എന്നു സ്വന്തം സനൂഷ ...


suchithra

പ്‌ലസ് ടു പരീക്ഷയുടെ ടെന്‍ഷനിലാണ് സനുഷ. തല്‍ക്കാലം സിനിമാ തിരക്കുകള്‍ക്കൊരു ഇന്റര്‍വെല്‍ . പ്ലസ് ടുവിനു കൊമേഴ്‌സ് വിഷയമാണ് . ഗൗരവത്തോടെയെടുത്തില്ലെങ്കില്‍ പഠനത്തിന്റെ കണക്കുകള്‍ തെറ്റും. ഡിഗ്രിയെടുക്കണം. നല്ലൊരു ജോലി വേണം.... അങ്ങനെ സ്വപ്‌നങ്ങളേറെയുണ്ട് സനൂഷയ്ക്ക് . പരീക്ഷ കഴിഞ്ഞിട്ടു തമിഴിലെ യുവ നടന്‍ കാര്‍ത്തിയുമായുള്ള ചിത്രം ചെയ്യാനുള്ള ത്രില്ലിലാണ് മലയാളത്തിന്റെ ഈ പുതുനായിക.

വയല്‍വരമ്പിലൂടെ അനിയനുമൊത്ത് മഴ നനഞ്ഞു നടക്കുന്ന 'കാഴ്ച'യാണ് സനുഷ എന്ന പേരു കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുക. ആ കാലമൊക്കെക്കഴിഞ്ഞു. മലയാള സിനിമയില്‍ ഇപ്പോള്‍ നായികയാണ് സനൂഷ. ദിലീപിന്റെ നായികയായി മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലൂടെ മലയാളത്തിന്റെ പ്രിയതാരമാകാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം .ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ടില്ല. ബാലതാരമായി വന്ന് നായകയാകുന്നതുവരെയുള്ള ദൂരം ചെറുതല്ല. അതേക്കുറിച്ചെല്ലാം പറഞ്ഞു തുടങ്ങുന്നു സനൂഷ.

ആറാമത്തെ വയസിലാണ് സിനിമയിലെത്തുന്നത് . ദാദാ സാഹിബ് എന്ന ചിത്രത്തിലായിരുന്നു തുടക്കം. ഡാന്‍സിലും പാട്ടിലുമെല്ലാം മിടുക്കിയായതോടെ സിനിയിലേക്ക് അവസരം. കാഴ്ച എന്ന ബ്ലസി ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. നാളെ നമതേ എന്ന തമിഴ് സിനിമയില്‍ നായിക വേഷത്തോടെ ബാലതാരമെന്ന ഇമേജ് മാറി. ചോട്ടാ മുംബൈയ്ക്കു ശേഷം മലയാള സിനിമയില്‍ ചെറിയൊരു ഇടവേളയുണ്ടായെങ്കിലും മിസ്റ്റര്‍ മരുമകനിലൂടെ നല്ലൊരു തിരിച്ചു വരവുണ്ടായിരിക്കുന്നു. തമിഴില്‍ അഞ്ച് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികാ പദവി അലങ്കരിച്ചശേഷമാണ് മലയാളത്തിലേക്കുള്ള തിരിച്ചു വരവ് .

ആദ്യം ബാലതാരം പിന്നെ നായിക. ഭാഗ്യമല്ലേ ഇതൊക്കെ?

ആദ്യം നായികയായി അഭിനയിച്ചത് തമിഴിലാണ് . എന്റെ അതേ പ്രായത്തിലുള്ള കഥാപാത്രമായതുകൊണ്ട് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ബാലതാരമായപ്പോള്‍ മുതല്‍ ക്യാമറയെ അറിയാവുന്നതുകൊണ്ട് പ്രശ്‌നങ്ങളുണ്ടായില്ല. ഒരു തരത്തില്‍ എല്ലാം ഭാഗ്യം തന്നെ.

നായികയായി മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍ . കഥാപാത്രത്തെക്കുറിച്ച്....

