തളിരിന്റെ നൊമ്പരം


reporter

പൂന്തോട്ടത്തില്‍ നനച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പിന്നില്‍ നിന്നും ഒരു വിളി കേട്ടു. ചേച്ചി, ചേച്ചി, കുറച്ചു വെള്ളം തര്വോ കുടിയ്ക്കാന്‍. ഇറയത്ത് ചാരു പടിയില്‍ ഇരിക്കുന്ന അമ്മ പിറുപിറുക്കുന്നത് കേട്ടൂ. അശ്രീകരണങ്ങള്. ദിവസവും ഇത് പതിവാ. ഗ്രൗണ്ടില്‍ തിമിര്‍ത്ത് കുളി കഴിഞ്ഞ് ഓടി വരും ഇങ്ങട്ട് വെള്ളം കുടിക്കാന്‍. പുറത്തെ പൈപ്പില്‍ നിന്നും കുടിച്ചു കൂടെ ഇവറ്റകള്‍ക്ക്. സാരമില്ലമ്മെ പാവങ്ങള്‍ക്ക് ദാഹിച്ചിട്ടല്ലെ. പൈപ്പ് ഓഫാക്കി അകത്തേക്ക് നടന്നു വെള്ളമെടുക്കാന്‍. വലിയൊരു പാത്രത്തിലെടുത്തേയ്ക്കു ചേച്ചി. പിന്നാലെ വരുന്നുണ്ട് ഒരു പട. ചിരി വന്നെങ്കിലും അടക്കിപ്പിടിച്ചു. അമ്മ പല്ലിറുമ്മുന്നുണ്ടായിരുന്നു. വലിയൊരു മൊന്തയില്‍ വെള്ളവും രണ്ടു മൂന്നു ഗ്ലാസുമായി എത്തിയപ്പോഴേക്കും വാനരപ്പട റെഡി. ഓരോരുത്തര്‍ക്കായി വെള്ളം കൊടുത്തു. മോന്തി കുടിക്കരുതെന്നു അമ്മ വിലക്കുന്നുണ്ടായിരുന്നു. കുടിച്ചവര്‍ തന്നെ വീണ്ടും വീണ്ടും കുടിച്ച് ദാഹം തീര്‍ത്തു. അവസാനം ഗ്ലാസും മൊന്തയുമായി ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അമ്മയുടെ വക വീണ്ടും ശകാരം. അവറ്റകളോട് തന്നെ അതു കഴുകി കമിഴ്ത്താന്‍ പറയണ്ടതല്ലെ, ഏതൊക്കെ ജാതിയാണാവൊ! കഷ്ടം! ദേഷ്യത്തോടെ അമ്മയെ തുറിച്ചു നോക്കിയിട്ടു ഗ്ലാസും മൊന്തയും ഞാന്‍ തന്നെ കഴുകി വച്ചു. വീണ്ടും പൈപ്പ് തുറന്നു നനയ്ക്കാന്‍ തുടങ്ങി. എന്തേ ഇന്നു വെള്ളതിനു ഫോഴ്‌സ് കുറവാണല്ലോ. ചുവന്ന പനയ്ക്കു താഴെ ഹോസ് പൈപ്പ് ഇട്ടിട്ട് മാവിന്‍ തറയില്‍ പോയി ഇരുന്നു. കുട്ടികലുടെ ആരവം ഗ്രൗണ്ടില്‍ നിന്നും കേള്‍ക്കാം. തിമിര്‍ത്ത് കളി നടക്കുകയാണ്. അവരെത്തന്നെ നോക്കിയിരുന്നപ്പോള്‍ ഓര്‍മ്മയിലെ തിരശ്ശീല നീങ്ങിയൊ! നമുക്കിത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഒന്നെത്തി നോക്കാന്‍ ഒരാവേശം. വാശി പിടിക്കാന്‍, കലഹിക്കാന്‍, തല്ലു കൂടാന്‍, പരിഭവിക്കാന്‍, പിണങ്ങിയിരിക്കാന്‍ ഒക്കെ ഒരു മോഹം. കയ്പ്പും മധുരവും നിറഞ്ഞ ഒരു കാലം.
മൂത്ത രണ്ടു ചേച്ചിമാര്‍ക്കു ശേഷം മൂന്നാമതായി വന്ന അനിയത്തി കാത്തിരിക്കാതെ അതിഥിയായി പോയി. പിന്നെ എനിക്ക് അനുജനുണ്ടായപ്പോള്‍ അവന്‍ രാജകുമാരനായതെങ്ങനെ! കുഞ്ഞു മനസ്സില്‍ അത് ഉത്തരം കിട്ടാതെ ചോദ്യമായി കിടന്നു. ചേച്ചിമാര്‍ എന്നെ ശുണ്ഠി പിടിപ്പിക്കാനായി പാടാറുണ്ട്-
' ഒന്നാമന്‍ കൊന്നപ്പൂവ്
രണ്ടാമന്‍ രാജാവ്
മൂന്നാമന്‍ മൂതക്കുടിയന്‍
നാലാമന്‍ നാലു മണിപ്പൂവ്'

