ബിസിനസിന്റെ ഫസ്റ്റ് ലേഡി

ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസുകാരിയെന്ന നേട്ടം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിക്ക്. ബിസിനസിന്റെ ഫസ്റ്റ് ലേഡി എന്നാണ് നിതയെ ഫോര്‍ബ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസുകാരിയെന്ന നേട്ടം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിക്ക്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട 50 പേരുടെ പട്ടികയിലാണ് നിത ഒന്നാമതെത്തിയത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് എട്ടു പേര്‍ ഇടംനേടിയിട്ടുണ്ട്. എസ്ബിഐ ചെയര്‍മാനും മാനെജിങ് ഡയറക്ടറുമായ അരുന്ധതി ഭട്ടാചാര്യയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
മുസിഗ്മ സിഇഒ അംബിക ധീരജ്(14ാം സ്ഥാനം), വെല്‍പ്‌സണ്‍ ഇന്ത്യ സിഇഒ ദിപാലി ഗോയങ്ക(16ാംസ്ഥാനം), ലുപിന്‍ സിഇഒ വിനിത ഗുപ്ത(18ാംസ്ഥാനം), ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചാന്ദ കൊച്ചാര്‍(22ാംസ്ഥാനം), വിഎല്‍സിസി ഹെല്‍ത്ത് കെയര്‍ സ്ഥാപകയും വൈസ് ചെയര്‍മാനുമായ വന്ദന ലുത്ര(26ാംസ്ഥാനം), ബയോകോണ്‍ സ്ഥാപകയും ചെയര്‍മാനും എംഡിയുമായ കിരണ്‍ മസുംദാര്‍ ഷാ(28ാംസ്ഥാനം) എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യക്കാര്‍.
ചൈന, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് നിതയും അരുന്ധതിയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യയാണ് 52കാരിയായ നിത.
ഇന്ത്യയില്‍ കോടീശ്വരന്മാരുടെ ഭാര്യമാര്‍ ഭര്‍ത്താവിന്റെ തണലില്‍ കഴിയുമ്പോള്‍ നിത വേറിട്ട് നില്‍ക്കുകയാണെന്ന് ഫോര്‍ബ്‌സ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ബിസിനസിന്റെ ഫസ്റ്റ് ലേഡി എന്നാണ് നിതയെ ഫോര്‍ബ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്.