ലണ്ടനിലെ പൂരങ്ങളുടെ മേനോന്‍, അഥവാ, ആനമേനോന്‍


reporter

ചെണ്ടപ്പുറത്തു കോലു വീണാല്‍ അവിടെയുണ്ട് അരവിന്ദാക്ഷ മേനോന്‍ . ഈ പേരു കേട്ടിട്ടു വലിയ പരിചയം തോന്നുന്നില്ലെങ്കില്‍ ഒന്നു ചുരുക്കി പറയാം, ആന മേനോന്‍ . ഇനിയും ആളെ മനസിലായിട്ടില്ലാത്തവരെ ഒരു പൂരപ്പറമ്പിലേക്കു ക്ഷണിക്കുകയാണ്. തൃശൂരില്‍ എവിടെ പൂരത്തിനു കൊടിയേറിയാലും മേനോന്‍ സ്ഥലത്തുണ്ടാവും. ആനമേനോനില്ലാതെ എന്തു പൂരം എന്ന ചോദ്യത്തോളം ഈ മനുഷ്യനെ പ്രശസ്തനാക്കിയത് ആനക്കമ്പമാണ്. കുറച്ചുകൂടി വലിയ അര്‍ഥത്തില്‍ പറഞ്ഞാല്‍ പൂരക്കമ്പമാണ്. വടക്കാഞ്ചേരിയിലൊരു പൂരമുണ്ടെങ്കിലും ലണ്ടനിലൊരു ഉത്സവമുണ്ടാക്കിയാലും ആനമേനോന്‍ വേലയുടെ മുമ്പിലുണ്ടാകും. അടുത്തയാഴ്ച ഒരു പൂരം വേണം മേന് നേ.... ഈ വാക്കു പറഞ്ഞാല്‍ മതി. ആനയും അമ്പാരിയും ചെണ്ടയും ചേങ്ങിലയുമൊക്കെ മേനോന്‍ ശരിയാക്കും. അതുകൊണ്ടാണല്ലോ ലണ്ടനില്‍ പൂരമൊരുക്കിയപ്പോള്‍ അരവിന്ദാക്ഷ മേനോനെ മലയാളി അസോസിയേഷന്‍ ഇവിടെ കൊണ്ടു വന്നത്. ബ്രിട്ടനിലുള്ളവര്‍ക്കു സുപരിചിതനായ മേനോന്‍ ഇപ്പോള്‍ തൃശൂരില്‍ അയ്യന്തോളിലുള്ള വീട്ടിലുണ്ട്. എത്ര പറഞ്ഞാലും തീരാത്ത പൂരവിശേഷങ്ങളുള്ള മേനോന്റെ ജീവിതം പൂരംപോലെയാണ്. എപ്പോഴും കൊട്ടും മേളവുമൊക്കെത്തന്നെ....
എഴുപത്തിയഞ്ചാംവയസിലെത്തി നില്‍ക്കുമ്പോഴും ചെമ്പകശ്ശേരി അരവിന്ദാക്ഷ മേനോന്റെ ഓര്‍മ്മകള്‍ക്ക് ആനച്ചന്തമാണ്. ഒരു പൂരത്തിലേതുപോലെ വര്‍ണ്ണവിസ്മയങ്ങളുള്ള ഓര്‍മ്മകള്‍. ഈ ഓര്‍മ്മകളിലൂടെ കടന്നുവരുന്നവരാകട്ടെ പ്രിയപ്പെട്ട സംവിധായകന്‍ ഭരതന്‍മുതല്‍ പത്മശ്രീ പെപ്പിതാസേത്ത് വരെ. പൂരങ്ങള്‍ മാത്രമല്ല തൃശ്ശൂര്‍ അയ്യന്തോളിലെ മാതൃഹൃദയം എന്ന വീട്. കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് മലയാളത്തിന്റെ അറ്റുപോയിക്കൊണ്ടിരിക്കുന്ന കണ്ണികളിലേയ്ക്കുള്ള അനുബന്ധംകൂടിയാണ്. ബ്രിട്ടനില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ആരെങ്കിലും കേരളത്തിലെത്തിയാല്‍ ആദ്യം ചോദിക്കും, വേര്‍ ഇസ് സി എ മേനോന്‍സ് റെസിഡന്‍സ്...?
