അറേഞ്ച്ഡ് മാര്യേജ് പൊളിക്കാന്‍ പെണ്‍കുട്ടികളുടെ പാട്ട്

മദ്രാസ് ഐഐടിയിലെ മൂന്ന് മിടുക്കികള്‍ തയ്യാറാക്കിയ, യൂട്യൂബില്‍ തരംഗമായ സംഗീത വിഡിയോ ഹിറ്റായി. യാഥാസ്ഥിതിക മനോഭാവമുള്ള ഒരു അമ്മ തന്റെ മകനായി പെണ്‍കുട്ടിയെ അന്വേഷിക്കുമ്പോള്‍ പറയാറുള്ള കാര്യങ്ങളൊക്കെയെന്താണെന്ന് വിവരിക്കുകയാണ് ബീ ഔര്‍ പൊണ്ടാട്ടി എന്നു പേരിട്ട ഈ വി!ഡിയോയിലൂടെ.
എംബിഎ വിദ്യാഭ്യാസ യോഗ്യത, ആറടി ഉയരം, വെളുത്ത നിറം... ഈ ഗുണകണങ്ങളെല്ലാമുണ്ട് കഥാനായികയായ അമ്മയുടെ മകന്. അവന് കല്യാണം കഴിക്കുവാനൊരു പെണ്ണിനെ വേണം. അവള്‍ക്ക് ചില യോഗ്യതകളൊക്കെ അത്യാവശ്യമാണ്. അതിലൊരു മാറ്റവുമില്ല. അമ്മ പറയുകയാണ് അതെന്തെല്ലാമെന്ന്...
വൈവാഹിക പരസ്യങ്ങളിലെ വാചകങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. അറേഞ്ച്ഡ് മാര്യേജിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തകര്‍പ്പന്‍ വിഡിയോ. അസ്മിത ഘോഷ്, അനുകൃപ ഏലങ്കോ, കൃപാ വര്‍ഗീസ് എന്നിവരാണ് വിഡിയോയ്ക്ക് പിന്നില്‍.

സത്യത്തില്‍ എന്തെങ്കിലുമൊരു വിപ്ലവകരമായ കാര്യം ചെയ്‌തേക്കാമെന്നൊന്നും കരുതിയല്ല ഈ മൂവര്‍ സംഘം ഇത്തരത്തിലൊരു വിഡിയോയിലേക്കെത്തിയത്. ഒരു പാരഡി സോങ് മത്സരത്തിനയയ്ക്കുവാന്‍ തിരക്കിട്ട് തയ്യാറാക്കിയ വിഡിയോയാണിത്. പക്ഷേ യുട്യൂബില്‍ എത്തിയതോടെ സംഗതി തരംഗമാകുകയായിരുന്നു. കാര്‍ലി റേ ജെപ്‌സണിന്റെ സൂപ്പര്‍ ഹിറ്റ് ഗാനം കോള്‍ മീ മേബീയുടെ പാരഡിയാണിത്.