അനുരാഗത്തിന്റെ നൊമ്പരം


ഉജിയാബ്

ഓര്‍മകളുടെ അസ്ഥിത്തറയില്‍ ഒരു നൂല്‍ത്തിരി കത്തിച്ചു വച്ചു. മനസിന്റെ ആകാശത്ത് സ്വപ്‌നങ്ങള്‍ സഞ്ചരിക്കട്ടെ. പ്ലാവിലകള്‍ പട്ടുമെത്തയൊരുക്കിയ മുറ്റത്തു നടക്കാന്‍ നല്ല രസം. കിടപ്പുമുറിയില്‍പ്പോലും ചെരുപ്പിട്ടു ശീലിച്ച കാല്‍പ്പാദങ്ങളില്‍ ഇലത്തുണ്ടുകള്‍ ഇക്കിളിയിടുന്നു. വരിക്ക പ്ലാവാണെങ്കിലും ഇതുവരെ തന്നെ ആരും വരിച്ചിട്ടില്ലാത്ത മട്ടില്‍ എല്ലാ കൊല്ലവും ചക്ക തരുന്നതുകൊണ്ടാണ് ഈ മുറ്റത്തു നിന്നു വെട്ടിമാറ്റാത്തത്. മൂണ്‍വാക്കിന്റെ സ്റ്റൈലില്‍ വലതു കാല്‍ ഉമ്മറപ്പടിയിലേക്ക് വച്ചുവച്ചില്ലായെന്നായപ്പോള്‍ പാദാരവിന്ദങ്ങളില്‍ നിന്നൊരു നീറ്റല്‍. കല്ലും മുള്ളും കാലുക്കുമെത്തെ എന്നു ശരണം വിളിച്ച് തിണ്ണയിലേക്കു കയറി. നിന്നെപ്പോലൊരു മകനെക്കുറിച്ച് നിന്റെയച്ഛന്‍ ആലോചിക്കുന്നതിനു മുമ്പേ ഈ മുറ്റത്തു ഞാനുണ്ടായിരുന്നെടാ എന്ന ഭാവത്തില്‍ വെളുക്കെ ചിരിക്കുന്നു ചവിട്ടു പടിക്കുതാഴെ കാവല്‍ നില്‍ക്കുന്ന കരിങ്കല്ല്. ബാലപീഡനത്തിനു കേസെടുക്കണം ആ കല്ലിന്റെ പേരില്‍. കുട്ടിക്കാലത്ത് അന്യായമായി എത്രയോ തവണ കാലിലെ നഖം കളഞ്ഞിരിക്കുന്നു അശ്രീകരം. അന്നുമുണ്ടായിരുന്നു കാക്ക തേങ്ങാപ്പൂള്‍ കൊത്തിപ്പിടിച്ച ഈ ചിരി. റ്റുഡേ അയാം ഗോയിങ് റ്റു എക്‌സിക്യൂട്ട് യു... ഫൈനല്‍ പണിഷ്‌മെന്റ്. തൂമ്പയെടുക്കാന്‍ വടക്കുവശത്തെ ചായ്പ്പിലേക്കു മാര്‍ച്ച് പാസ്റ്റ്. ചുവന്നു തടിച്ച കാലിന്റെ വേദനയെ കമുകറയുടെ ശബ്ദത്തിലേക്ക് ആവാഹിച്ചുള്ള ആ നടത്തത്തിന് ഒരു ഗമയുള്ളതായി തോന്നി. ചുമല്‍ ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു. അന്നു നിന്നേ കണ്ടതില്‍പ്പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു.... അതിനുള്ള വേദനയിതാ വിരല്‍ത്തുമ്പില്‍ നീരു വച്ചു കിടക്കുന്നു. ചാണകം പുരണ്ട വായ്ത്തലയ്ക്കു മീതെ പീരങ്കിയുടെ ചന്തത്തില്‍ എഴുന്നേറ്റു നില്‍ക്കുന്നു തൂമ്പ. ഈ വീട്ടിലുള്ളതിനെല്ലാം എന്നെക്കാള്‍ പ്രായമുള്ളതുകൊണ്ട് ബഹുമാനിക്കാതെ വയ്യ. തുമ്പപ്പൂ പറിക്കുന്ന സ്‌നേഹത്തോടെ തൂമ്പയുടെ കുഴയില്‍ കൈയമര്‍ന്നു. എന്റെ ദൈവമേ പരശുരാമനെ സമ്മതിക്കണം. ഇതുപോലൊരു