ഡു യു മീന്‍ ആന മേനോന്‍ ....? ആ ചോദ്യം കേട്ടാല്‍ യാ... യാ... ഇതായിരിക്കും ഇംഗ്ലീഷുകാരുടെ മറുപടി. വിദേശികള്‍ക്കും ഈ മനുഷ്യന്‍ ആനമേനോനാണ്. ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നതിനു പിന്നിലൊരു കഥയുണ്ട്. കൊട്ടും മേളവും കുടമാറ്റവുമൊക്കെയുള്ള ഒരു പൂരക്കഥ.
പൂരം കാണാന്‍പോയി ആനയുമായി മടങ്ങിയെത്തിയ' പഹയന്‍ '. അങ്ങനെ പറയാറുണ്ട് മേനോന്റെ കൂട്ടുകാര്‍. പൂരം കാണുക മാത്രമല്ല ലണ്ടന്‍ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ പൂരമൊരുക്കി പെരുമ വിളിച്ചറിയിച്ച തലയെടുപ്പുണ്ട് മേനോന് . നെതര്‍ലാന്‍ഡ്്‌സിലെ മുണ്ട്യാല്‍ വസന്തോത്സവം, മോസികോയിലെ ഭാരതോത്സവം , സിംഗപ്പൂരില്‍ സംഘടിപ്പിച്ച കേരളോത്സവം , ലണ്ടന്‍ നഗരത്തില്‍ സൗത്ത് ഇന്ത്യന്‍ ഗ്രൂപ്പ് ഓഫ് റസ്‌റ്റോറന്റ് ചെയിന്‍ കേരള ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സിന്റെ ക്ഷണപ്രകാരം തെംസ് ഫെസ്റ്റിവലിലും മേനോന്‍ പൂരപ്പെരുമയുമായി എത്തിയിട്ടുണ്ട്. തെംസ് ഫെസ്റ്റിവലില്‍ നാട്ടലങ്കാരങ്ങള്‍ ഒരുക്കി കേരളത്തിന്റെ മുഖഛായ സൃഷ്ടിയ്ക്കുകയായിരുന്നു മേനോന്‍ . ഫെസ്റ്റിവലില്‍ സംസ്ഥാനത്തെ പ്രതിനീധീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു.
ഏഷ്യാഡിന് ആനയെകൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന മേനോന് പൂരങ്ങള്‍ കുട്ടിക്കളിയല്ല. വെറുതെയങ്ങ് പൂരം കണ്ടുനടക്കുന്നയാളല്ലെന്നു ചുരുക്കം. കേരളത്തിന്റെ മൂക്കിലും മൂലയിലും എപ്പോള്‍ ഏതൊക്കെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്കു കൊടിയേറുമെന്ന് മേനോനറിയാം. അതിന്റെ ഐതിഹ്യവും ചിരിത്രവും സവിശേഷതയുമെല്ലാം വിദേശികള്‍ക്കു മുന്നില്‍ കഥയായി പറയുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക അംമ്പാസഡര്‍ കൂടിയാവുകയാണ് മേനോന്‍. മേനോന് യാത്രയിലെ വിസ്മയങ്ങള്‍ അപൂര്‍വതയാണ്. ഏറെ പണം മുടക്കി കേരളത്തിലെത്തുന്ന വിദേശികള്‍ കാഴ്ച്ചകളിലില്ലതെ മടങ്ങരുതെന്നാണ് മേനോന്റെ പക്ഷം. ഈ ഒരു ചിന്തയില്‍ നിന്നാണ് കേരളഫെസ്റ്റിവല്‍ മെസേജ് 20092013 എന്ന ഡയറക്ടറിക്കുവേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. കേരളത്തില്‍ 2013വരെ വരാനുള്ള പ്രധാന ഉത്സങ്ങളുടെ സമയം ക്രമവും സ്ഥലവും പത്തു വര്‍ഷത്തെ ശ്രമംകൊണ്ട് ചിട്ടപ്പെടുത്തി പുസ്തകരൂപത്തിലാക്കുകയായിരുന്നു ആനമേനോന്‍. 2500അധികം ഉത്സവങ്ങളുടെ വിവരങ്ങളുണ്ട് ഈ ഡയറക്ടറിയില്‍. ആഘോഷങ്ങളുടെ നെറുകയില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രം പൂര്‍ണമായും അറിയുന്നതിനും ആശ്രയം മേനോന്‍ തന്നെ. പാറേമക്കാവ് തുരുവമ്പാടി ദേവസ്വം പൂരം സുവിനീയര്‍ ഇറക്കുന്നുണ്ട്. എങ്കിലും തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രവും ഐതിഹ്യവും പറഞ്ഞു തരാന്‍ മേനോനോ കഴിയൂ. തൃശ്ശൂര്‍ പൂരം ദ അള്‍ട്ടിമേറ്റ് ഫെസ്റ്റിവല്‍ എന്ന പുസ്തകത്തില്‍ ഇതൊക്കെ എഴുതിവച്ചിട്ടുണ്ട്. മേളവും , കുടമാറ്റവുമെല്ലാം മേനോന്റെ മനസു നിറയ്ക്കുമെങ്കിലും വെടിക്കെട്ട് അത്ര പഥ്യമല്ല. വര്‍ണ്ണപൊലിമയേക്കാള്‍ ഇവിടെ ശബ്ദത്തിനോടാണ് പ്രിയമെന്ന് മോനോന്‍ പറയുന്നു. വിദേശികളിതിനെ ക്രിമിനല്‍ കുറ്റമായാണ് കാണുന്നതെന്നും മേനോന്‍ ഓര്‍മിപ്പിക്കുന്നു.
തൃശ്ശൂര്‍ പൂരം മേനോനും അഭിമാന നിമിഷങ്ങളാണ്. ഒന്നരപതിറ്റാണ്ട് പൂരത്തിന് പാറേമക്കാവിന്റെ തിടമ്പേറ്റിയ പരമേശ്വരന്‍ എന്ന ആനയെ കണ്ടെത്തി ക്ഷേത്രത്തിലെത്തിച്ചത് മേനോനാണ്.
ഗജോത്സവം കാണാന്‍പോയി ആനകളുമായി മടങ്ങിയ കഥയാണത്. 1979ല്‍ ബിഹാറിലെ സോണാപ്പൂരില്‍ ഗജോത്സവത്തിനു പോയ മേനോന്‍ മടങ്ങുമ്പോള്‍ കൂടെ നാലാനകളുമുണ്ടായിരുന്നു. അതിലെ ഒരാനയെ ഉത്രാളിക്കാവില്‍ നിര്‍ത്തി . കൃഷ്ണഗോപാലനെന്നു പേരിട്ടു. ലക്ഷണമൊത്ത ഗജവീരനെ പിന്നീട് പാറേക്കാവില്‍ നടയ്ക്കിരുത്തുകയായിരുന്നു. പാറേമക്കാവ് വിഭാഗത്തിന് തിടമ്പേറ്റാന്‍ സ്ഥിരമായി ആനയില്ലാതിരുന്ന സമയത്തായിരുന്നു ഈ കൊമ്പന്റെ വരവ്. തൃശ്ശൂര്‍ പൂരത്തിന് ഒന്നര പതിറ്റാണ്ട് തിടമ്പേറ്റി പാറേമക്കാവിന്റെ തലയെടുപ്പുകൂടിയായിരുന്നു പരമേശ്വരനായിരുന്നു അത്.

