പ്രശാന്ത് അഥവാ ബൈജു


reporter

കള്ളു കുടിക്കുന്നവരുടെ ശല്യം പോലെത്തന്നെ അവരുടെ ചേഷ്ടകള്‍ തമാശകളായി മാറുന്നു, ചിലപ്പോഴെങ്കിലും. കള്ളുകുടിയന്മാരുടെ അത്തരം മാനറിസങ്ങളെ കോമാളിത്തരങ്ങളാക്കി ആക്ഷേപഹാസ്യം പൊലിപ്പിച്ച ഒരു കാലാകാരനുണ്ട് ആലപ്പുഴയില്‍ . പേര് പ്രശാന്ത്. അയ്യപ്പ ബൈജു എന്നു പറഞ്ഞാല്‍ പെട്ടെന്നു മനസിലാവും. എന്റെ നെഞ്ചു കണ്ടോടാ.... ആണ്‍പിള്ളേര് അടിച്ചു കൂമ്പു വാട്ടിയതാ.... എന്നു പറയാനുള്ള തന്റേടവും ലൈസന്‍സും പ്രശാന്ത് സ്വന്തമാക്കിയത് വേദികളിലെ പെര്‍ഫോമന്‍സിലൂടെയാണ്. പുന്നപ്ര പ്രശാന്ത് എന്ന അയ്യപ്പ ബൈജുവാണ് ഇത്തവണ യുകെ മലയാളം പത്രത്തിന്റെ അതിഥി. പ്രശാന്ത് എങ്ങനെയാണ് അയ്യപ്പ ബൈജുവായതെന്ന് പ്രശാന്ത് പറയട്ടെ...

പ്രീഡിഗ്രിയൊക്കെ കഴിഞ്ഞ് അല്‍പ്പസ്വല്‍പ്പം മിമിക്രിയും കലാപരിപാടികളുമൊക്കെയായി പ്രശാന്ത് എന്ന പുന്നപ്രക്കാരന്‍ കഴിഞ്ഞുകൂടുന്ന കാലം. ഹരിപ്പാടുള്ള ഒരു ചേട്ടനെക്കുറിച്ച് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ പ്രശാന്തിന് അദ്ദേഹത്തെക്കുറിച്ച് വല്ലാത്ത മതിപ്പുതോന്നി. തല്ലുകൊള്ളല്‍ ഹരമായെടുത്ത ഒരു ചേട്ടന്‍ . ആരുടെയെങ്കിലും കൈയില്‍ നിന്ന് ഒരടി വാങ്ങിയില്ലെങ്കില്‍ ചേട്ടന് ഉറക്കം വരില്ല. പ്രശാന്ത് ആ കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് പയ്യന്നൂരില്‍ ഒരു പ്രോഗ്രാമിനായി ക്ഷണം ലഭിച്ചത്. ആലപ്പുഴയില്‍ നിന്നു പയ്യന്നൂര്‍ക്കു കെ.എസ്.ആര്‍.ടി.സി ബസിലാണു യാത്ര. അങ്കമാലി സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ വഴിയോരത്ത് ഒരാള്‍ പൂസായി നിന്ന് പാട്ടുപാടുന്നതു കേട്ടു.

'വഴിയരികില്‍ പതികനായി കാത്തു നില്‍ക്കും ബൈജു
അടികിട്ടിയാല്‍ ഓടയ്ക്കുള്ളില്‍ കിടന്നുറങ്ങും ബൈജു
അയ്യപ്പ ബൈജു, അയ്യപ്പ ബൈജു '

ഇത്രയും മനോഹരമായി പെര്‍ഫോം ചെയ്യുന്ന ചേട്ടനെ മിസ് ചെയ്യുന്നതെങ്ങനെ. ഹരിപ്പാടുള്ള ചേട്ടന്റെ ക്യാരക്ടറിന് വഴിയരികിലെ കുടിയന്റെ പേരിട്ടു; ബൈജു. കുടിച്ചു ഫിറ്റായി ബൈജു പലരാജ്യങ്ങളിലെ സദസുകളില്‍ മിന്നിത്തിളങ്ങി. തലയിലൊരു കെട്ടും കൈയിലൊരു കവറുമായി സദസിലെ കാണികള്‍ക്കിടയില്‍ നിന്നു കയറി വരുന്ന ബൈജു ലോക മലയാളികള്‍ക്കിടയില്‍ പ്രശസ്തനാണ്.