മഴു ആ മഹാനുഭാവന്‍ എത്ര ദൂരമാ എറിഞ്ഞെത്തിച്ചത്...! വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് തോമസിന്റെ അമ്മ പറഞ്ഞത് ഓര്‍മയുണ്ട്. അതുകൊണ്ട് അടുക്കള ഭാഗത്തെ വാതില്‍ അടച്ചു. അച്ഛന്‍ ഈ വീടിന്റെ ഇടംകൈയാണെന്ന സമവാക്യം നോക്കുമ്പോള്‍ അമ്മയാണല്ലോ വലം കൈ അടുക്കളയിലിരുന്ന് ഈ സാഹസം കാണണ്ട. മാത്തമാറ്റിക്‌സില്‍ ഈ മകന്റെ മിടുക്കിനെ സ്വയം പ്രണമിച്ചു. അച്ചുവേട്ടന്റെ താമരപ്പൊയ്കയില്‍ കൊതുമ്പു വള്ളമിറങ്ങിയ ദിവസമാണെന്നു തോന്നുന്നു. അമ്മിണിച്ചേച്ചിയുടെ പശുവിന്റെ ശബ്ദത്തില്‍ ഒരു നല്ല പാട്ട് അയല്‍വീട്ടില്‍ അബദ്ധസഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്നു. അരിക്കലത്തിലെ വെള്ളം അടുപ്പിലേക്കൊഴുകിയ ശബ്ദത്തോടെ ആ നീട്ടിക്കുറുക്കലില്‍ ഇതാ വീണ്ടും നെഞ്ചിന്റെ ഭാരം കൂടുന്നു. പ്രണയത്തിനു സംഗീതത്തിന്റെ മധുരം പകര്‍ന്നതാരാണ്. പരീക്കുട്ടിയുടെ പാട്ടുകേട്ടു ചിരിക്കുന്നവരേ, ദേവദാസിനെ നോക്കി കളിയാക്കിയവരേ നിങ്ങളൊക്കെ അറിഞ്ഞിട്ടില്ലേ ഈ വേദന നെഞ്ചിനുള്ളിലുണ്ടാക്കിയ ഭൂകമ്പങ്ങള്‍. ആണ്ടുകളുടെ നൊമ്പരം അടക്കിവച്ച സ്‌നേഹത്തിന്റെ മുല്ലപ്പെരിയാറുകള്‍ മിഴിക്കോണുകളിലൊതുക്കി ഉള്ളുരുകി പ്രാര്‍ഥിച്ചിട്ടില്ലേ നിങ്ങളെല്ലാവരും, ഒരിക്കലെങ്കിലും....
കാലം അങ്ങനെയാണ്. ചില മുറിവുകളെ പുനര്‍വിചാരണയ്ക്കു വിടും. കരള്‍ കൊത്തിപ്പറിക്കാന്‍ ഓര്‍മക്കഴുകന്മാര്‍ തലയ്ക്കു മീതെ വട്ടമിട്ടുകൊണ്ടിരിക്കും. തൊണ്ടി സഹിതം തെളിവുകള്‍ ഞരമ്പുകളുടെ പ്രതിക്കൂട്ടില്‍ വാദപ്രതിവാദങ്ങള്‍ നടത്തും. ഓര്‍ഡര്‍ ഓര്‍ഡര്‍ എന്നു സമാധാനാപ്പിക്കാന്‍ അവിടെയെത്തുന്ന ജഡ്ജിയല്ലേ സംഗീതം. കോട്ടില്ലാത്ത, നാണം മറയ്ക്കാത്ത എല്ലാവരുടേയും നല്ല സുഹൃത്ത്. ഇന്നലെ രാത്രി ഒരു എസ്എംഎസിന്റെ പിന്നാലെയുള്ള യാത്രയില്‍ തിരിച്ചറിഞ്ഞതും അതു തന്നെ.
വിജനമായ ഈ പാതയോരത്ത് തനിച്ചിരിക്കുന്നത് നീ വരുന്നതും കാത്താണ്. കേള്‍ക്കുന്നില്ലേ എന്റെ ഹൃദയം നിനക്കായി പാടുന്നത്. നീയറിയാതെ എത്രയോ തവണ ഞാനിത് ഏറ്റുപാടിയിരിക്കുന്നു. കേള്‍ക്കാത്തതെന്ത്... പ്രിയപ്പെട്ട കൂട്ടുകാരാ, ഉറങ്ങുക. ഞാന്‍ ഉണര്‍ന്നിരിക്കാം. ഗുഡ് നൈറ്റ്...
