്യമില്ലായ്മയില്‍ ആദ്യമായി സന്തോഷിച്ചു. തനിക്കു വര്‍ണ്ണച്ചിറകുകളില്ലാത്തതിനാലാണല്ലോ ഉണ്ണിക്കുട്ടന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത് ! സൗന്ദര്യമില്ലായ്മ ചില നിര്‍ണ്ണായക നിമിഷങ്ങളില്‍ ഒരനുഗ്രഹം തന്നെയാണെന്ന് അവള്‍ക്കു ബോധ്യമായി .അതേക്കുറിച്ചോര്‍ത്ത് പിന്നീടൊരിക്കലും അവള്‍ ദുഃഖിച്ചിട്ടില്ല. അവള്‍ ആഹ്ലാദപൂര്‍വ്വം തേന്‍കുടിക്കാനായി പൂവുകള്‍ തോറും പാറിപ്പാറി നടന്നു.

PREVIOUS STORY