കള്ളുകുടിച്ച് പൂസായി നടക്കുന്നവരുടെ ചില ചേഷ്ടകളില്‍ നിന്നാണ് പ്രശാന്ത് ബൈജുവിനെ രസികനാക്കുന്നത്.
ആടിയുള്ള നടത്തം, ഇടയ്ക്കു നീട്ടിയൊരു തുപ്പ്, നെഞ്ചത്തൊരടി, ഒച്ചവെച്ചുള്ള സംസാരം ഇതൊക്കെ പൊതുവേയുള്ള കുടിയന്മാരുടെ രീതികള്‍ . ബൈജു ഇവരില്‍ നിന്നു വ്യത്യസ്തനാവുന്നത് എക്‌സ്‌ക്ലൂസീവ് നമ്പറുകള്‍ ഇറക്കിക്കൊണ്ടാണ്. ഏതു ഗൗരവക്കാരനേയും ചിരിപ്പിക്കാന്‍ ശേഷിയുള്ള അത്തരത്തിലുള്ള ഫ്രണ്ട്‌ലി നമ്പറുകളാണ് ബൈജുവിന്റെ പ്ലസ് പോയിന്റെന്നു പ്രശാന്ത് പറയുന്നു.
ബൈജു ഫുള്‍ ഫോമില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നു. ബസിനുള്ളിലെഴുതിവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ഓരോന്നായി വായിക്കുകയാണ്.

കൈയും തലയും പുറത്തിടരുത്.
ബസിനുള്ളില്‍ പുകവലി പാടില്ല.
സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കരുത്..
ഇത്രയും നിര്‍ദേശങ്ങള്‍ വായിച്ചശേഷം കണ്ടക്ടറോടു ബൈജുവിന്റെ കമന്റ്,
'ചൂടുവെള്ളത്തില്‍ കുളിക്കാമോ.'
സ്വബോധത്തോടെ നടക്കുന്ന ഒരാള്‍ക്കു പറയാന്‍ കഴിയാത്ത പലസത്യങ്ങളും കള്ളുകുടിയന്മാര്‍ക്കു പറയാനാവുമെന്ന് പ്രശാന്ത് ബൈജുവിലൂടെ തെളിയിച്ചു.

സ്യൂട്ടും കോട്ടുമിട്ടു ബസിലിരുന്ന് ഇംഗ്ലീഷ് പത്രം വായിക്കുന്ന ഒരാള്‍ ബൈജുവിന്റെ കസര്‍ത്തുകണ്ട് പറഞ്ഞു:
'മാന്യമായിട്ടു യാത്രചെയ്യാന്‍ സമ്മിതിക്കില്ലേ? ഡ്രിംഗ്‌സ് അടിച്ചിട്ടു ബഹളം വയ്ക്കുന്നു'
കമന്റ് കേട്ടപ്പോള്‍ ബൈജുവിന്റെ മറുപടി:
ന്റമ്മച്യേ! ആദ്യം വായിക്കുന്ന പത്രം നേരെ പിടിക്ക്. ഒരുപാട് ഡ്രിങ്കിക്കല്ലേ, ഞാന്‍ കൊറേ ഡ്രിങ്കീട്ടുള്ളതാ...
ബസില്‍ ജാഡയിലിരുന്ന് ഇംഗ്ലീഷ് പത്രം തലതിരിച്ചു പിടിച്ചു വായിച്ചിരുന്ന മാന്യനോട് ബൈജുവിന്റെ കണ്‍ക്ലൂഷന്‍ ചോദ്യം:
'നീയും മാന്യനോ !'

സ്വബോധമുള്ളവര്‍ പറയാന്‍ മടിക്കുന്ന പലതും കുടിയന്മാര്‍ പറയുന്നുവെന്നു കോമഡികളിലൂടെ പ്രശാന്ത് തെളിയിക്കുന്നു.
കുടിയന്മാരെക്കാള്‍ നന്നായി കുടിയനായി പെര്‍ഫോം ചെയ്യുന്ന പ്രശാന്ത് കള്ളുകുടിച്ചാല്‍ ബൈജുവാകാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു:
'വല്ലപ്പോഴും രണ്ടെണ്ണം അടിച്ചാല്‍ പിന്നെ എനിക്ക് ഒന്നും മിണ്ടാനാവില്ല, സൈലന്റ് ആവും.'