ഉറക്കം വന്ന കടമിഴിയിലേക്ക് കമലദളം വിടര്‍ത്തിയിട്ടവള്‍ക്ക് റിപ്ലെ അയയ്ക്കാതിരിക്കുന്നതെങ്ങനെ. അതുവേണ്ട. ഒന്നു വിളിച്ചേക്കാം. സുന്ദരിയേ വാ എന്ന റിങ് ടോണിനേക്കാള്‍ നല്ലത് സുന്ദരാ നാദശരീരാ സുരാ.... എന്നൊരു പാരഡിയാണെന്നു തോന്നി. കിളിക്കൊഞ്ചലിന് പകലിനേക്കാള്‍ സൗമ്യത. നീ ഉറങ്ങിയില്ലേ. പതിവു ചോദ്യത്തിന്റെ പൗരുഷം അര്‍ധരാത്രിക്കു നിവര്‍ത്തിയ കുട പോലെയായി. അവളുടെ മൗനം കൈമാറിയ വാചാലതയില്‍ അത് പവിഴമല്ലി പൂത്തുലഞ്ഞ ശ്രീനിവാസനായി. അബലകളാണ് പെണ്ണെന്നു പറഞ്ഞവരെ മുക്കാലിയില്‍ കെട്ടിയടിക്കണം. ഈ മലരമ്പിനു മുന്നില്‍ ചെങ്കോലും കിരീടവും വച്ചു വണങ്ങി തമ്പുരാക്കന്മാര്‍. രാജ്യം അടിയറ വച്ചു ചക്രവര്‍ത്തികള്‍. ജീവന്‍ ബലിയര്‍പ്പിച്ചു ചേകവന്മാര്‍. ഇയാംപാറ്റകളായി പറന്നുകൊണ്ടേയിരിക്കുന്നു കോടാനുകോടി സ്‌നേഹിതന്മാര്‍... കടമിഴിക്കോണുകളിലും കാണായ സൗന്ദര്യത്തിനും പുരുഷനെക്കാല്‍ ശക്തിയുണ്ട്, നോ ഡൗട്ട്. ഒരു നോട്ടംകൊണ്ട്, ഒരു ചിരിയില്‍, ഒരേയൊരു സ്പര്‍ശനത്തില്‍ അടിയറവു പറയാത്ത മീശക്കൊമ്പന്മാരുണ്ടോ...? ചെവിയോടു ചേര്‍ത്തു വച്ച ഒരു ഇരുമ്പിന്‍ കഷണത്തിലേക്ക് ടവറുകള്‍ തള്ളിവിട്ട ഇലക്്ട്രിക് തരംഗങ്ങള്‍ വന്നു വീണപ്പോള്‍ ഉറക്കം പോയില്ലേ.... എന്തിനേറെ....!
ഹലോ... ഉറങ്ങിയോ....? മലയാളിക്കു മണ്ഡലക്കാലം സമ്മാനിക്കുന്ന വൃശ്ചികത്തിനെന്തേ ഇന്നൊരു നാണം. ഉന്മാദിയായ കാറ്റ് ജനലിനോടു കിന്നാരം പറയുന്നു. പാലപ്പൂവിന്റെ മണവും കുമാരേട്ടാ എന്ന വിളിയും കൂടിയുണ്ടെങ്കില്‍ ശ്രീകൃഷ്ണപ്പരുന്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് എടുക്കാമായിരുന്നു. ടിന്റുമോന്‍ പോലും പറയാത്ത തമാശകള്‍ അവളെ ചിരിപ്പിച്ചില്ല. മനുഷ്യാ, കാലമെത്രയായി ഞാന്‍ ചോദിക്കുന്നു. എന്റെ പ്രണയവല്ലരിയിലെ പൂക്കള്‍ പൊഴിയുന്നതു വരെ നിങ്ങള്‍ മൗനം ഭജിക്കുമെന്ന് എനിക്കറിയാം. വലതു കൈ നീട്ടിയൊന്നു വിളിച്ചാല്‍ മതി. ഞാന്‍...
ഇറങ്ങിവരും. അതെനിക്കറിയാം. മരവിച്ച വലതു കൈകൊണ്ട് ഞാനെങ്ങനെ നിന്റെ കൈകള്‍ക്കു ശക്തി പകരും. നോക്കൂ എന്റെ പിന്നില്‍ ഇരുട്ട് തളം കെട്ടിക്കിടക്കുന്നു. വെളിച്ചം തേടി ഓടിക്കൊണ്ടിരിക്കുയല്ലേ ഞാന്‍. കൂട്ടുകാരി, നീ പതുക്കെ നടക്കുക. ജീവിതത്തിന്റെ നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഒരാള്‍ പുറകെ വരുന്നുണ്ട്. നഷ്ടപ്പെട്ട വാരിയെല്ലു തിരഞ്ഞ് അവന്‍ നിന്റെ പടിവാതിലില്‍ വരും. മുട്ടിവിളിക്കുമ്പോള്‍ പൂമുഖത്ത് നീയുണ്ടാകണം.... ശുഭരാത്രി...
ഭാഗ്യം ചെയ്ത കല്ലേ, കരിങ്കല്ലാണ് നെഞ്ചിലെന്ന് ലിന്‍ഡ പറഞ്ഞതിലെന്താണു തെറ്റ്.... നിന്റെ കേസ് അവധിക്കുവച്ചിരിക്കുന്നു...
കൊള്ളാം പ്രിന്‍സേ, കഥ സെലക്റ്റഡ്. ഒരു കഥയുമായിട്ടേ മടങ്ങൂ എന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. കീപ്പ് ഇറ്റ് അപ്പ്...

PREVIOUS STORY