സുമാത്രയിലായിരുന്നു മേനോന്റെ ജനനം. വളര്‍ന്നത് തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയിലും. ഉത്രാളിക്കാവ് പൂരത്തിന്റെ ആവേശം കണ്ടുവളര്‍ന്ന അരവിന്ദാക്ഷന്‍ പൂരപ്രേമിയായത് സ്വാഭാവികം.എന്നാല്‍ ഈ കമ്പം കേരളത്തിന്റെ അനുഷ്ഠാന കലകളിലേയ്ക്കു കൂടി തിരിഞ്ഞു. തോല്‍പ്പാവക്കൂത്ത് പോലെ അന്യം നില്‍ക്കുന്ന കലകള്‍ കേരളത്തില്‍ എവിടെയെല്ലാം ഇപ്പോഴുമുണ്ടെന്ന് എണ്ണിയെണ്ണി പറയാനാകുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയാണ് മേനോന്‍. മുപ്പതുവര്‍ഷത്തോളും ഉത്രാളിക്കാവ് പൂരക്കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. പൂരാവേശത്തിനിടെ ഉണ്ടായ സൗഹൃദങ്ങളില്‍ സംവധായകരായ ഭരതനും അരവിന്ദനുംപോലെ പ്രമുഖര്‍.... ഇവരുമായുള്ള ബന്ധം സ്വന്തമായി ഒരു ചലച്ചിത്രം നിര്‍മിക്കുന്നതിലേയ്ക്കും മേനോനെകൊണ്ടെത്തിച്ചു. ദ പാസേജ് ടു ഇന്ത്യ, റോമിയോ ആന്റ് ജൂലിയറ്റ് തുടങ്ങി അന്താരാഷ്ട്ര ശ്രദ്ധനേടിയ ചിത്രങ്ങളുടെ നിര്‍മാതാവ് റിച്ചാര്‍ഡ് ഗോഡ്‌വിന്‍, പത്മശ്രീ പെപ്പിത്താസേത്ത് , പോര്‍ച്ചുഗീസ് ഡോക്യുമെന്ററി സംവിധായകന്‍ കാര്‍ലോസ് എ . ബ്രാന്‍ഡോ ലൂക്കോസ് , ഇറ്റാലിയന്‍ ഡോക്യുമെന്ററി രംഗത്തെ പ്രമുഖരായ ക്രീമേഴ്‌സ് കുടുംബം, പൊന്തന്‍മാടയിലെ അഭിനേത്രിയും ഗവേഷകയുമായി ഹെയ്ദി ലീങ് സ്റ്റാഡിന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മേനോന്റെ അതിഥികളും സൃഹൃത്തുക്കളുമാണ്.
ഭാര്യ തങ്കമണിയോടെപ്പം അയ്യന്തോളിലെ മാതൃഹൃദയം എന്ന വീട്ടില്‍ ജീവിത സായാഹ്നത്തില്‍ നില്‍ക്കുമ്പോഴും പൂരമെന്ന് കേട്ടാല്‍ മേനോന്റെ ആവേശത്തിന് ഒട്ടും കുറവില്ല. മൂന്ന് മക്കളാണ് മേനോന്. മൂത്തമകന്‍ നാരായണ മേനോന്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ കായികവിഭാഗം അധ്യാപകനാണ്. ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഒരാളുമാണ് അദ്ദേഹം. മകള്‍ കല്ല്യാണിക്കുട്ടി. മൂന്നാമത്തെ മകന്‍ ശ്രീകുമാര്‍ മേനോന്‍ ദില്ലി നാഷ്ണല്‍ മ്യൂസിയത്തില്‍ കണ്‍സര്‍വേഷനിസ്റ്റാണ്.

PREVIOUS STORY