ആലപ്പുഴജില്ലയിലെ പുന്നപ്ര സ്വദേശിയായ പ്രശാന്തിന്റെ യാഥാര്‍ത്ഥപേര് ഇന്ന് മലയാളികള്‍ക്ക് അറിയില്ല എന്ന് വേണം പറയാന്‍ . പൊതുവെ ബൈജു എന്ന് പറയുമ്പോഴേ തന്നെ അറിയുകയുള്ളൂ എന്നാണ് പ്രശാന്ത് പറയുന്നത്.

സംഘകല എന്ന യുവജന സംഖ്യത്തിലൂടെ സ്‌റ്റേജ് പ്രോഗ്രാമുകളിലേക്ക് രംഗപ്രവേശനം ചെയ്ത പ്രശാന്ത് ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് ലോകത്തെമ്പാടുമുള്ള മലയാളികളുടെ മുമ്പില്‍ താരമായത്. കൊച്ചിന്‍ ഗിന്നസ്, കൊച്ചിന്‍ ഹരിശ്രീ , കലാഭവന്‍ , സെവന്‍ ആര്‍ട്‌സ് തുടങ്ങി നിരവധി ട്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതോടെ പേരുമാത്രമല്ല, അഭിനയപ്രതിഭയുമാണ് പ്രശാന്തെന്ന് വേദികള്‍ അംഗീകരിച്ചു. ഇന്ന് പ്രശാന്തിന് സ്വന്തമായി ഒരു ട്രൂപ്പുണ്ട്. മിറര്‍ എന്ന് പേരിട്ടിരിക്കുന്ന ട്രൂപ്പ് തമാശകളും മിമിക്രിയുമായി കേരളത്തിലെ വേദികള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു. പ്രവാസികള്‍ക്ക് അറിയില്ലേ പുന്നപ്ര ബൈജുവിനെ...?

കാണികള്‍ക്കിടയില്‍ നിന്ന് വേദിയിലേക്ക് കയറി വരുന്ന കള്ളുകുടിയന്‍ എത്രതവണ വന്നുപോയിരിക്കുന്നു യുകെയിലെ വേദികളില്‍ . ബസ് കണ്ടക്റ്ററോടു വഴക്കുകൂടിയതും വഴിയരികില്‍ ഫിറ്റായി ഇരുന്ന് പാട്ടുപാടിയതുമൊക്കെ ഈ ബൈജുവായിരുന്നു.

പുതിയ ടീം....
കോട്ടയം മനോജ്, സോണി ചങ്ങനാശ്ശേരി, അജിത്ത് കോഴിക്കോട്, മനു തൊടുപുഴ എന്നിവരെ പങ്കെടുപ്പിച്ച് കോമിക് മേറ്റ്‌സ് എന്ന പേരിലാണ് പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ ട്രൂപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രശാന്ത് നായകനായി ഒരു സിനിമയിറങ്ങി. രാജേഷ് ബാലചന്ദ്രന്‍ ഒരുക്കിയ ഞാന്‍ സഞ്ചാരി എന്ന ചിത്രമാണത് അത്. ഫ്രീഡം, റെയിന്‍ റെയിന്‍ കം എഗൈന്‍ , ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്, മൂന്നു പെണ്ണുങ്ങള്‍ എന്നീ ചിത്രങ്ങളിലും പ്രശാന്ത് അഭിനയിച്ചു. രത്തന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന എന്‍ പേര്‍ കുമാരസ്വാമി എന്ന തമിഴ്ചിത്രത്തിലും പ്രശാന്ത് അഭിനയിച്ചു.

ആലപ്പുഴയിലെ പുന്നപ്രയിലാണ് പ്രശാന്തിന്റെ വീട്. അമ്മ സരള, ഭാര്യ ആശ. ഇരുവരും പ്രശാന്തിന് നല്ല പിന്‍തുണയാണ് നല്‍കുന്നത്. രണ്ട് കുട്ടികളാണ് പ്രശാന്തിന്, മാണിക് ഷാന്ത്, മേനക് ഷാന്ത്.

PREVIOUS STORY