മൂന്നാമന്‍ എന്തേ മുല്ലപ്പൂ ആയില്ല! കുഞ്ഞിക്കണ്ണിലെ മുത്തുമണികള്‍ ആരും കണ്ടില്ലെന്നു നടിച്ചു.
കൂട്ടു കുടുംബമായിരുന്നു അച്ഛന്റേത്. അച്ഛനും വല്യച്ഛനും മുത്തശ്ശിയും കുറേ കുട്ടികളും ഊഞ്ഞാലും മാവിന്‍ ചോടും കുളക്കടവും ഒക്കെ ഓര്‍മ്മയിലുണ്ട്. മുത്തശ്ശി മരിച്ചപ്പോള്‍ അച്ഛന്‍ ഞങ്ങളേയും കൂട്ടി മാറി താമസിച്ചു. അബ്രഹ്മണരായ ഭാര്യയേയും മക്കളേയും ഉള്ളു തുറന്നു സ്‌നേഹിക്കാന്‍ ആ തറവാട്ടില്ലം ശരിയാകില്ലെന്നു അച്ഛനു തോന്നി കാണണം.
ഇടയ്ക്കു ഇല്ലത്തേക്കു പോകുമ്പോള്‍ അച്ഛന്‍ എന്നേയും കൊണ്ടു പോകാറുണ്ട്. ഊണ് കഴിക്കുമ്പോള്‍ അച്ഛന്റെ നെയ്യുരള പതിവായി കിട്ടാറുണ്ട്. തറവാട്ടില്‍ അടുക്കളയില്‍ അച്ഛന്‍ ഉണ്ണാനിരിക്കുമ്പോള്‍ അടുത്തു ചെല്ലാന്‍ അനുവാദമില്ല. ഉമ്മറപ്പടിയില്‍ നിന്നു കൊണ്ടു ഷമ്മീസിട്ട ഒരു അഞ്ചു വയസുകാരി പതിവു കോട്ട കിട്ടാനായി കാത്തു നില്‍ക്കും. നിരാശയാണു ഫലം. അവസാനം ഗോവണിച്ചോട്ടിലെ ഇരുട്ടു മുറിയില്‍ വയറുവേദനയെടുത്തു കരയുമ്പോള്‍ വാല്യക്കാരികള്‍ ചൂടുവെള്ളത്തില്‍ മരുന്നു കലക്കി തരും. കുഞ്ഞുമനസിലെ വേദന ആ മരുന്നു കൊണ്ടൊന്നും മാറില്ല. പിന്നെ പിന്നെ തറവാട്ടില്ലത്തേയ്ക്കു അച്ഛന്‍ വിളിക്കുമ്പോള്‍ പോകാതായി. ഈ കുട്ടിക്ക് എന്താ പറ്റിയതെന്ന് ഉത്കണ്ഠപ്പെടുന്ന അച്ഛന്‍.
പെട്ടെന്ന് തല.യില്‍ ശക്തിയായി എന്തൊ അടിച്ചു വീണു. മുകളില്‍ മാവിലേക്കു നോക്കി. മാവ് പൂക്കാറാവുന്നതല്ലേയുള്ളൂ. പിന്നെന്തായിത്. ചുറ്റും നോക്കുമ്പോള്‍ അതാ മുമ്പില്‍ നില്‍ക്കുന്നു നേരത്തെ വന്ന കുട്ടി സ്രാങ്കുകള്‍. ക്ഷമാപണത്തോടെ- ചേച്ചീ, ക്രിക്കറ്റ് ബോള്‍ ഇവിടേയ്ക്കു വീണു എടുത്തോട്ടെ? ബോള്‍ കൊടുത്തിട്ട് ചുട്ട അടി കിട്ടും എന്ന് ആംഗ്യം കാട്ടി. ചമ്മലോടെ പന്തുമായി അവര്‍ ഓടി മറഞ്ഞു. പൈപ്പില്‍ നിന്നും വെള്ളമെടുത്തു നെറ്റിയില്‍ അമര്‍ത്തി തടവി. മുഴച്ചിരിക്കുന്നു. വേദനിക്കുന്നുമുണ്ട്. സാരമല്യ. ഒരു സുഖമുള്ള വേദന. പനച്ചോട്ടില്‍ വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഹോസ് എടുത്തു മാറ്റി വയ്ക്കുമ്പോള്‍ ഓര്‍ത്തു. പാവങ്ങളല്ലേ ഈ കുട്ടികള്‍. അവര്‍ കളിക്കട്ടെ. കളിച്ചു വളരട്ടെ. ഓമനിച്ചു ഓര്‍മിക്കാന്‍ ഒരു പാട് ഓര്‍മ്മകള്‍ സമ്പാദിച്ചു ബാല്യമെന്ന പുനര്‍ജ്ജനി നൂണ്ട് പ്രകാശമുള്ള കര്‍മ്മപഥത്തിലെത്തട്ടെ.

PREVIOUS STORY