വ്യത്യസ്തം രജത്തിന്റെ വേഷങ്ങള്‍


സുചിത്ര

സിനിമയെന്ന വലിയ ഗ്രൗണ്ടില്‍ സ്വപ്‌നങ്ങളുടെ പന്തുമായി 'ഗോള്‍ ' അടിയ്ക്കാനിറങ്ങിയ രജത്തിനെ ആരും മറന്നിട്ടുണ്ടാകില്ല .ആദ്യ വരവിലെ ചെറിയ നിരാശ മറികടന്നാണ് രജത്ത് തിരിച്ചുവന്നിരിക്കുന്നത്. യുവത്വത്തിന്റെ മത്സര ബുദ്ധിയോടെ ആ കളിക്കളത്തിലേക്കിറങ്ങുമ്പോള്‍ അവിടെ കിട്ടിയ വേഷങ്ങളിലൊന്ന് സെവന്‍സ് എന്ന ചിത്രം. മറ്റൊന്നു വെള്ളത്തൂവല്‍. അടുത്തത് ഡോക്റ്റര്‍ ലൗ. സിനിമാ വിശേഷങ്ങളുമായി രജത്തിനൊപ്പം അല്‍പ്പനേരം.
യഥാര്‍ഥ പേര് രജിത്ത് മേനോന്‍. സിനിമയിലെത്തിയപ്പോള്‍ രജത്ത് എന്നും രഞ്ജിത്ത് എന്നും പലരും വിളിച്ചു. ഒടുവില്‍ രജത്ത് എന്ന പേര് ഫിക്‌സ് ചെയ്തു. ക്യാമറയ്ക്കു മുന്നിലെത്തുമെന്ന് സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. പക്ഷെ സിനിമ എന്നും എനിക്കൊരു പാഷനായിരുന്നു. അവിചാരിതമായിട്ടാണ് സിനിമയിലേക്കുള്ള എന്‍ട്രി. യാദൃശ്ചികമായിരുന്നു അത്. തൃശൂരില്‍ ഷൂട്ടിങ് നടക്കുന്നുണ്ടെന്നറിഞ്ഞ് കൂട്ടുകാരോടൊപ്പം എത്തിയതായിരുന്നു. മമ്മൂട്ടിയും സംവിധായകന്‍ കമലുമൊക്കെയുണ്ടായിരുന്നു സെറ്റില്‍. കമലിന്റെ അസിസ്റ്റന്റ് സുഗീതിനെ പരിചയപ്പെട്ടു. ഫോണ്‍ നമ്പറും വാങ്ങി. ഏറെ വൈകാതെ ഒരു വിളി വന്നു. സുഗീതിന്റെ ആല്‍ബത്തില്‍ അഭിനയിക്കാന്‍. കമലിന്റെ ഗോള്‍ എന്ന ചിത്രത്തിലേക്ക് നായകനെ തെരയുന്ന സമയമായിരുന്നു അത്.
സോങ് റെക്കോഡിനായി ചെന്നൈയില്‍ പോകുന്നവഴി സുഗീത് പറഞ്ഞാണ് രജത്തിനെ കമല്‍ പരിചയപ്പെട്ടത്. ചെന്നൈയിലായിരുന്നു ഞാന്‍ അപ്പോള്‍. അങ്ങനെ ഗോള്‍ എന്ന ചിത്രത്തില്‍ രജത്ത് നായകനായി. പിന്നീട്
നിരവധി ഓഫറുകള്‍ വന്നു. പക്ഷെ പഠനത്തില്‍ ശ്രദ്ധിക്കാനാണ് അപ്പോള്‍ തോന്നിയത്. അതിനാല്‍ ഓഫറുകള്‍ നിരസിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിനു ചേര്‍ന്നു. ഈ സമയത്താണ് വെക്കേഷനില്‍ ഐ വി ശശിയുടെ വെള്ളത്തൂവല്‍ എന്ന സിനിമയില്‍ ഒരു അവസരം കിട്ടിയത്. പ്രൊഫഷന്‍ സിനിമയാണെന്ന് നിശ്ചയിച്ചു.
സംവിധായകന്‍ ജോഷിയുടെ ക്ഷണമായിരുന്നു അടുത്തത്. സെവന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഒരു നെഗറ്റീവ് ക്യാരക്റ്ററായിരുന്നു. പിന്നീട് ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ വില്ലന്റെ റോള്‍. ചലഞ്ചിങ്ങായ ഒന്നായിരുന്നു ഇത്. കാരണം. നല്ല പ്രതികരണം കിട്ടിയ റോളായിരുന്നു അത്. ജനകന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പവും സുരേഷ് ഗോപിക്കൊപ്പവുമൊക്കെ അഭിനയിക്കാന്‍ അവസരം കിട്ടിയത് ഇത്രയും കാലത്തിനിടെ കിട്ടിയ നല്ല മുഹൂര്‍ത്തങ്ങള്‍.
ഇന്നാണ് ഈ കല്യാണം എന്ന സിനിമയാണ് രജത്ത് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ക്യാമ്പസും കുടുംബമുഹൂര്‍ത്തങ്ങളുമുള്ള പ്രണയ കഥയാണിത്. ക്യാമ്പസിലെ പ്രണയം ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് പ്രമേയം. റോഷന്‍, മാളവിക, ശരണ്യാമോഹന്‍, സായികുമാര്‍, ജഗതി, അശോകന്‍,, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ളരാജു, ഇന്ദ്രന്‍സ്, ബിന്ദുപണിക്കര്‍, രോഹിണി, കല്പന, ബിന്ദുപണിക്കര്‍ എന്നിവരാണ് മറ്റു നടീനടന്മാര്‍.
പുതിയ ചിത്രങ്ങളുടെ ഓഫര്‍ വന്നിട്ടുണ്ട്. മൂന്നു ചിത്രങ്ങളുടെ ഓഫറുകളാണ് ഉള്ളത് .തമിഴില്‍ നിന്നും ചാന്‍സ് കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം പഠിത്തം കൂടി നടക്കുന്നുണ്ട്. ഇപ്പോള്‍ എം ബി എ ഡിസ്റ്റന്റ് എഡ്യൂക്കേഷനായി ചെയ്യുന്നു. അച്ഛനും അമ്മയും ചേച്ചിയും കുടുംബവുമാണ് കുടുംബം.

PREVIOUS STORY