രാജലക്ഷ്മി എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോള്‍ഡ് ആയ തന്റേടിയായ പെണ്‍കുട്ടി. വിദേശത്തു പഠിച്ച് , തിരികെ നാട്ടില്‍വന്ന് അമ്മയെ ബിസിനസില്‍ സഹായിക്കുന്ന കുട്ടി. അഹങ്കാരിയാണ് . അല്‍പ്പം കുസൃതിയും കുറുമ്പുമൊക്കെയുള്ള എന്റെ സ്വഭാവത്തിനൊത്ത ക്യാരക്റ്റര്‍ . അതുകൊണ്ട് തന്നെ കാര്യമായി അഭിനയിക്കേണ്ടി വന്നില്ല. ഈ ചിത്രത്തില്‍ മറ്റൊരു പ്രത്യേകതയും ഉണ്ട് . മീശമാധവനില്‍ ദിലീപിന്റെ ബാല്യകാലകഥാപാത്രത്തില്‍ ഞാനായിരുന്നു നായിക. ഈ സിനിമയില്‍ ഞാന്‍ ഹീറോയ്ന്‍ . അതൊരു വലിയ ഭാഗ്യമായിട്ട് കാണുന്നു. ഖുശ്ബു, ഷീല തുടങ്ങിയ താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതും വലിയ നേട്ടം തന്നെ.

അന്യഭാഷാചിത്രങ്ങള്‍ ഏതൊക്കെയാണ് ..?


തെലുങ്കില്‍ ബങ്കാരം എന്ന ചിത്രത്തില്‍ ബാലതാരമായിരുന്നു. പിന്നീട് അഞ്ചോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. റെനിഗുണ്ട എന്ന ചിത്രം നല്ല ഹിറ്റായി. നല്ല റോളുകളാണ് എനിയ്ക്കു കിട്ടിയതെല്ലാം .

എന്തൊക്കെയാണ് ഒരു നായികയെ സഹായിക്കുന്ന ഘടകങ്ങള്‍....?

അച്ഛന്‍ സന്തോഷ്, അമ്മ ഉഷ. അവരാണ് എന്റെ എല്ലാ സഹായം. അച്ഛന്റേം അമ്മേടേം പേര് ചേര്‍ത്താണ് സനുഷ എന്ന് ഇട്ടത്, ഒരു അനിയന്‍. രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സനൂപും (ഉണ്ണി ) ഒരു തമിഴ് ചിത്രത്തില്‍ എന്നോടൊപ്പം അഭിനയിച്ചു .ഞങ്ങള്‍ രണ്ടു പേര്‍ക്കും അച്ഛനും അമ്മയും എല്ലാ സപ്പോര്‍ട്ടും നല്‍കുന്നുണ്ട് . പിന്നെ എന്റെ അധ്യാപകരും നല്ല പിന്തുണയാണ് തരുന്നത് . കണ്ണൂരില്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത് . എല്ലാവരും ഒപ്പമില്ലാതിരുന്നെങ്കില്‍ ഇത്രയും ചിത്രങ്ങള്‍ അഭിനയിക്കാന്‍ സാധിക്കില്ലായിരുന്നു .

കുട്ടിക്കാലം മുതല്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. ്രൈഡവിങ്ങ് ഇഷ്ടമാണ്. പാട്ടുപാടലാണ് മറ്റൊരു ക്രെയ്‌സ് .... സനൂഷ നയം വ്യക്തമാക്കി. പ്രവാസ ലോകത്തോളം വരുന്ന ദൂരം ഏറെയല്ല മലയാളത്തിന്റെ സ്വന്തം സനൂഷയ്ക്ക്. ദുബായില്‍ സ്‌റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട് . ഇനിയും ദൂരമേറെ സഞ്ചരിക്കാനുമുണ്ട് . പ്രവാസികളെക്കുറിച്ച് എന്താണു പറയാനുള്ളതെന്നു ചോദിച്ചാല്‍ ബന്ധങ്ങളുടെ അകലവും വിരഹത്തിന്റെ നൊമ്പരവുമാണ് സനൂഷയ്ക്ക് മനസിലെത്തുന്നത് ...

PREVIOUS STORY