കേരളത്തിന്റെ സുന്ദരിക്കുട്ടി സിനിമയിലേക്ക്


sandeep

ശ്രുതി നായര്‍ . പേരില്‍ എന്തെങ്കിലും അപരിചിതത്വം തോന്നുന്നുണ്ടോ ...? ഒരുപക്ഷേ ബ്രിട്ടനിലെ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത പേരായിരിക്കാം. 2011 മിസ് കേരളയിലെ ഫസ്റ്റ് റണ്ണര്‍ അപ്പ് . ഇപ്പോള്‍ മനസിലായിട്ടുണ്ടാകും ഈ സുന്ദരിക്കുട്ടിയെ. യുകെമലയാളം പത്രത്തിനൊപ്പം ശ്രുതി നായര്‍.


അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴേ ടിവിയിലെ പരസ്യങ്ങളെയും മോഡലുകളെയും ശ്രദ്ധിച്ചിരുന്ന ഒരു പെണ്‍കുട്ടി. അവള്‍ കേരളത്തിന്റെ സൗന്ദര്യ കിരീടം അണിഞ്ഞുവെങ്കില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മിസ് കേരള 2011ല്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശ്രുതിയുടെ സ്വപ്‌നങ്ങള്‍ക്കു ചിറകു വിടരുകയായിരുന്നു. 'ഇഷ്ടങ്ങളുടെ' വഴിയില്‍ സ്വന്തം നാടിന്റെ അംഗീകാരം. മിസ് കൊച്ചി പ്രിന്‍സസ്, മുംബൈ നേവി ക്യൂന്‍ മത്സരത്തില്‍ മിസ് മോസ്റ്റ് പോപുലര്‍.... ബ്യൂട്ടി കോംപറ്റിഷന്‍ സ്‌റ്റേജുകളില്‍ ഇതിനു മുമ്പേ ശ്രുതി പട്ടങ്ങള്‍ നേടിയിട്ടുണ്ട്. ഇരുപത്തിയൊന്നു വയസിനുള്ളിലെ നേട്ടങ്ങള്‍... കൊച്ചി ഇന്റര്‍ നാഷണല്‍ ഫാഷന്‍ വീക്കില്‍ ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് കേരളത്തിന്റെ റാംപില്‍ ശ്രുതി ശ്രദ്ധിയ്ക്കപ്പെടുന്നത് . കേരള സൗന്ദര്യ മത്സരത്തില്‍ ടൈറ്റില്‍ ലഭിച്ചതോടെ ശ്രുതിയെത്തേടി സിനിമയെത്തി. പുതുവര്‍ഷത്തില്‍ പുതിയ കരിയറിന്റെ തുടക്കം. ഡോള്‍സ് എന്ന മലയാള ചിത്രത്തിലെ നായികയായി അരങ്ങേറ്റം. ഫെബ്രുവരിയിലാണ് ഷൂട്ടിങ് ആരംഭിക്കുക. ശ്രുതിയുടെ ജന്മമാസമാണ് ഫെബ്രുവരിയെന്നത് കൂടിയാകുമ്പോള്‍ പുതിയ കരിയറിന് സവിഷേശമായ ഒരു തിളക്കം കൂടിവന്നു ചേരുന്നുണ്ട് .

ഡോള്‍സിന്റെ പ്രമേയം കേട്ടപ്പോള്‍ ഇഷ്ടമായി. കൂടാതെ പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രം. രമ്യ എന്ന മെഡിക്കള്‍ സ്റ്റുഡന്റിന്റെ കഥാപാത്രമാണ് ശ്രുതിയുടേയത്. ഷലീല്‍ കല്ലൂരാണ് സംവിധായകന്‍. മാജിക്കല്‍ ജേണി ഓഫ് സെന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഡാന്‍സറും യുവ നടനുമായ ജോണ്‍ ആണ് നായകന്‍.
ഇന്ത്യന്‍ നേവിയിലെ റിയര്‍ അഡ്മിറല്‍ ജി. അശോക് കുമാറിന്റെ മകളായതുകൊണ്ട് അന്യസംസ്ഥാനങ്ങളിലായിരുന്നു കൂടുതല്‍ സമയം. അനിയത്തി സ്വാതിയും അമ്മ ഗീതയുമാണ് അടുത്ത കൂട്ടുകാര്‍. മുബൈ, ഡല്‍ഹി, സിംഗപ്പൂര്‍ ,യുഎസ്എ... ബാല്യകാലം സഞ്ചാരത്തിന്റെ നാളുകള്‍. ചെന്നൈയിലെ എസ്ആര്‍എം യുണിവേഴ്‌സിറ്റിയിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കുമ്പോഴാണ് മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഷൊര്‍ണൂരിലാണു ജനിച്ചത്. എന്നും സ്വപ്‌നങ്ങള്‍ക്ക് കൂട്ടായത് കുടംബമാണെന്നു പറയുന്നു ശ്രുതി. തന്റെ കോണ്‍ഫിഡന്‍സ് അച്ഛനാണെന്നാണ് ശ്രുതിയുടെ പക്ഷം. ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്തിട്ടില്ലെങ്കിലും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്ന് ശ്രുതി പറയുന്നു. റാംപിലെ താളങ്ങളില്‍ നിന്ന് അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് ചുവട്മാറ്റുമ്പോള്‍ അത് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസിലേയ്ക്ക് കൂടിയാകുമെന്ന് പ്രതീക്ഷിക്കാം....

PREVIOUS STORY